മരണശേഷവും കോടിയേരിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ തള്ളണം: ബിനീഷ് കോടിയേരി
Kerala News
മരണശേഷവും കോടിയേരിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങളെ തള്ളണം: ബിനീഷ് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd October 2023, 10:45 pm

തിരുവനന്തപുരം: സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന മക്കള്‍ ആവശ്യപ്പെട്ടുവെന്നും അതിന് പാര്‍ട്ടി സമ്മതിച്ചില്ലെന്നും വിനോദിനി ബാലകൃഷ്ണന്‍ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി.

അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും സത്യത്തിനു നിരക്കാത്തതുമാണെന്നാണ് ബിനിഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ബിനീഷ് പറഞ്ഞു.

അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെയുള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകര്‍ക്കരുത് എന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു.

അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യാഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ്വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നതെന്നും ബിനീഷ് പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു എന്നും, അതിനു പാര്‍ട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും, സത്യത്തിന് നിരക്കാത്തതുമാണ്.

മരണശേഷവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങള്‍ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു.
അമ്മ പറഞ്ഞ വാക്കുകളെ ദുര്‍വ്യഖ്യാനം നടത്തി അത് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത്. ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാന്‍ റിപ്പോര്‍ട്ടര്‍ ചാനലിലും , മനോരമ ചാനലിലും നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്.

അച്ഛന്‍ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്, ഇങ്ങനെയുള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകര്‍ക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ.

പാര്‍ട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവര്‍ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ്. അങ്ങനെയുള്ളവര്‍ എല്ലാം തന്നെ ഇപ്പോള്‍ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങള്‍ സി.പി.ഐ.എമ്മിനെയും സി.പി.ഐ.എം നേതൃത്വത്തെയും ബോധപൂര്‍വ്വം പൊതുജനത്തിന് മുന്‍പില്‍ മോശമായി ചിത്രീകരിക്കാനാണ്. ഇതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യര്‍ത്ഥിക്കുന്നു.

Content Highlight: Bineesh Kodiyeri is on the scene in response to the controversy on Kodiyeri  Balakrishnan’s body was not brought to Thiruvananthapuram