കോഴിക്കോട്: പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കേന്ദ്രം നിര്‍ദേശം നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഒരു ‘ഇഷ്യൂ’വും ഇല്ലെന്ന് പറഞ്ഞ് സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയില്‍ എല്ലാവരും സജീവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കുമെന്നുമായിരുന്നു സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വിളിച്ച ഭാരവാഹി യോഗത്തില്‍ പോലും ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തില്ല.
പാര്‍ട്ടിയില്‍ അവതരിപ്പിച്ച വിഷയത്തില്‍ തീരുമാനമുണ്ടാകാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് പാര്‍ട്ടിയിലെ അസംതൃപ്തര്‍. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ കോര്‍ കമ്മിറ്റി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതിലും ബി.ജെ.പിയില്‍ അതൃപ്തിയുണ്ട്.
സാധാരണ പാര്‍ട്ടി ഭാരവാഹിയോഗത്തിനു മുമ്പ് കോര്‍ കമ്മിറ്റി ചേരുന്ന പതിവുണ്ട്. കൊവിഡ് കാലത്ത് പോലും കൊച്ചിയിലും തിരുവനന്തപുരത്തും കോര്‍ കമ്മിറ്റി യോഗങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വേണ്ടെന്ന് വെച്ചത് മുതിര്‍ന്ന നേതാക്കള്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് തടയാനാണെന്നാണ് പാര്‍ട്ടിയുള്ള ചിലര്‍ പറയുന്നത്.
സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ വിളിച്ച് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നുമായിരുന്നു കേന്ദ്രനേതൃത്വം സുരേന്ദ്രനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ സംസ്ഥാന നേതൃത്വം ഒരു യോഗം വിളിക്കാനോ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്തതാണ് നേതാക്കളെ ചൊടിപ്പിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേഖലാ തലത്തില്‍ വിപുലമായി യോഗങ്ങള്‍ വിളിച്ചിട്ടുണ്ടെന്നിരിക്കെ ഭാരവാഹി യോഗം ഓണ്‍ലൈനാക്കിയത് പ്രശ്‌നം ചര്‍ച്ച ചെയ്യാനുള്ള അവസരം ഒഴിവാക്കാനാണെന്നും ഇവര്‍ പറയുന്നു. ഇതുകൊണ്ട് തന്നെ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ഇന്നലെയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ തുറന്ന പ്രതികരണവുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രനെ ബി.ജെ.പിയില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കാമെന്ന മോഹം നടക്കില്ലെന്നും ശോഭ സി.പി.ഐ.എമ്മിലേക്ക് പോകുന്നെന്ന പ്രചരണം മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഒരു വാര്‍ഡിലും വിമത ശല്യം ഉണ്ടാവില്ലെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക