ശ്രീനഗര്‍: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീരിനെ ബി.ജെ.പി വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് മെഹ്ബൂബ ആരോപിച്ചു. ജനങ്ങളെ മതത്തിന്റെ പേരില്‍ ബി.ജെ.പി ഭിന്നിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.
‘ജമ്മു കശ്മീര്‍ പുറത്തുനിന്നുള്ള ആളുകള്‍ക്കായി സര്‍ക്കാര്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ്. ഞങ്ങളെ പാപ്പരാക്കി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ ആശ്രയിക്കുന്ന അവസ്ഥയിലെത്തിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു,’ മെഹ്ബൂബ മുഫ്തി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യയിലുള്ളതെല്ലാം ബി.ജെ.പി സര്‍ക്കാര്‍ കുത്തക മുതലാളികള്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു.
‘ വിഭജിച്ച് ഭരിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന ലബോറട്ടറിയാണ് ബി.ജെ.പിക്ക് ജമ്മു കശ്മീരെന്നും പിന്നീട് ആ നയം മറ്റ് സംസ്ഥാനങ്ങളില്‍ പ്രയോഗിക്കുമെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.
പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവരെ ദേശവിരുദ്ധരെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. ഒരു സര്‍ദാര്‍ ജി ഖാലിസ്ഥാനിയാകുന്നു, അവര്‍ ഞങ്ങളെ പാകിസ്ഥാനികളാക്കുന്നു. ബി.ജെ.പിക്കാര്‍ അവരെ മാത്രമേ ഹിന്ദുസ്ഥാനികള്‍ എന്നുവിളിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമാകുമെന്നും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സഭ സ്ഥാനപതി മിഷേല്‍ ബേഷ്‌ലെറ്റ് വ്യക്തമാക്കിയിരുന്നു.