ന്യൂദല്‍ഹി: ഖത്തര്‍ ലോകകപ്പിന്റെ അവസാന നിമിഷങ്ങളിലേക്കാണ് ഇനി കായികലോകം ഉറ്റുനോക്കുന്നത്. ഇനിയുള്ള നാല് വര്‍ഷത്തേക്ക് ഫുട്ബോളിലെ രാജാക്കന്‍മാര്‍ ആരായിരിക്കും എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അര്‍ജന്റീനയും ഫ്രാന്‍സുമാണ് ഫൈനലില്‍ ടിക്കറ്റ് ഉറപ്പിച്ചത്.
ഇതോടെ ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഇതില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയുടെ ഒരു ട്വീറ്റും അതിന് ലഭിച്ച മറുപടിയുമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
അര്‍ജന്റീന ലോകകപ്പ് വിജയിക്കാന്‍ പോകുന്നുവെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് അര്‍ജന്‍റീന ജയിക്കുന്നതിന്‍റെ എഡിറ്റഡ് വീഡിയോ അപ്‌ലോഡ് ചെയ്യാമല്ലോ എന്നാണ് ഇതിന് നരുന്ദര്‍ എന്ന പ്രൊഫൈല്‍ മറുപടി നല്‍കിയത്.
വ്യാജ പ്രചരണങ്ങള്‍ നടത്തിയതിന് നേരത്തെ ആരോപണവിധേയമായ ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്ക് കിട്ടാവുന്ന ഏറ്റവും നല്ല മറുപടിയാണിതെന്നാണ് ഈ കമന്റിന് ആളുകള്‍ മറുപടി പറയുന്നത്.
അതേസമയം, ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയേയും രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കയേയുമാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനമാണിത്. മെസിയുടെ അര്‍ജന്റീനയാകട്ടെ 2014 ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും അവസാന നിമിഷം ജര്‍മനിയോട് തോറ്റിരുന്നു.
ഇറ്റലിക്കും ബ്രസീലിനും ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ഖ്യാതി തേടി ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ മറഡോണക്ക് ശേഷം അര്‍ജന്റീനയെ കിരീടം ചൂടിക്കാനാണ് മെസിയും സംഘവും ഇറങ്ങുന്നത്.
ഡിസംബര്‍ 18ന് രാത്രി ഇന്ത്യന്‍ സമയം 8.30നാണ് ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഫ്രാന്‍സും അര്‍ജന്റീനയും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ഏറെ ആവേശത്തോടെയാണ് അര്‍ജന്റീന ഈ മത്സരത്തിനിറങ്ങുന്നത്.