'എന്റെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു'; തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി ബിനീഷ് കോടിയേരി
തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിരന്തരമായ സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്നതായി ബിനീഷ് കോടിയേരി. മാസ് റിപ്പോര്‍ട്ടിങ് കാരണം ഫേസ്ബുക്ക് പ്രൊഫൈല്‍ ബ്ലോക്ക് ആയെന്നും ഫേസ്ബുക്ക് പേജിലൂടെ ബിനീഷ് കോടിയേരി പറഞ്ഞു.
തന്റെ ആശയങ്ങളോടും തന്റെ വാക്കുകളോടും നിങ്ങള്‍ക്ക് പേടിയാണെന്നാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ചു കളഞ്ഞതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്റെ ലിങ്ക് കൂടി ബിനീഷ് പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് തിരിച്ചെത്തിയ ബിനീഷ് കോടിയേരി ഇനി മുഴുവന്‍ സമയ അഭിഭാഷകനായി പ്രവര്‍ത്തിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു.
പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മൂവരും സഹപാഠികളാണ്. 2006ല്‍ തന്നെ അഭിഭാഷകനായി എന്റോള്‍ ചെയ്തിരുന്നു.
ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി…നിങ്ങള്‍ പേടിച്ചുകൊണ്ടേയിരിക്കൂ… ഇന്നലെ എന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോര്‍ട്ട് അടിച്ചു കളയുന്നു.
എന്റെ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യിക്കുന്നു എന്തൊക്കെയാണ് എന്തിനാണ്? എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ബിനീഷ് കോടിയേരി എന്ന ഫേസ്ബുക് പേജ് വഴിയും, എന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം ഐ.ഡി വഴിയും പങ്കുവയ്ക്കും…. എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയുക. എന്റെ ഇന്‍സ്റ്റാഗ്രാം ഐ.ഡി ലിങ്ക്.
CONTENT HIGHLIGHTS: Bineesh Kodiyeri says that there are constant cyber attacks on his Facebook profile