എന്നാല്‍ ലൗ ജിഹാദിനെ നിയമപരമായി നേരിടണമെന്ന് ആവശ്യപ്പെടുന്ന ആദ്യത്തെ സംസ്ഥാനമല്ല കര്‍ണ്ണാടക. യു.പി, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് ശേഷം ലൗ ജിഹാദിനെ നിയമപരമായി നിരോധിക്കണമെന്നാവശ്യപ്പെടുന്ന നാലാമത്തെ സംസ്ഥാനമാണ് കര്‍ണ്ണാടക. ഈ നാല് സംസ്ഥാനങ്ങളില്‍ ഭരണത്തിലിരിക്കുന്നത് ബി.ജെ.പിയുമാണ്.
കോടതികള്‍ പോലും കൃത്യമായി നിര്‍വചിച്ചിട്ടില്ലാത്ത ഈ പദം എന്ന് മുതലാണ് രാജ്യത്തെ വലതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചരണായുധമായി മാറിയത്? 2009-10 കാലങ്ങളില്‍ കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്.
കേരളത്തില്‍ ലൗ ജിഹാദ് എപ്പോള്‍, എങ്ങനെ, എവിടെ നിന്ന് വന്നു?
സംഘപരിവാര്‍ നിര്‍മ്മിതിയെന്ന് അറിയപ്പെടുന്ന ലൗ ജിഹാദ് ചര്‍ച്ചകളുടെ ഉറവിടം കേരളവും കര്‍ണ്ണാടകയുമാണെന്ന് നേരത്തെ പറഞ്ഞല്ലോ. അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്ന സംഘടിത പ്രവര്‍ത്തനമാണ് ലൗ ജിഹാദ് എന്നായിരുന്നു ഇതോടനുബന്ധിച്ച് വന്ന ആദ്യ ആരോപണം.
2009ല്‍ ഒരു ഹിന്ദുത്വസംഘടനയുടെ ഓണ്‍ലൈന്‍ പേജിലാണ് കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന വാര്‍ത്ത ആദ്യമായി വരുന്നത്. പെണ്‍കുട്ടികളെ മതം മാറ്റാനായി പ്രത്യേകം പരിശീലനം ലഭിച്ച യുവാക്കള്‍ വട്ടമിട്ട് പറക്കുന്നുണ്ടെന്നും ആയിരകണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി പാക്കിസ്ഥാനിലെ ചുവന്ന തെരുവില്‍ വില്‍ക്കുന്നുണ്ട് എന്നുമൊക്കെയായിരുന്നു കഥകള്‍.
ഇത് ഏറ്റെടുത്ത മലയാള മാധ്യമങ്ങളും കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന രീതിയില്‍ കഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
മുസ്ലിം പുരുഷനും അമുസ്ലിം സ്ത്രീയും തമ്മിലുള്ള, മതപരിവര്‍ത്തനത്തിനു വേണ്ടി എന്നാരോപിക്കപ്പെടുന്ന, വിവാദപരമായ പ്രണയബന്ധങ്ങളെ സൂചിപ്പിക്കാനാണ് കേരളത്തിലെ മാധ്യമങ്ങള്‍ ‘ലൗ ജിഹാദ്’ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്.
തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണ്ണാടക പൊലീസ് വിശദമായി അന്വേഷിക്കുകയും ഔദ്യോഗിക വിശദീകരണം നല്‍കുകയുമുണ്ടായി. ഈ റിപ്പോര്‍ട്ട് പ്രകാരം 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായതെന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും പറയുന്നു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെ ഹിന്ദു ജനജാഗ്രതി സമിതിയുടെ ആരോപണങ്ങള്‍ തല്‍ക്കാലം അണിയറയിലേക്ക് മാഞ്ഞു.
എന്നാല്‍ കേരളത്തില്‍ അപ്പോഴും മാധ്യമങ്ങളും സംഘപരിവാര്‍ സംഘടനകളും പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനികളുടെ മതംമാറ്റത്തിനു പിന്നിലെ ദുരൂഹത തേടിയുള്ള യാത്ര അവസാനിപ്പിച്ചിരുന്നില്ല. കേസ് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയതോടെ പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുകയായിരുന്നു.
ഈ കേസ് പരിഗണിക്കവെ കേരളാ ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയുള്ള വിവാദങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു.ജസ്റ്റിസ് കെ.ടി ശങ്കരനാണ് ഉത്തരവിട്ടത്. 2009 ഡിസംബര്‍ 9 നായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
മതപരിവര്‍ത്തനം ലക്ഷ്യമിട്ട കേരളത്തിലെ ക്യാംപസുകളില്‍ നടക്കുന്ന ലൗ ജിഹാദിന്റെ സാമ്പത്തിക സ്രോതസ്സും അതിന്റെ പിന്നില്‍ ആരൊക്കെയാണെന്ന് സംബന്ധിച്ചും വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിറക്കിയിരുന്നു. അന്നത്തെ ഡി.ജി.പിയായ ജേക്കബ് പുന്നൂസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.
പിന്നീടങ്ങോട്ട് അന്വേഷണത്തിന്റെ നാളുകളായിരുന്നു. കേരളത്തിലെ ലൗ ജിഹാദ് വേരുകളെപ്പറ്റി സമഗ്രമായി തന്നെ അന്വേഷണം നടന്നിരുന്നു. തുടര്‍ന്ന് ഡി.ജി.പിയായ ജേക്കബ് പുന്നൂസ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പ്രകാരം ലൗ ജിഹാദ് പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ സംഘടനകള്‍ ഇല്ലെന്ന് തെളിവ് നല്‍കുകയും കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി മിശ്രവിവാഹങ്ങള്‍ക്ക് ബന്ധമില്ലെന്ന് തെളിയിക്കുകയും ചെയ്തു.
പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചത് ഹൈക്കോടതി ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു. കേരളത്തിലെ ലൗ ജിഹാദ് വാദങ്ങളെ പാടെ എതിര്‍ക്കുന്ന നിരീക്ഷണമാണ് അദ്ദേഹം വിധിന്യായത്തില്‍ പറഞ്ഞത്.
‘അന്വേഷണം ഒരു സമുദായത്തെ ലക്ഷ്യമാക്കിയിട്ടുള്ളതാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന് നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇതു സംബന്ധിച്ച കേസ് ഡയറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പൊലീസ് മനപ്പൂര്‍വം കെട്ടിച്ചമച്ച കേസാണിത്. ഒരു സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വ്യത്യസ്ത മതസ്ഥര്‍ തമ്മില്‍ പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ട്. പ്രണയമാണ് പരമ പ്രധാനം. ഇത്തരം വിവാഹങ്ങള്‍ക്ക് പ്രത്യേക നിറം നല്‍കി പ്രചാരണം നടത്തുന്നത് ശരിയല്ല’- വിധിന്യായത്തില്‍ പറഞ്ഞു.
കേസ് ഡയറി പരിശോധിച്ചതില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ പെരുമാറ്റം നീതിപീഠത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു. സമൂഹത്തില്‍ മിശ്രവിവാഹങ്ങള്‍ സാധാരണമാണ്. അതൊരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇതോടെ പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനികളെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിലെ തുടര്‍നടപടികളെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് താല്ക്കാലിക വിരാമമായെങ്കിലും ലൗ ജിഹാദിനു മേലുള്ള സംഘപരിവാര്‍ സംഘടനകളുടെ ആക്രോശം പൂര്‍ണ്ണമായി കെട്ടടങ്ങിയിരുന്നില്ല. അഞ്ച് വര്‍ഷത്തിനിപ്പുറം അതിന് സമാനമായ കേസ് സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം എങ്ങനെ ലൗ ജിഹാദായി?
കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു ഹിന്ദുകുടുംബത്തില്‍ ജനിച്ച അഖില എന്ന യുവതി സേലത്തെ ഒരു കോളേജില്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രവും ശസ്ത്രക്രിയയും പഠിക്കാനായി ചേരുന്നു. 2016 ജനുവരി ആറിന് സേലത്തെ അവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന അഖിലയെ കാണാതാവുകയും പിന്നീട് അവിടെത്തന്നെ അവരുടെ സുഹൃത്തുക്കളായ ഫസീന, ജസീന എന്നിവരോടൊത്തു താമസിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു.
സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പം ചേര്‍ന്ന് അഖിലയെ എവിടേയ്ക്കോ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അബൂബക്കറിനെതിരേ ഒരു കേസ് രജിസ്റ്റര്‍ ചെയ്തു. ജനുവരി ആറിന് ഹിജാബ് ധരിച്ച അഖില കോളേജിലെത്തിയെന്ന വിവരം ലഭിച്ചപ്പോഴാണ് അഖിലയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
അഖിലയുടെ പിതാവായ അശോകന്‍, തന്റെ കുടുംബത്തെ അറിയിക്കാതെ 25 വയസ്സുള്ള തന്റെ മകള്‍ അഖില, ഹാദിയ എന്ന പേരു മാറി ഇസ്ലാം മതം സ്വീകരിച്ചുവെന്നു കേള്‍ക്കുന്നതായും അവരെ കണ്ടെത്തണമെന്ന് ആവശ്യമുന്നയിച്ച് കേരളാ ഹൈക്കോടതിയില്‍ ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ജനുവരി 19 ന് അഖില കോടതിയില്‍ നേരിട്ടു ഹാജരാകുകയും താന്‍ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
അഖില, താന്‍ ഇപ്പോള്‍ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഹാദിയ എന്നൊരു പുതിയ പേര് സ്വീകരിച്ചിരുന്നുവെന്നും ഈ പുതിയ തീരുമാനം തന്റെ സുഹൃത്തുക്കളുടെ ‘സമയബന്ധിതമായ പ്രാര്‍ഥനകളും നല്ല സ്വഭാവവും’ അവരെ ആകര്‍ഷിച്ചതുകൊണ്ടാണെന്നും കോടതിയെ അറിയിക്കുകയുണ്ടായി.
ഇസ്ലാമിക പുസ്തകങ്ങളുടെ നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള അനേകം വീഡിയോകളും കണ്ടതിനുശേഷം അതില്‍ ആകൃഷ്ടയായി താന്‍ സ്വയം ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് അഖില കോടതിയെ ബോധിപ്പിച്ചത്. ഒരു വിശ്വാസത്തില്‍നിന്നു മാറ്റൊന്നിലേയ്ക്കുള്ള മാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെതന്നെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി താന്‍ ഇസ്ലാം മതവിശ്വാസിയായി തുടരുകയാണെന്ന് അഖില കോടതിയില്‍ പറഞ്ഞു.
തന്റെ ഇസ്ലാമിക രീതിയിലുള്ള പ്രാര്‍ത്ഥനയും ജീവിതവും തന്നോട് പിതാവിന് അനിഷ്ടമുണ്ടാക്കിയതായി മനസ്സിലായതിനാല്‍ താന്‍ 2016 ജനുവരി 2 നു വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് അഖില പറഞ്ഞു. വീടുവിട്ടിറങ്ങിയ അഖില നേരേ പോയത് മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയിലുള്ള തന്റെ സുഹൃത്തുക്കളായ ജസീനയുടെയും ഫസീനായുടേയും വീട്ടിലേക്കായിരുന്നു.
അവരുടെ പിതാവായ അബൂബക്കര്‍ അഖിലയെ കെ.ഐ.എം എന്ന മതസ്ഥാപനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അഖില പിന്നീട് കോഴിക്കോടുള്ള തര്‍ബിയത്തുല്‍ ഇസ്ലാം സഭ എന്ന ഇസ്ലാമിക പഠനകേന്ദ്രത്തിലേയ്ക്കു നയിക്കപ്പെട്ടു.
അവിടെ അവര്‍ ആവശ്യപ്പെട്ടതുപ്രകാരം താന്‍ സ്വയം ഇസ്ലാം മതം സ്വീകരിച്ചതാണെന്നുള്ള ഒരു സത്യവാങ്മൂലം നല്‍കിയതിന്റെ ഫലമായി അവരെ ഒരു ‘ബാഹ്യ പഠനാര്‍ത്ഥി’ ആയി അംഗീകരിച്ചു. ഇതിനര്‍ത്ഥം അഖില അബൂബക്കറുടെ വീട്ടില്‍ താമസിച്ച് പഠന കേന്ദ്രത്തില്‍ ഹാജരായി പഠനം നടത്തണമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു. അഖിലയുടെ വാക്കുകളനുസരിച്ച്, താമസിയാതെ അബൂബക്കര്‍ അദ്ദേഹത്തിന്റെ വസതിയില്‍ അവര്‍ കഴിയുന്നതിനു വൈമനസ്യം പ്രകടിപ്പിക്കുകയും മലപ്പുറത്ത് മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിവര്‍ത്തന കേന്ദ്രമായ ‘സത്യസരിണി’ എന്ന മൂന്നാമത്തെ സ്ഥാപനത്തെ സമീപിക്കുകയും ചെയ്തു.
ഹാദിയയെ കണ്ടു സംസാരിക്കുന്നതിനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തക സൈനബയെ അവരുടെ അടുത്തേയ്ക്ക് അയച്ചു. ഇതിനുശേഷം ജനുവരി 7 മുതല്‍ അഖില സൈനബയോടൊത്തു താമസം തുടങ്ങി. അനധികൃതവും നിര്‍ബന്ധിതവുമായ അനേകം മതപരിവര്‍ത്തനങ്ങളില്‍ സത്യസരിണി നേരത്തെതന്നെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഖിലയുടെ പിതാവ് അശോകന്‍ ആരോപിക്കുന്നു. എന്നാല്‍ ജനുവരി 25 ന്, അഖില അനധികൃത തടവില്‍ ആയിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, ഹൈക്കോടതി അശോകന്‍ സമര്‍പ്പിച്ചിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കളഞ്ഞു.
കേസില്‍ ഹൈക്കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയുടെ വരെ വിമര്‍ശനത്തിന് പാത്രമായിരുന്നു. അതേ വര്‍ഷം ഡിസംബര്‍ 21 ന് ഹാദിയ കോടതിയില്‍ ഹാജരായിരുന്നു. ഡിസംബര്‍ 19 ന് ഇസ്‌ലാം മത നിയമപ്രകാരം ഷഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിച്ചതായി ഹാദിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ സൈനബയുടെ വീട്ടില്‍ വച്ച് ഹാദിയയുടെ വിവാഹം നടന്നതായും പുത്തൂര്‍ ജുമാമസ്ജിദ് ഖാസി വിവാഹശുശ്രൂഷകള്‍ നടത്തുകയും ചെയ്തുവെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇപ്പോള്‍ നടന്നിരിക്കുന്ന സംഭവങ്ങള്‍ രാജ്യത്തിനു പുറത്തേയ്ക്ക് അവരെ കടത്തിക്കൊണ്ടു പോകാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമല്ലേയെന്നു സംശയിക്കാമെന്നാണ് കോടതി ഇതിന് മറുപടിയായി പറഞ്ഞത്. ഇതോടെ ഹാദിയയുടെ വിവാഹവുമായി ബന്ധപ്പട്ട ചില ചോദ്യങ്ങളും ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നു.
തുടര്‍ന്ന് 2017 മെയ് മാസം 24 ന് ഹാദിയയുടെ വിവാഹം ഒരു തട്ടിപ്പാണെന്നും ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഒരു പിണിയാള്‍ മാത്രമാണ് ജഹാനെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് വിവാഹം റദ്ദാക്കുകയും ഹാദിയയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിലേക്ക് വിടുകയും ചെയ്തു.
എന്നാല്‍ ഹൈക്കോടതി വിധി യാതൊരു തരത്തിലും പൊതുസമൂഹത്തിന് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് ഹാദിയയ്ക്കായി നിരവധി സാമൂഹിക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ഒരു പ്രത്യേക പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും ഹാദിയകേസ് ചര്‍ച്ചയാകുന്നത്.
തുടര്‍ന്ന് 2017 നവംബര്‍ 27-ന് സുപ്രീം കോടതി ഹാദിയയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. കോടതിയില്‍ തന്റെ നിലപാടുകള്‍ ഹാദിയ വ്യക്തമാക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും, താന്‍ അന്യായമായ തടങ്കലിലായിരുന്നുവെന്നും കോടതിയില്‍ ഹാദിയ വ്യക്തമാക്കി.
ഏറ്റവുമൊടുവില്‍ 2018 മാര്‍ച്ച് എട്ടിന് ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹം നിയമപരമാണെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. കേസ് സംബന്ധിച്ച് വിശദമായ സുപ്രീം കോടതി വിധിന്യായം ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പുറത്തുവിട്ടിരുന്നു.
ഹാദിയ കേസ് പരിഗണിക്കവെ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യത്തെ സംഘപരിവാര്‍ അജണ്ടയ്‌ക്കേറ്റ കനത്ത അടിയായിരുന്നു.
ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇനി മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു അനീതി നേരിടാനുള്ള സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇരുവരുടെയും വിവാഹത്തെപ്പറ്റിയല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെങ്കില്‍ അതുമായി മാത്രം എന്‍.ഐ.എ യ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വിധി ന്യായത്തില്‍ പറഞ്ഞു.
ഹാദിയയുടെ വിഷയത്തില്‍ മുസ്ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലാണ് ഹൈക്കോടതി കൈവച്ചതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഖില എന്ന ഹാദിയ എന്നതിന് പകരം ഹാദിയ എന്നു മാത്രമാണ് ഹാദിയക്കേസ് അവസാന വിധിപ്രസ്താവനയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉപയോഗിച്ചത്. 2018 ഏപ്രില്‍ 9 ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എഴുതിയ വിധിന്യായത്തില്‍ ഹാദിയ കേസ് സംബന്ധിച്ച സുപ്രീം കോടതി തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.
ഈ വിധിപ്രസ്താവം അനുസരിച്ച്;
1. ഒരാളുടെ സന്തോഷമാഗ്രഹിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം അയാളുടെ വ്യക്തി സ്വാതന്ത്രത്തില്‍ അധിഷ്ടിതമാണ്. ഏത് മതത്തില്‍ വിശ്വസിക്കണെമന്നതും അയാളുടെ സ്വാതന്ത്ര്യമാണ്.
2. സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യമായ വിഷയത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. നിയമത്തിന് ഇടപെടാന്‍ കഴിയാത്ത മേഖലയാണതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.
3. ഹാദിയ ദുര്‍ബലയായ പെണ്‍കുട്ടിയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി എന്തുകൊണ്ട് അവളൊരു പ്രായപൂര്‍ത്തിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തിയാണെന്ന് കാണാന്‍ മറന്നുവെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.
4. വസ്ത്രം, ഭക്ഷണം തുടങ്ങിയവയൊക്കെ വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിലെല്ലാം ഇടപെടാനുള്ള സ്വാതന്ത്ര്യം കോടതികള്‍ക്ക് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എന്‍.ഐ.എ അന്വേഷണം
ഹാദിയയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് സുപ്രീം കോടതി ഒരു അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.
സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നുവന്നത്.
കേസ് ആദ്യം ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍.ഐ.എ പരിശോധിച്ചത്. ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന്റെ തെളിവ് നല്‍കാന്‍ എന്‍.ഐ.എയ്ക്ക് സാധിച്ചില്ല. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.
കോടതി ഇടപെടലോടെ തല്‍ക്കാലം ചര്‍ച്ചകള്‍ക്ക് വിരാമമായെങ്കിലും ലൗ ജിഹാദ് കേരളത്തില്‍ ഇപ്പോഴും നടക്കുന്നുവെന്ന നിലയിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഇപ്പോഴും സജീവമാകുകയാണ്. യു.പി, ഹരിയാന, മധ്യപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം നടത്താന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും ഇത്തരം ചര്‍ച്ചകള്‍ ഉയരുന്നത്.
മാധ്യമങ്ങളും ലൗ ജിഹാദും
ഹാദിയ കേസിലെ വിധി പ്രതികൂലമായതോടെ ഊര്‍ധശ്വാസം വലിച്ചുകിടന്ന ലൗ ജിഹാദിനെ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ത്തിക്കൊണ്ടുവന്നത് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ലൗ ജിഹാദ് ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന തരത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്ഥിരീകരണം നടത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമെന്ന് തെളിയിച്ച് ബെഹ്‌റ തന്നെ രംഗത്തെത്തിയതോടെയാണ് വിവാദം അവസാനിച്ചത്.
സമാനമായി കേരളകൗമുദി, മലയാളമനോരമ, മംഗളം എന്നീ പത്രങ്ങളും ലൗ ജിഹാദുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. 2009 ഓഗസ്റ്റിന് മനോരമ പത്രം പ്രസിദ്ധീകരിച്ച ‘ഇരയാണ് അവള്‍ എവിടെയുമെന്ന’ അന്വേഷണ പരമ്പര തന്നെ ലൗജിഹാദ് കഥകള്‍ വിസ്തരിച്ചെഴുതാനാണ് തുടങ്ങിയതെന്ന് വ്യക്തമാണ്.
മനോരമയുടെ നാല് ലേഖകന്‍മാര്‍ കൂട്ടായെഴുതിയ നാല് ദിവസത്തെ പരമ്പരയില്‍ അവസാനത്തെ ഭാഗത്തിലാണ് ലൗ ജിഹാദിനെക്കുറിച്ച് പറയുന്നത്. പൊട്ടിക്കാന്‍ ലൗ ബോംബ് എന്ന പേരിലായിരുന്നു ആ ഭാഗം പ്രസിദ്ധീകരിച്ചത്.
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളിലെ ലൗ ജിഹാദ് ആരോപണങ്ങള്‍
വര്‍ഷം 2020 നവംബര്‍ 1. ഒരു ചാനല്‍ ചര്‍ച്ചയില്‍ ജനപക്ഷം നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായി പി.സി ജോര്‍ജ് നടത്തിയ ഒരു പരാമര്‍ശം വീണ്ടു ലൗ ജിഹാദ് ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. കേരളത്തില്‍ നിന്നു പതിനായിരത്തോളം ഹിന്ദു- ക്രിസ്ത്യന്‍ കുട്ടികളെ മതപരിവര്‍ത്തനത്തിനിരയാക്കി ലൗ ജിഹാദിന്റെ പേരില്‍ ഇന്ത്യയ്ക്കു വെളിയിലേക്ക് കടത്തപ്പെട്ടിട്ടുണ്ടെന്നായിരുന്നു പി.സി ജോര്‍ജിന്റെ ആരോപണം.
ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ രണ്ട് പേരുടെ മെസേജ് വന്നെന്നും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും രക്ഷിക്കണമെന്നും അവര്‍ പറഞ്ഞതായും എം.എല്‍.എ പറഞ്ഞു. രാജ്യത്തെ പെണ്‍കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മതംമാറ്റി മുസ്ലിമാക്കി ഉപയോഗിക്കുകയാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.
രാജ്യത്തെവിടെയും ലൗ ജിഹാദില്ലെന്ന് സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളും ഹൈക്കോടതിയും സുപ്രീംകോടതിയും എന്‍.ഐ.എയും വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പി.സി ജോര്‍ജിന്റെ ഈ ആരോപണം.
ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ലൗ ജിഹാദ് നടത്തുന്നുണ്ടെന്നത് സംഘപരിവാര്‍ സംഘടനകളുടെ കാലാകാലങ്ങളായുള്ള ആരോപണമാണ്. ഇതിന് പിന്തുണയുമായി കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളെ കൂടാതെ ക്രൈസ്തവ കൂട്ടായ്മയായ സീറോ മലബാര്‍ സഭയും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഈ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
2020 ജനുവരി 15 ന് സീറോ മലബാര്‍ സഭ കൊച്ചിയില്‍ നടന്ന സിനഡ് യോഗത്തിന് ശേഷം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അതിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള ലേഖനത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്;
‘മത സൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നതു വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ് ഭീകരസംഘടനയിലേക്കു പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നതു നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
മതങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഇത്തരം പ്രണയ ബന്ധങ്ങളെ ആരും മനസ്സിലാക്കരുത്. ഈ വിഷയത്തെ മതപരമായി മനസ്സിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരവാദ പ്രശ്നമായോ മനസ്സിലാക്കി നിയമപാലകര്‍ സത്വര നടപടി എടുക്കണമെന്ന് സിനഡ് ആവശ്യപ്പെടുന്നു’- ഇതായിരുന്നു സര്‍ക്കുലറിലെ പ്രസക്തഭാഗം.
കാലങ്ങളായി കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ വേരുപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദിനെപ്പറ്റിയുള്ള ആശങ്കകളാണ് സിനഡ് സര്‍ക്കുലറില്‍ ഒളിഞ്ഞും തെളിഞ്ഞും വായിക്കപ്പെടുന്നത്. സര്‍ക്കുലറില്‍ തീര്‍ന്നില്ല സഭയുടെ ലൗ ജിഹാദ് ആശങ്ക. അതിന്റെ ഭാഗമായി ജനുവരി 19ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനവും പള്ളികളില്‍ വായിച്ചിരുന്നു. സഭയുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകാന്‍ തുടങ്ങിയത്.
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയോടു വിശദീകരണം തേടിയിരുന്നു. കേരളത്തില്‍ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ ലൗ ജിഹാദ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുന്ന സുപ്രധാന പ്രചരണായുധമാണ് ലൗ ജിഹാദ് എന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പാര്‍ലമെന്റ് ചര്‍ച്ചകള്‍ നിരീക്ഷിച്ചാല്‍ വ്യക്തമായി മനസ്സിലാകും.
രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കുന്നവെന്ന സംഘപരിവാര്‍ ആരോപണത്തെപ്പറ്റി ചാലക്കുടി എം.പിയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹ്നാന്‍ സഭയില്‍ ചോദ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ഇതിന് കേന്ദ്രആഭ്യന്തര സഹമന്ത്രി നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. രാജ്യത്ത് ലൗ ജിഹാദ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി ചോദ്യത്തിന് മറുപടി നല്‍കിയത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ബി.ജെ.പിയിലെ ഉന്നത നേതാക്കള്‍ തന്നെ ഈ വാദത്തെ തിരിച്ചടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നതും നേരത്തെ സൂചിപിച്ച അജണ്ടയുടെ ഭാഗമാണ്.
‘ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണമുണ്ടാക്കി മുസ്ലിങ്ങളെ ആക്രമിക്കാന്‍ കാരണം വേണമല്ലോ അവര്‍ക്ക്’ – ജെ ദേവിക
മനുഷ്യവകാശ ലംഘനം വരെയൊന്നും പോകണ്ട. ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ ലംഘനമാണ് ഈ വിഷയം. പൊതുവെ ഇവിടുത്തെ ഹിന്ദുത്വ വലതുപക്ഷത്തിനും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കും ഗുണകരമായിട്ട് തോന്നുന്ന ഒരു സാധനം.
ചത്തു കിടക്കുന്നു എന്ന പൂര്‍ണ്ണബോധ്യം എല്ലാവര്‍ക്കുമുണ്ടെങ്കില്‍ പോലും അതിനെ എങ്ങനെയെങ്കിലും തല്ലിയുണര്‍ത്താനുള്ള ഒരു ശ്രമം നടത്തുന്നു. ഇങ്ങനെയൊരു വസ്തുത രാജ്യത്തില്ലെന്ന കാര്യം കോടതികളും തെളിയിച്ചുകഴിഞ്ഞു.
ഹാദിയ കേസില്‍ വളരെ വ്യക്തമായിട്ട് കോടതി നിരീക്ഷിച്ചതുമാണ്. എങ്കിലും ഹിന്ദു സ്ത്രീകളെ മറ്റുവിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചരണമുണ്ടാക്കി മുസ്ലിങ്ങളെ ആക്രമിക്കാന്‍ കാരണം വേണമല്ലോ അവര്‍ക്ക്. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ജെ.ദേവിക ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ഹിന്ദുത്വവാദികള്‍ക്ക് നമ്മുടെ മുന്നില്‍വെയ്ക്കാന്‍ ഒന്നുമില്ല. സാമ്പത്തിക രംഗം തകര്‍ന്നുകിടക്കുന്നു, ഇന്ത്യയിലെ പാവപ്പെട്ടവര്‍ നല്ലതുപോലെ കഷ്ടപ്പെടുന്നുണ്ട്. അക്കാര്യങ്ങളില്‍ ഒരു തരിമ്പ് ഗുണം പോലും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിലും അവര്‍ എന്തുകൊണ്ട് പിടിച്ചുനില്‍ക്കുന്നുവെന്ന് ചോദിച്ചാല്‍,അതിനു കാരണം വടക്കേ ഇന്ത്യയിലൊക്കെ ശക്തമായ അപരവിരോധത്തെ വളര്‍ത്തുന്നതിലൂടെയാണ്. ഇന്ത്യയിലെ അപര സ്ഥാനത്ത് നില്‍ക്കുന്നത് എപ്പോഴും ദളിതരും,മുസ്ലിങ്ങളുമാണ്. അവരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടു മാത്രമേ ഇവര്‍ക്ക് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. അതിനു വേണ്ടി തന്നെ ലൗ ജിഹാദ് വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്’- ജെ.ദേവിക പറഞ്ഞു.
നേരത്തെ പറഞ്ഞതുപോലെ സംഘപരിവാര്‍ അജണ്ടകളിലെ പ്രധാന വിഷയമായി ലൗ ജിഹാദ് മാറിക്കഴിഞ്ഞുവെന്നതിന്റെ ഉദാഹരണമാണ് ഹരിയാന, യു.പി, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുടെ പ്രസ്താവനകള്‍. നിലവില്‍ ബി.ജെ.പി ഭരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പ് നേരിടുകയാണ്. ജനങ്ങള്‍ക്ക് അവര്‍ നല്‍കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ലൗ ജിഹാദ് നിരോധിക്കാന്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നത്.
ഉത്തര്‍പ്രദേശ്
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ലൗ ജിഹാദിനെതിരെ ഉത്തര്‍പ്രദേശില്‍ നിയമം കൊണ്ടുവരുമെന്നാവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തെത്തിയത്. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ ഈ പരാമര്‍ശം.
‘വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു. ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ ‘മാനം’ വെച്ച് കളിക്കുന്നവര്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നു,’ എന്നായിരുന്നു ആദിത്യ നാഥ് പറഞ്ഞത്.
എന്താണ് അലഹബാദ് ഹൈക്കോടതി വിധി?
ലൗ ജിഹാദ് വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാന രേഖയാണ് അലഹബാദ് ഹൈക്കോടതി വിധി. 2020 ഒക്ടോബര്‍ 30 ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹരജി പരിഗണിച്ച കോടതി ഇത് തള്ളുകയാണുണ്ടായത്.
പെണ്‍കുട്ടി വിവാഹത്തിന് ഒരു മാസം മുമ്പ് മാത്രമാണ് ഹിന്ദു മതത്തിലേക്ക് മാറിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഹരജി തള്ളിയത്. വിവാഹത്തിന് വേണ്ടി മാത്രം മതപരിവര്‍ത്തനം നടത്തരുതെന്ന 2014ലെ നൂര്‍ജഹാന്‍ ബീഗം കേസിലെ വിധി ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു കോടതി ഹരജി തള്ളിയത്. ആര്‍ട്ടിക്കിള്‍ 226 പ്രകാരം കേസില്‍ ഇടപെടാന്‍ താത്പര്യമില്ലെന്നും കോടതി പറഞ്ഞു.
എന്തെങ്കിലും ഒരു കാര്യം സാധിക്കുന്നതിന് വേണ്ടി മാത്രം മതം മാറുന്നത് സത്യസന്ധമായ കാര്യമാവില്ലെന്നും 2014ലെ കേസ് ചൂണ്ടിക്കാട്ടി കോടതി നിരീക്ഷിച്ചിരുന്നു. മതപരിവര്‍ത്തനം നടത്തപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിശ്വാസവും ആത്മാര്‍ത്ഥതയുമുണ്ടായിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വിധിയാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തേകിയത്.
ഹരിയാനയിലും മധ്യപ്രദേശിലും കര്‍ണ്ണാടകയിലും ലൗ ജിഹാദ് ചര്‍ച്ചകള്‍ക്ക് ചൂടേറുന്നു
യു.പിയ്ക്ക് ശേഷം ഈ വിഷയത്തില്‍ പരസ്യ പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ കൂടുതല്‍ രൂക്ഷമാകുകയാണ്. ലൗ ജിഹാദ് കേസുകളില്‍ നിയമനിര്‍മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് ഖട്ടര്‍ പറഞ്ഞത്.
തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടര്‍ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിര്‍മാണമെന്നും അദ്ദേഹം പറഞ്ഞു.