ആലപ്പുഴ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നാല് കൊല്ലം മുമ്പ് ചൈനീസ് പാര്‍ട്ടിയുടെ അംഗസഖ്യ മറികടന്നുകൊണ്ടാണ് ഈ നേട്ടം പാര്‍ട്ടി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അടൂര്‍ മണ്ഡലം ഏഴംകുളം ഏരിയ ബൂത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. 500 കൊല്ലം കഴിഞ്ഞാലും രാജ്യം ഭരിക്കുന്നത് ബി.ജെ.പിയായിരിക്കും എന്നതില്‍ സംശയമുണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ്- സോഷ്യലിറ്റ് ആശയങ്ങളായിരുന്നു രാജ്യത്തെ നയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന് ശേഷമുള്ള പഞ്ചവത്സര പദ്ധതികളില്‍ റഷ്യയുടെ ആശയങ്ങള്‍ കടമെടുത്തത്. അന്ന് ദീനദയാല്‍ ഉപാദ്ധ്യായ പറഞ്ഞതാണ് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഈ നാടിനെ നയിക്കാന്‍ കഴിയില്ല എന്നത്. അത് അക്ഷരംപ്രതി ശരിയായതുകൊണ്ടാണ് രാജ്യം കടക്കെണിയിലായതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ 100 കോടിജനങ്ങള്‍ക്കും വാക്‌സിന്‍ കൊടുക്കുന്നതോടൊപ്പം വാക്‌സിന് കയറ്റുമതി ചെയ്ത ഭരണാധികാരി നരന്ദ്രമോദി മാത്രമാണ്. യു.പിയില്‍ ബി.ജെ.പി തോറ്റാല്‍ കേരളമാകുമെന്ന് യോഗി പറഞ്ഞത് കേരളത്തിലെ മതഭീകരവാദികളെ ചൂണ്ടിക്കാണിച്ചാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കൊവിഡ് രോഗികളെ അധിക്ഷേപിച്ച് കെ. സുരേന്ദ്രന്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.
കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര്‍ ചത്തുവെന്നുമാണ് സുരേന്ദ്രന്‍ ചോദിച്ചത്.