കാശി: ഉത്തരാഖണ്ഡില്‍ ബി.ജെ.പി. മുഖ്യമന്ത്രിമാര്‍ ‘വാഴാത്തതിന്’ പിന്നില്‍ ക്ഷേത്രപുരോഹിതന്‍മാരുടെ ശാപമെന്ന് ഗംഗോത്രി മന്ദിര്‍ സമിതി. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അധികാരം കൈയാളാന്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത് പുരോഹിതരുടെ എതിര്‍പ്പ് മറികടന്നാണെന്ന് ക്ഷേത്ര പരിപാലന സമിതികള്‍ പറയുന്നു.
ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം ബി.ജെ.പിയ്ക്ക് അധികാരത്തിലെത്താനാവില്ലെന്ന് ക്ഷേത്ര സമിതി ജോയിന്റ് സെക്രട്ടറി രാജേഷ് സെംവാള്‍ പറഞ്ഞു. ബോര്‍ഡ് രൂപീകരണം പുരോഹിതന്‍മാരുടെ അധികാരത്തെ നശിപ്പിക്കുന്നതാണെന്നാണ് ഇവര്‍ പറയുന്നത്.
ഉത്തരാഖണ്ഡിലെ 51 പ്രധാന ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന് കീഴിലാക്കുന്നത്. നാലര വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് സംസ്ഥാനത്ത് ബി.ജെ.പി. നിയമിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പുഷ്‌കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. നാല് മാസം മുഖ്യമന്ത്രിയായിരുന്ന ടിരത് സിംഗ് റാവത്ത് രാജിവച്ച ഒഴിവിലാണു ധാമി മുഖ്യമന്ത്രിയാകുന്നത്.