'സര്‍ജിക്കല്‍ സ്‌ട്രൈക്ക് സ്വന്തം നേട്ടമാക്കിയവര്‍ക്ക് അയോധ്യ വിധി മുതലെടുക്കാനാണോ ബുദ്ധിമുട്ട്'; ബി.ജെ.പിയെ കൊട്ടി വീണ്ടും ശിവസേന
India
'സര്‍ജിക്കല്‍ സ്‌ട്രൈക്ക് സ്വന്തം നേട്ടമാക്കിയവര്‍ക്ക് അയോധ്യ വിധി മുതലെടുക്കാനാണോ ബുദ്ധിമുട്ട്'; ബി.ജെ.പിയെ കൊട്ടി വീണ്ടും ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 11:16 am

മുംബൈ: അയോധ്യവിധി സ്വന്തം നേട്ടമായി അവതരിപ്പിക്കാനുള്ള ബി.ജെ.പി നീക്കത്തെ പരിഹസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബി.ജെ.പിയുടെ നേട്ടമായി ഉയര്‍ത്തിക്കാണിച്ചവര്‍ക്ക് ഇതൊന്നും വലിയ കാര്യമല്ലെന്നായിരുന്നു സഞ്ജയ് റാവത്ത് പ്രതികരിച്ചത്.

അയോധ്യതര്‍ക്ക ഭൂമി കേസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിധി ഒരു പാര്‍ട്ടിയുടേയും വിജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു രാജ്യത്തിന്റെ വിജയമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേതല്ല. ആര്‍ക്കെങ്കിലും ഇത് സ്വന്തം വിജയമാക്കിയെടുത്ത് ആഘോഷിക്കണം എന്നുണ്ടെങ്കില്‍ അതാവാം. ഇത് തന്നയൊണ് അവര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ സമയത്തും ചെയ്തത്. – റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി മുന്നോട്ടു വന്നില്ലെങ്കില്‍ ശിവസേന അതിന് തയ്യാറാകുമായിരുന്നെന്നും റാവത്ത് പറഞ്ഞു.

സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ശത്രുക്കളല്ല. ഞങ്ങളുടെ പ്രത്യയശാസ്ത്രം ചിലപ്പോള്‍ വ്യത്യസ്തമായിരിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ ശത്രുക്കളാണെന്നല്ല.

ചില വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരെ ഞങ്ങള്‍ ഇരുകൂട്ടരും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ ശത്രുക്കളാണെന്നല്ല അതിന്റെയൊന്നും അര്‍ത്ഥം. സംസ്ഥാനത്തിന് വേണ്ടി എല്ലാവരും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. – സഞ്ജയ് റാവത്ത് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേന നേതാവായ ഉദ്ധവ് താക്കറെ എം.എല്‍.എല്‍മാരെ ഹോട്ടലിലെത്തി സന്ദര്‍ശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടി എന്താണ് തീരുമാനിക്കാന്‍ പോകുന്നതെന്ന് അവര്‍ക്ക് അറിയണം. അതിന് വേണ്ടിയാണ് അവരെ കാണാന്‍ പാര്‍ട്ടി നേതാവ് തന്നെ നേരിട്ട് പോയത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ബി.ജെ.പി മടിക്കുന്നു. ഞങ്ങളുടെ നേതാക്കന്‍മാര്‍ ബിസിനസുകാരല്ല. ഞങ്ങള്‍ക്ക് ഒരു കച്ചവടവും അറിയുകയുമില്ല. രാഷ്ട്രീയത്തെ ബിസിനസായി കാണുന്നവരല്ല ഞങ്ങള്‍.

സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ ആദ്യം ക്ഷണിക്കണമെന്ന അതേ നിലപാടാണ് ശിവസേന സ്വീകരിച്ചത്. അവര്‍ക്ക് 105 എം.എല്‍.എമാരുണ്ട്. ബി.ജെ.പി ഇനിയും കാത്തിരിക്കേണ്ട ആവശ്യമൊന്നും ഇല്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട അംഗങ്ങള്‍ ഇല്ലാത്ത സമയത്തും അവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത് ചെയ്തിട്ടുണ്ട്. പക്ഷേ ഇവിടെ അവര്‍ക്കത് ചെയ്യാനാവുന്നില്ല- സഞ്ജയ് റാവത്ത് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ