ഇന്‍ഡോര്‍: കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പൂതന പരാമര്‍ശത്തിന് പിന്നാലെ പെണ്‍കുട്ടികളെ അവഹേളിച്ച് മറ്റൊരു ബി.ജെ.പി നേതാവ് രംഗത്ത്. മുന്‍ ഇന്‍ഡോര്‍ മേയറും ബി.ജെ.പി നേതാവുമായ കൈലാഷ് വിജയ വര്‍ഗീയയാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
മോഡേണ്‍ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ ശൂര്‍പ്പണഖമാരെ പോലെയിരിക്കുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍ഡോറില്‍ നടന്ന ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് കൈലാഷിനെതിരെ ഉയരുന്നത്.
രാത്രിയില്‍ മദ്യപിച്ച് പുറത്തിറങ്ങുന്ന ചെറുപ്പക്കാരെ കാണുമ്പോള്‍ മുഖമടിച്ച് പൊളിക്കാന്‍ തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. വളര്‍ന്നുവരുന്ന യുവതീ യുവാക്കള്‍ക്ക് സംസ്‌കാരം പഠിപ്പിച്ച് കൊടുക്കണമെന്നും ഇന്നത്തെ തലമുറയില്‍ താന്‍ അസ്വസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
‘രാത്രിയില്‍ മദ്യപിച്ച് പുറത്തിറങ്ങി ആഘോഷിച്ച് നടക്കുന്ന ചെറുപ്പക്കാരെ ഞാന്‍ വഴിയില്‍ കാണാറുണ്ട്. സത്യം പറഞ്ഞാല്‍ വണ്ടിയില്‍ നിന്നിറങ്ങി മുഖത്തിനിട്ട് അഞ്ചാറടി വെച്ചുകൊടുക്കാനാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെയെങ്കിലും അവന്‍മാരുടെ ബോധമൊന്ന് തിരിച്ച് വരട്ടെ. ഞാന്‍ ദൈവത്തെ തൊട്ട് സത്യം ചെയ്യുന്നു ഇവന്‍മാരെയൊക്കെ ഇങ്ങനെ തന്നെ കൈകാര്യം ചെയ്യണം.
പെണ്‍കുട്ടികളുടെ കാര്യമാണെങ്കില്‍ പിന്നെ പറയണ്ട. എത്ര വൃത്തികെട്ട വസ്ത്രമാണവര്‍ ധരിക്കുന്നത്. നമ്മളൊക്കെ സ്ത്രീകളെ ദൈവമായി കാണുന്നവരാണ്. പക്ഷെ ഇപ്പോള്‍ അവരെ കാണുമ്പോ ശൂര്‍പ്പണകയായിട്ടാണ് തോന്നുന്നത്. എന്ത് നല്ല ശരീരമാണ് ദൈവം നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. കുറച്ചൊക്കെ നല്ല വസ്ത്രങ്ങള്‍ ധരിച്ചൂടെ.
BJP Leader Kailash Vijayvargiya Says ‘Badly’ Dressed Girls Look Like ‘Shurpanakha’
pic.twitter.com/C5GrnOCUmD— Ahmed Khabeer احمد خبیر (@AhmedKhabeer_) April 7, 2023
നമ്മുടെ മക്കളെ സംസ്‌കാരമാണ് പഠിപ്പിക്കേണ്ടത്. ഇന്‍ഡോര്‍ എല്ലാ കാര്യത്തിലും നമ്പര്‍ വണ്ണാണ്. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി യുവതീ യുവാക്കളുടെ പെരുമാറ്റ രീതിയില്‍ സംസ്‌കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത് എന്നെ അസ്വസ്ഥനാക്കുന്നുണ്ട്,’ ബി.ജെ.പി നേതാവ് വീഡിയോയില്‍ പറഞ്ഞു.
ഈയിടെ ബി.ജെ.പിയുടെ സ്ത്രീ ശാക്തീകരണ റാലിയില്‍ സുരേന്ദ്രനും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. സി.പി.ഐ.എമ്മിലെ സ്ത്രീകളെല്ലാം തന്നെ തടിച്ച് പൂതനയെപ്പോലെയായെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തൃശൂരില്‍ വെച്ച് നടന്ന ബി.ജെ.പി സമ്മേളനത്തിനിടെയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
Content Highlight: bjp leader comment against modern dressed women