'മാച്ച് ഫിക്‌സര്‍' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബി.ജെ.പി
national news
'മാച്ച് ഫിക്‌സര്‍' പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 5:56 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബി.ജെ.പി. രാഹുലിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഞായറാഴ്ച നടന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിക്കറ്റിലെ മാച്ച് ഫിക്‌സറിന് സമാനമാണെന്ന രാഹുലിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പരാതി.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിക്കുന്നത്. രാഹുലിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും അത് രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഹര്‍ദീപ് സിങ് പുരി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ക്രിക്കറ്റിലുണ്ടായ ഒത്തുകളി പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനെ മാറ്റിമറിച്ചെന്ന് രാഹുല്‍ ഗാന്ധി മഹാറാലിയില്‍ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിലെ എല്ലാ കാര്യങ്ങളും മോദിയുടെ നിയന്ത്രണത്തിലാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. മാച്ച് ഫിക്സിങ് പോലെയാണ് രാജ്യത്തെ നടപടികളെല്ലാം മോദി നടത്തുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

രാജ്യത്തെ ഒരുപിടി ശതകോടീശ്വരന്മാരുടെ സഹായത്താലാണ് മോദി ഇതെല്ലാം ചെയ്യുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത് വോട്ടിന്റെ തെരഞ്ഞെടുപ്പല്ലെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ പണമെല്ലാം നാലഞ്ച് പേര് കൈവശം വെച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: BJP filed a complaint against Rahul Gandhi in the Election Commission