കേരളത്തിലെ മുഖ്യപ്രതിപക്ഷം ബി.ജെ.പി; തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെന്നും അബ്ദുള്ളക്കുട്ടി
India
കേരളത്തിലെ മുഖ്യപ്രതിപക്ഷം ബി.ജെ.പി; തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെന്നും അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th October 2020, 12:56 pm

ന്യൂദല്‍ഹി: കേരളത്തില്‍ ബി.ജെ.പിയാണ് മുഖ്യപ്രതിപക്ഷമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബി.ജെ.പിക്കുണ്ടാകുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തിയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനായി ചുമതല ഏറ്റെടുത്തതിന് പിന്നാലെയായായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യയ മാര്‍ഗിലെ കേന്ദ്ര ഓഫീസില്‍ വെച്ച് ചൊവ്വാഴ്ചയാണ് അബ്ദുള്ളക്കുട്ടി ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അധ്യക്ഷനായിരുന്നു. എ.പി അബ്ദുള്ളക്കുട്ടിയടക്കം 12 പുതിയ ദേശീയ ഉപാധ്യക്ഷന്‍മാരാണ് ഇന്നലെ ചുമതലയേറ്റത്.

രമണ്‍ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹന്‍ സിങ്, ബൈജയന്ത് ജയ് പാണ്ഡെ, രഘുബര്‍ ദാസ്, മുകുള്‍ റോയ്, രേഖ വര്‍മ, അന്നപൂര്‍ണ ദേവി, ഭാരതി ബെന്‍ ഷിയാല്‍, ഡി.കെ അരുണ, ചുബ ആവോ എന്നിവരാണ് ചുമതലയേറ്റെടുത്ത ദേശീയ ഉപാധ്യക്ഷന്‍മര്‍.

പുതിയ ചുമലത നിര്‍വഹിച്ച് മുന്നോട്ട് പോകാന്‍ തനിക്ക് എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്നായിരുന്നു എ.പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചത്.

ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായും മറ്റ് നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെയും ദക്ഷിണേന്ത്യയില്‍ പൊതുവെയും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ ബി.ജെ.പി അനുകൂല നിലപാട് ഉണ്ടെന്നും കേരളത്തിലെ പൊരുതുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമാണ് തന്റെ സ്ഥാനലബ്ധിയെന്നുമായിരുന്നു അബ്ദുള്ളക്കുട്ടി പറഞ്ഞത്.

സി.പി.ഐ.എം വിട്ടാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ എത്തിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Leader AP Abdullakutty On Kerala BJP Election Victory