താന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമയെ കുറിച്ച് മനസുതുറന്ന് ബിനു പപ്പു. തരുണ്‍ മൂര്‍ത്തിയായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നും തിരക്കഥ പൂര്‍ത്തിയായെങ്കിലും അഭിനേതാക്കളുടെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ഒരഭിമുഖത്തില്‍ ബിനു പപ്പു പറയുന്നു.
പ്രണവ് മോഹന്‍ലാലാണ് ഈ സിനിമയില്‍ നായകന്‍, പൃഥ്വിരാജാണ് നായകന്‍ എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കണ്ടുവെന്നും എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ടാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.
”ഇന്‍ഡിപെന്‍ഡന്റ് സിനിമ എന്ന് പറയുമ്പോള്‍ ഡയറക്ഷനല്ല, ഞാന്‍ തിരക്കഥാകൃത്തായാണ് വരുന്നത്. ഓപ്പറേഷന്‍ ജാവയും സൗദി വെള്ളക്കയും ചെയ്ത തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
ആ കാര്യങ്ങളൊക്കെ തീരുമാനമായി. പക്ഷെ ആര്‍ടിസ്റ്റുകള്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത് പറയാന്‍ കാരണം പൃഥ്വിരാജ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരുടെ പേരുകളൊക്കെ ഇതുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ഞാന്‍ കണ്ടു.
എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ത്ത വന്നത് എന്ന് എനിക്കറിയില്ല. എന്തായാലും അവരൊക്കെയാണെങ്കില്‍ നമുക്ക് അടിപൊളിയല്ലേ (ചിരി).
ആരൊക്കെയായിരിക്കും അഭിനയിക്കുക എന്ന കാര്യത്തിലേക്ക് പോയിട്ടേ ഇല്ല. ഇപ്പോള്‍ സ്‌ക്രിപ്റ്റിന്റെ പണി കഴിഞ്ഞു. കുറച്ചുകാലമായി കൊണ്ടുനടക്കുന്ന കഥയായിരുന്നു. ഞാന്‍ ചെയ്യണോ അതോ വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കണോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു.
ഞാന്‍ കഥ തരുണിന്റെ അടുത്ത് പറഞ്ഞപ്പോള്‍, ഇതെന്താ നിങ്ങള്‍ക്ക് തന്നെ ഡയറക്ട് ചെയ്താല്‍ എന്നാണ് തരുണ്‍ ചോദിച്ചത്. തരുണ്‍ ഡയറക്ട് ചെയ്യുമോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്.
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയാണ് ബിനു പപ്പുവിന്റെതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. തരുണിന്റെ ആദ്യ സംവിധാന സംരംഭമായിരുന്ന ഓപ്പറേഷന്‍ ജാവയിലും ബിനു പപ്പു ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു.
Content Highlight: Binu Pappu about his new movie and Pranav Mohanlal, Prithviraj