മിശ്രവവിവാഹം ക്രൈസ്ത വിശ്വാസത്തിന് എതിരാണെന്ന പ്രസ്താവന: ഖേദപ്രകടനവുമായി ബിഷപ്പ്
Daily News
മിശ്രവവിവാഹം ക്രൈസ്ത വിശ്വാസത്തിന് എതിരാണെന്ന പ്രസ്താവന: ഖേദപ്രകടനവുമായി ബിഷപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th June 2015, 11:57 am

IDUKKI-BISHOPതൊടുപുഴ: മിശ്രവിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്നുള്ള പരാമര്‍ശത്തില്‍ ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഖേദം പ്രകടിപ്പിച്ചു.

“എന്റെ പരാമര്‍ശം ദുരുദ്ദേശ്യപരമായിരുന്നില്ല. അത് ഏതെങ്കിലും മതവിഭാഗത്തെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു”- ബിഷപ്പ് പ്രസ്താവനയില്‍ പറയുന്നു.

മിശ്രവിവാഹം ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്നും ഇതു സഭാ വിശ്വാസത്തെ തകര്‍ക്കുമെന്നും ബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ പത്താം പാസ്റ്ററല്‍ കൗണ്‍സിലിന്റെ സമ്മേളനത്തിലായിരുന്നു ഇടുക്കി ബിഷപ്പിന്റെ വിവാദപരാമര്‍ശം.

ലൗ ജിഹാദ് വഴി കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്നും ഇതിനു പിന്നില്‍ എസ്.എന്‍.ഡി.പിയാണെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തിനെതിരെ എസ്.എന്‍.ഡി.പി ശക്തമായി രംഗത്തെത്തിയിരുന്നു.

എസ്.എന്‍.ഡി.പി ഘടകം അരമനയുടെ മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നു മുതല്‍ കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനിരിക്കെയാണ് ബിഷപ്പ് ഖേദപ്രകടനവുമായെത്തിയത്.