മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ മികച്ച സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹൻലാൽ സിനിമ ചെയ്യുന്നില്ലെന്ന് വിമർശനം ഉയരുന്നതിനിടയിലാണ് തരുൺ മൂർത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.
ചിത്രത്തിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ ബിനു പപ്പു. ചിത്രത്തിലെ ഒരു സീൻ നാല് ടേക്ക് എടുക്കേണ്ടി വന്നെന്ന് പറയുകയാണ് ബിനു പപ്പു. തന്റെ ബ്രെയിൻ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് അത് എടുക്കണമെന്നും കൂടുതൽ ഷോട്ടുകളിലേക്ക് പോകുമ്പോൾ മെക്കാനിക്കലി അത് റിപ്പീറ്റ് ആയി വരുമെന്ന് മോഹൻലാൽ പറഞ്ഞെന്നും ബിനു പറയുന്നു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തുടരും എന്ന സിനിമയിൽ ഒരു സീൻ നാല് ടേക്ക് വരെ പോവേണ്ടി വന്നു. അപ്പോൾ ഞാൻ ലാലേട്ടന്റെ അടുത്ത് ചെന്ന് പറഞ്ഞു, ലാലേട്ട ഒരു ടേക്ക് കൂടെ പോണമെന്ന്. ആദ്യത്തെ ടേക്ക് ഫോക്കസ് ഔട്ട് കാരണമാണ് വീണ്ടും എടുക്കേണ്ടി വന്നത്. രണ്ടാമത്തേതിൽ ഒരു പാസിങ് നന്നായി വന്നില്ല. അതിൽ കൺടുന്യുവിറ്റിയുടെ പ്രശ്നം വന്നു. മൂന്നാമത്തെ ഷോട്ടിൽ സംവിധായകന് ആദ്യത്തെ രണ്ട് ടേക്കിൽ ഉള്ള സാധനം കിട്ടിയില്ല.
ഒരു ടേക്ക് കൂടെ പോവാമെന്ന് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞു, മോനേ എന്റെ ബ്രെയിൻ പ്രൊസസ് ചെയ്യുന്നതിന് മുമ്പ് അതങ്ങ് എടുത്ത് പോകണം. ഇപ്പോൾ ഞാനത് മനസിലാക്കി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. അപ്പോൾ മെക്കാനിക്കലായി അതങ്ങനെയെ റിപ്പീറ്റ് ആയിട്ട് വരുമെന്ന്,’ബിനു പപ്പു പറയുന്നു.
അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാനിലും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിലുമാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.