ന്യൂദല്‍ഹി: എന്‍.സി.പി അജിത് പവാര്‍ പക്ഷവുമായി സഖ്യം ചേര്‍ന്നത് അബദ്ധമായെന്ന് ആര്‍.എസ്.എസ് മുഖ്യപത്രം ഓര്‍ഗനൈസര്‍. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തിരിച്ചടിക്ക് കാരണമായത് എന്‍.സി.പിയുമായുള്ള സഖ്യം ചേരലും അതുസംബന്ധിച്ചുണ്ടായ വിവാദങ്ങളുമാണെന്ന് ആര്‍.എസ്.എസ് മുഖപത്രം പറയുന്നു.
ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവും ലേഖകനുമായ രത്തന്‍ ശാരദ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. എന്‍.സി.പിയുമായുള്ള ബന്ധം ബി.ജെ.പിയുടെ ബ്രാന്‍ഡ് മൂല്യത്തെ ബാധിച്ചു. എന്‍.സി.പി അജിത് പവാര്‍ പക്ഷം ഒരു രീതിയിലും മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത പാര്‍ട്ടിയാണെന്നും ലേഖനം വിമര്‍ശിച്ചു.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം ബി.ജെ.പി നേതാക്കള്‍ക്കും ആത്മവിശ്വാസം കൂടുതലായിരുന്നു. കുമിളയ്ക്ക് സമാനമായ അവരുടെ വിജയത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓറയിലുമാണ് നേതാക്കള്‍ സന്തോഷിക്കുന്നത്. എന്നാല്‍ തെരുവുകളില്‍ പാര്‍ട്ടിക്ക് വേണ്ടി കേട്ടിരുന്ന ശബ്ദങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാനില്ലെന്നും രത്തന്‍ ശാരദ ചൂണ്ടിക്കാട്ടി.
ശിവസേന-ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും എന്‍.സി.പിയെ ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചത് തെറ്റായിപോയെന്നും ആര്‍.എസ്.എസ് നേതാവ് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യമെന്താണ്? ബി.ജെ.പി അനുകൂലികളെ പ്രകോപിപ്പിച്ചത് വര്‍ഷങ്ങളോളം ഈ കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തെ പ്രതിരോധിച്ച പാര്‍ട്ടിയാണ് തങ്ങളുടേതെന്ന ചിന്തയാണ്. എന്നാല്‍ അതെല്ലാം ഒറ്റയടിക്ക് ഇല്ലാതായി. വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനത്തെ നമ്പര്‍ വണ്‍ (ന്യൂമറോ ഉനോ) പാര്‍ട്ടിയാകാന്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി മറ്റൊരു പാര്‍ട്ടി മാത്രമായി ചുരുങ്ങിയെന്നും രത്തന്‍ ശാരദ പറഞ്ഞു.
ലേഖനത്തിന് പിന്നാലെ എന്‍.സി.പി അജിത് പവാര്‍ വിഭാഗം എം.പി പ്രഫുല്‍ പട്ടേല്‍ രംഗത്തെത്തി. ഓര്‍ഗനൈസറിലെ ലേഖനം ബി.ജെ.പിയുടെ ഔദ്യോഗിക നിലപാടായി കാണേണ്ടതില്ല. സഖ്യത്തിനുള്ളില്‍ പ്രശ്‌നങ്ങളില്ലെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
‘തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ആര്‍.എസ്.എസിനാണ് നല്‍കുന്നത്. അതുകൊണ്ട് പരാജയത്തിന്റെ ഉത്തരവാദിത്തവും ആര്‍.എസ്.എസ് ഏറ്റെടുക്കണം. അല്ലാതെ അജിത് പവാറിനെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്,’ എന്ന് എന്‍.സി.പി യുവജന വിഭാഗം നേതാവ് സൂരജ് ചവാന്‍ പറഞ്ഞു.
എന്നാല്‍ ഇതിനോട് പ്രതികരിച്ച് ബി.ജെ.പി നേതാവ് പ്രവീണ്‍ ദാരേക്കര്‍ പ്രതികരിച്ചു. ആര്‍.എസ്.എസ് നമുക്കെല്ലാവര്‍ക്കും ഒരു പിതാവിനെ പോലെയാണ്. സംഘടനയെ കുറിച്ച് അഭിപ്രായം പറയേണ്ടതില്ല, പ്രതികരിക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കണമായിരുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി ഇതുവരെ അഭിപ്രായം പറഞ്ഞട്ടില്ല. ഇത്തരം വിഷയങ്ങള്‍ എന്‍.ഡി.എ യോഗത്തില്‍ സംസാരിക്കുന്നതായിരുന്നു നല്ലത് എന്നായിരുന്നു ദാരേക്കറിന്റെ പ്രതികരണം.
ഇത്തവണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ശിവസേന-എന്‍.സി.പി-ബി.ജെ.പി സഖ്യത്തിന് സംസ്ഥാനത്ത് ഉണ്ടായത്. 2019ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റില്‍ 29ഉം നേടിയ ബി.ജെ.പി ഇത്തവണ ഒമ്പതിലേക്ക് ചുരുങ്ങി. എന്നാല്‍ 17 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 13 ഉം പത്ത് സീറ്റില്‍ മത്സരിച്ച എന്‍.സി.പി എട്ട് സീറ്റ് വീതവും നേടി. 21 സീറ്റില്‍ മത്സരിച്ച യു.ബി.ടി ഒമ്പത് മണ്ഡലങ്ങളും പിടിച്ചെടുത്തു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കണോയെന്ന് വിലയിരുത്താന്‍ ബി.ജെ.പി ആഭ്യന്തര സര്‍വേ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlight: BJP alliance with Ajit Pawar’s party was a mistake, says RSS weekly, organizer