ദിസ്പുര്‍: അസമില്‍ സമ്പൂര്‍ണമായി ബീഫ് നിരോധിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചാണ് തീരുമാനം.
സംസ്ഥാന മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ബീഫ് ഉപഭോഗം സംബന്ധിച്ച നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനാണ് യോഗത്തിൽ തീരുമാനമായത്.
നിലവിലുള്ള നിയമം ശക്തമാണെന്നും എന്നാല്‍ ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണെന്നും ഹിമന്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നേരത്തെ സമ്പൂര്‍ണ ബീഫ് നിരോധന ആലോചനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ക്ഷേത്രങ്ങള്‍ക്ക് സമീപം അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ബീഫ് കഴിക്കുന്നത് നിര്‍ത്താന്‍ തീരുമാനിച്ചതായും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചിരുന്നു.
2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദു, ജൈന, സിഖ് എന്നീ മതങ്ങളുടെ പുണ്യ സ്ഥലങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സമീപത്തായി പശുക്കളെ കശാപ്പുചെയ്യുന്നതും ബീഫ് വില്‍ക്കുന്നതും നിരോധിക്കപ്പെട്ടിരുന്നു.
നിയമം ലംഘിച്ചാല്‍ മൂന്ന് മുതല്‍ എട്ട് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ബീഫ് നിരോധനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യണമെന്നും അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും അസം മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു.