ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഒറ്റക്ക് മത്സരിച്ച് ഒരു സീറ്റ് പോലും നേടാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ നേടിയ ബി.ജെ.പി സംസ്ഥാനത്ത് സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ ബി.ജെ.പിയുടെ സംസ്ഥാന ഘടകം വിവിധ വിഷയങ്ങളുന്നയിച്ച് ആഞ്ഞടിക്കുന്നുണ്ട്. എന്നാല്‍, ജനം ബി.ജെ.പിയെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി കാണുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘2001ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ സഹായത്തോടെ നാല് എം.എല്‍.എമാരെ ലഭിച്ചു. അണ്ണാ ഡി.എം.കെയുടെ പിന്‍ബലത്തില്‍ 2021ല്‍ വീണ്ടും നാല് എം.എല്‍.എമാരെ ലഭിച്ചു.
അണ്ണാ ഡി.എം.കെയെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ദുര്‍ബലതന്ത്രങ്ങളിലൂടെ നിയന്ത്രണത്തിലാക്കി വളരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പല നടപടികളും ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരിലൂടെ സമാന്തര സര്‍ക്കാര്‍ നടത്താനുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാരുടെ പെരുമാറ്റവും സമീപനവും നമ്മുടെ ഭരണഘടനയെ പരിഹസിക്കുന്നതിന് തുല്യമാണ്.
ഡി.എം.കെ മാത്രമല്ല കേരളത്തിലെ സി.പി.ഐ.എം, തെലങ്കാനയിലെ ബി.ആര്‍.എസ്, ബംഗാളിലെ ടി.എം.സി. ദല്‍ഹിയിലെ എ.എ.പി തുടങ്ങി നിരവധി പാര്‍ട്ടികള്‍ ഗവര്‍ണറുടെ ഈ പ്രവണതക്കെതിരെ ശബ്ദമുയര്‍ത്തുന്നുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘ഗവര്‍ണര്‍മാര്‍ കളിക്കുന്ന രാഷ്ട്രീയ കളികള്‍ യൂണിയന്‍ സര്‍ക്കാരിന്റെ ജനാധിപത്യ ഫെഡറല്‍ നയത്തിന് ചേര്‍ന്നതല്ല, അത് തിരുത്തണം,’ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ വിജയത്തെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന്, ഒരു സംസ്ഥാന തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ മൊത്തത്തിലുള്ള മാനസികാവസ്ഥ മനസിലാക്കാന്‍ കഴിയില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.
സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും ദേശീയ തെരഞ്ഞെടുപ്പിന്റെയും രീതികള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.