സി.ഐ.ഡി മൂസ എന്ന ചിത്രത്തിൽ ഫ്ലാറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പറയുമ്പോൾ ഫ്ലാറ്റിലെ താമസക്കാർ ഓടുന്ന രംഗവും അതിനിടയിലെ തമാശകളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ആ സംഭവത്തോട് സമാനമായ സംഭവം തന്റെ ഫ്ലാറ്റിലും സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ബിന്ദു പണിക്കർ.
ഭൂചലനം ഉണ്ടായതിനെ തുടർന്ന് തന്റെ ഫ്ലാറ്റിൽ നിന്നും എല്ലാവരും ഇറങ്ങി ഓടിയപ്പോൾ അമ്മയെ വിളിക്കാൻ താൻ മറന്നുപോയെന്ന് നടി ബിന്ദു പണിക്കർ. സംഭവം നടന്നപ്പോൾ വയ്യാതിരുന്ന അമ്മ തന്നെ പിന്നിലാക്കി ഓടിയെന്നും ചിരിയോടെ താരം പറഞ്ഞു. സിനിമ ഡാഡി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സി.ഐ.ഡി മൂസയിലേത് പോലുള്ള ഒരു സംഭവം ഞങ്ങളുടെ ഫ്ലാറ്റിൽ സംഭവിച്ചിട്ടുണ്ട്. പക്ഷെ അത് ഭൂചലനം ആയിരുന്നു. പോലീസിനെയൊക്കെ വിളിച്ച് പറഞ്ഞിരുന്നു. അതുവരെ വീൽ ചെയറിൽ പോയവരൊക്കെ വളരെ സ്പീഡിൽ ആയിരുന്നു ഓടിയത് (ചിരിക്കുന്നു). കുഴപ്പം ഒന്നുമില്ലെന്ന് കണ്ടപ്പോൾ വീണ്ടും അവർ വീൽ ചെയറിലാണ് കയറി പോയത്.
ഞാനും സായ് ചേട്ടനും (സായ് കുമാർ) ഡബ്ബിങ്ങിന് പോകാൻ ഇറങ്ങിയതാണ്. അപ്പോൾ അപ്പുറത്തെ ഫ്ലാറ്റിലെ സ്ത്രീ ലിഫ്റ്റ് ഉപയോഗിക്കരുതെന്ന് ഞങ്ങളോട് പറഞ്ഞു. കാര്യം തിരക്കിയപ്പോൾ എന്താണ് സംഭവമെന്ന് അവർ പറഞ്ഞു. അത് കേട്ട ഉടനെ തന്നെ ഞാനും ഓടി. വേറെ ആളുകളും ഓടുന്നുണ്ട്. പിന്നീടാണ് ഞാൻ ഓർക്കുന്നത് അമ്മ മുകളിൽ ഉണ്ടല്ലോയെന്ന്. അത് പറഞ്ഞിട്ട് ഞാൻ ഓടി. അപ്പോൾ സായ് ചേട്ടൻ ഓർത്ത് കാണും അമ്മയെ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ എങ്ങോട്ടാ ഓടുന്നെയെന്ന്. ഈ സംഭവം നടന്നപ്പോൾ എനിക്ക് സി.ഐ.ഡി മൂസയാണ് ഓർമവന്നത്,’ ബിന്ദു പണിക്കർ പറഞ്ഞു.
അമ്മയെ വിളിക്കാൻ താൻ ചെന്നപ്പോൾ ‘അമ്മ തന്നെക്കാൾ വേഗത്തിൽ ഓടിയെന്നും സിനിമയിൽ സംഭവിച്ചതൊക്കെ എങ്ങനെയാണ് സ്വന്തം ജീവിതത്തിൽ സംഭവിച്ചതെന്ന് താണ ഓർത്തെന്നും താരം പറഞ്ഞു.
‘അമ്മയെ വിളിക്കാൻ ഞാൻ ഓടിച്ചെന്നു. അപ്പോൾ അമ്മ ഞങ്ങളെക്കാൾ വേഗത്തിലാണ് ഓടിയത്. പിന്നീട് എല്ലാം ശാന്തമായപ്പോൾ നടക്കാൻ വയ്യാതെ ഓടിയവർ ഒക്കെ വീണ്ടും വീൽ ചെയറിൽ കയറി പോയി (ചിരിക്കുന്നു). ഈ സംഭവം ഒക്കെ എനിക്ക് ഭയങ്കര അത്ഭുതമാണ്. കാരണം ഈ സിനിമയിൽ നടന്ന കാര്യമൊക്കെ എങ്ങനെ ജീവിതത്തിൽ വന്ന് പെട്ടെന്ന് ഞാൻ ഓർക്കും,’ ബിന്ദു പണിക്കർ പറഞ്ഞു.