അഭിമുഖം- ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്നേനെ, പക്ഷേ ഡി.സി.സി പ്രസിഡന്റായിപ്പോയി: ബിന്ദു കൃഷ്ണ
sabarimal women entry
അഭിമുഖം- ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്നേനെ, പക്ഷേ ഡി.സി.സി പ്രസിഡന്റായിപ്പോയി: ബിന്ദു കൃഷ്ണ
ശരണ്യ എം ചാരു
Saturday, 6th October 2018, 11:14 am

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്. വിധിയ്‌ക്കെതിരെ “വിശ്വാസി സമൂഹം” എന്ന അവകാശവാദത്തോടെ ഒരു വിഭാഗം രംഗത്തെത്തിയതോടെ തുടക്കത്തില്‍ വിധിയെ അനുകൂലിച്ച പല രാഷ്ട്രീയ പാര്‍ട്ടികളും പിന്നീട് വിധിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. അത്തരമൊരു മലക്കം മറിച്ചിലാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടക്കത്തില്‍ വിധിയെ പരസ്യമായി അനുകൂലിച്ചവരെല്ലാം പിന്നീട് “വിശ്വാസി സമൂഹ”ത്തിനൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. ഈ സാഹചര്യത്തിലാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പഴയ നിലപാട് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്.

“”ആത്യന്തികമായി ഒരു ഭക്തയാണ് ഞാന്‍. ക്ഷേത്ര ആരാധന നടത്തുന്ന ഒരു ഹിന്ദുവനിതയെന്ന നിലയില്‍ എന്റെ ആഗ്രഹം ശബരിമല അയ്യപ്പനെ ദര്‍ശിക്കാന്‍ ഭഗവാനൊരു അവസരം തരണമേയെന്നുള്ളതാണ്. അവിടെ ഞാന്‍ സ്ത്രീയായതുകൊണ്ട് ഏത് വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനത്തിലായാലും, ഏത് ചരിത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലത്തോട് കൂടിയാണെങ്കിലും, അതുമല്ല ഭരണഘടനയുടെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലായാലും, എന്നെപ്പോലുള്ള സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതിനോട് ഒരു കാരണവശാലും എനിക്കു യോജിക്കാന്‍ കഴിയില്ല.

ആചാരങ്ങളുടെ പേരില്‍ നൂറ്റാണ്ടുകള്‍ക്ക് മൂന്‍മ്പ് നമ്മള്‍ സ്ത്രീകളെ മാറ്റി നിര്‍ത്തിയിട്ടുണ്ടാവാം. ആധുനിക കാലത്ത് നാം എന്തിന്റെ പേരിലാണ് വിശ്വാസികളെ മാറ്റി നിര്‍ത്തുന്നത്. ആധുനിക കാലഘട്ടത്തില്‍ നിയമങ്ങള്‍ മാറ്റപ്പെണ്ടതാണ്. മാറുന്ന കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ് നിയമങ്ങള്‍ നടപ്പില്‍ വരുത്തേണ്ടത്.

ആചാരങ്ങള്‍. അതില്‍ നിന്നുമാണ് ലോകത്തുള്ള മുഴുവന്‍ നിയമവും നിലവില്‍ വന്നിട്ടുള്ളത്. അതൊക്കെ കാലഘട്ടത്തിനനുസരിച്ച് തിരുത്തപ്പെടേണ്ടതാണ്. അതില്‍ വിശ്വാസികളുടേതായ അവകാശം സംരക്ഷിക്കണം.

കേരളത്തിലെ ക്ഷേത്രങ്ങളെ എടുത്ത് നോക്കൂ. ഞാന്‍ പുരുഷനേയും സ്ത്രീയേയും മാറ്റി നിര്‍ത്തി പറയുകയല്ല, ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തുന്നത് സ്ത്രീകള്‍ ആണ്. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഭരിക്കാന്‍ ഒരൊറ്റ സ്ത്രീയില്ല. നേരത്തെ സിസിലി മെമ്പര്‍ ഉണ്ടായിരുന്നു. ഇന്ന് ആരുണ്ട്? സ്ത്രീ അപ്രത്യക്ഷയായി. സ്ത്രീയുടെ അവകാശങ്ങളെ കുറിച്ചും ശാക്തീകരണത്തേയും കുറിച്ച് പറയാന്‍ ഇന്ന് ആളില്ല.

ഒരാളുടേയും വികാരത്തെ വ്രണപ്പെടുത്തണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഇല്ല. ഒരു വിശ്വാസ പ്രമാണത്തേയും തകര്‍ക്കണം എന്ന ആഗ്രഹം ഇല്ല. പക്ഷെ സ്ത്രി ആയത് കൊണ്ട് പത്ത് വയസ്സിനും അമ്പത്തി ഏഴ് വയസ്സിനും ഇടയിലുള്ള ഞങ്ങളുടെ കാലത്ത് ഞങ്ങളുടെ ആ ദൈവത്തെ, ആരോ ആയിക്കോട്ടെ എല്ലാ ദൈവങ്ങളേയും വിശ്വസിക്കുന്നവരാണ്. പോകാവുന്ന എല്ലാ അമ്പലങ്ങളിലും, പള്ളികളിലും പോകുന്ന ഒരാളാണ്. അങ്ങനെയുള്ള ഞങ്ങള്‍ക്ക്, നിഷ്ടയോടെ ജീവിക്കുന്ന ഞങ്ങള്‍ക്ക് ശബരിമല അയ്യപ്പനെ കാണാന്‍ ഒരു അവസരം തരില്ല എന്ന് പറയുന്നത് ഏത് നീതി ശാസ്ത്രത്തിന്റെ പേരില്‍ ആയാലും അത് അംഗീകരിക്കാന്‍ കഴിയില്ല. ലിഖിതമായ ശാസ്ത്ര നിയമങ്ങള്‍ ആണ് വലുത് എന്ന് നാം ഇന്നും വാശിപിടിക്കുന്നു എങ്കില്‍ ദളിതരിന്നും ക്ഷേത്രത്തില്‍ കയറില്ലല്ലോ. ദളിതരേക്കാള്‍ താഴ്ന്നവരായി സമൂഹം സ്ത്രീകളെ കാണുകയാണോ? എന്തിന് സ്ത്രീകളെ മാറ്റി നിര്‍ത്തണം. ആരോഗ്യമുള്ള സമയത്ത് പോകാന്‍ എന്താ അനുവദിക്കാത്തത്? എന്തിനാണ് ഈ വിവേചനം”” എന്നായിരുന്നു മുമ്പ് നടന്ന ഒരു സംവാദ പരിപാടിയില്‍ ബിന്ദു കൃഷ്ണ പറഞ്ഞത്. മുന്‍നിലപാട് ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ തന്റെ ഇപ്പോഴത്തെ നിലപാടിനെക്കുറിച്ചും പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചും ബിന്ദു കൃഷ്ണ സംസാരിക്കുന്നു

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. വിധിയ്ക്ക് അനുകൂലമായും പ്രതികൂലമായും പലരും ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു. വിധിയോടുള്ള താങ്കളുടെ നിലപാട് എന്താണ്?

ശബരിമല വിഷയത്തില്‍ വിധി വന്ന ദിവസം ഞാന്‍ അഭിപ്രായം പറഞ്ഞു. എല്ലാക്കാലത്തും എന്റെ അഭിപ്രായം ഇപ്പോഴത്തേ കാലത്ത് വ്രതം ഒക്കെ കര്‍ശ്ശന നിഷ്ഠയോടെയോ, പണ്ടത്തെ പോലയോ അല്ലാത്ത കാലത്ത് സ്ത്രീയെ മാറ്റി നിര്‍ത്തേണ്ട കാര്യം ഇല്ല എന്നാണ്. പക്ഷെ പാര്‍ട്ടി ഈ കാര്യത്തില്‍ ഇതിലോടകം തന്നെ ഒരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എതിരായ ഒരു അഭിപ്രായം എനിക്കു പറയാന്‍ കഴിയില്ല.

മഹിളാസമാജം പ്രസിഡന്റ് മാത്രം ആയിരുന്നു എങ്കില്‍ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്ന് പരസ്യമായി പറഞ്ഞേനേ. പക്ഷേ ഡി.സി.സി പ്രസിഡന്റായി നിന്നുകൊണ്ട് എനിക്ക് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ ഒരു അഭിപ്രായം പറയാന്‍ സാധിക്കില്ല.

ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് ബ്രാഹ്മണസഭ എന്റെ കോലം കത്തിക്കാന്‍ ശ്രമിക്കുന്നു. വിധി വന്ന ദിവസം ഏഷ്യാനെറ്റില്‍ പറഞ്ഞതല്ലാതെ മറ്റൊരു ചാനലിലോ ഇന്‍ന്റര്‍വ്യൂവിലോ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. കൈരളി ഇപ്പോള്‍ പ്രക്ഷേപണം ചെയ്യുന്ന സെല്‍ഫീ പ്രോഗ്രാം രണ്ടോ മുന്നോ വര്‍ഷം മുന്‍പ് ചെയ്ത പരിപാടി ആണ്.

ഇത് ഞാന്‍ അങ്ങനെ പറഞ്ഞു എന്നും പറഞ്ഞ് വാര്‍ത്ത നല്‍കുന്നതിനെ ശുദ്ധ മര്യാദകേടായി മാത്രമേ കാണാന്‍ കഴിയൂ. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റി കൊടുത്തപ്പോള്‍ ആയിരുന്നു അന്ന് ആ പരിപാടിയില്‍ പങ്കെടുത്തതും അഭിപ്രായം പറഞ്ഞതും. വ്യക്തിപരമായ അഭിപ്രായം എന്ത് തന്നെ ആയാലും പാര്‍ട്ടിക്കെതിരായി ഞാന്‍ ഒരിക്കലും ഒന്നും പറയില്ല.

പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിയെ വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കെ.പി.സി.സിയടക്കം നിലപാട് മാറ്റുകയും വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കണമെന്ന നിലപാടുമായി രംഗത്തുവരികയുമാണ് ഉണ്ടായത്. ഇത്തരമൊരു നിലപാട് മാറ്റത്തിന് കാരണമെന്താവാം?

എ.ഐ.സി.സി വക്താവിന്റെയും പ്രതിപക്ഷനേതാവിന്റെയും ആദ്യ പ്രതികരണവും ഒക്കെ വിധിയെ അനുകൂലിച്ച് തന്നെയായിരുന്നു. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും സംരക്ഷിക്കണമെന്നും പറഞ്ഞു. പക്ഷെ പിന്നീടുണ്ടായ ജനങ്ങളുടെ പ്രതികരണം കൊണ്ടും പാര്‍ട്ടിയില്‍ നട പൊതു ചര്‍ച്ചയില്‍ ഉയര്‍ന്ന ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലും ഭൂരിപക്ഷ വിശ്വാസി സമൂഹത്തിന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചതാകാം.

ആര്‍ത്തവം അശുദ്ധി തന്നെയാണ് എന്നാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായ കെ.സുധാകരന്‍ കഴിഞ്ഞദിവസം പറഞ്ഞത്. ആ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?

ആ വിഷയത്തില്‍ എനിക്കൊന്നും പറയാനില്ല. എന്നെ കുഴക്കുന്ന ചോദ്യം ചോദിക്കരുത്.

റിവ്യൂ ഹര്‍ജിയുമായി മുന്നോട്ടുപോകാനാണ് കെ.പി.സി.സി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. അതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?

വിധിക്കകത്ത് എന്തെകിലും പോരായ്മകള്‍ വരികയോ, മുമ്പ് ശ്രദ്ധയില്‍പ്പെടാത്ത എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കിലും മാത്രമേ കോടതി റിവ്യൂ അനുവദിക്കാറുള്ളൂ. ആ രീതിയില്‍ ഈ വിധിയ്‌ക്കെതിരെ ഒരു റിവ്യൂ ഹര്‍ജി നല്‍കുതില്‍ കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല. പിന്നെ വിശ്വാസി സമൂഹം ഒന്നടങ്കം തെരുവില്‍ ഇറങ്ങിയ സാഹചര്യത്തില്‍ റിവ്യൂ കോടതി സ്വീകരിക്കുമോ എന്ന് അറിയില്ല.

പൗരാവകാശങ്ങള്‍ക്കുമേല്‍ വിശ്വാസവും പാരമ്പര്യവും അടിച്ചേല്‍പ്പിക്കാനാണ് ഒരു വിഭാഗം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോടതി അതിനെതിരെ രംഗത്തുവന്ന സാഹചര്യത്തില്‍ പോലും. ഈ അവസ്ഥയെ എങ്ങനെ കാണുന്നു?

ഞാന്‍ വ്യക്തിപരമായി സുപ്രീം കോടതി വിധിയുടെ അന്ധസത്ത ഉള്‍ക്കൊള്ളുന്നുണ്ട്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സമത്വവും നീതിബോധവും അംഗീകരിക്കുന്നു. പക്ഷെ കാലാകാലങ്ങളായി പിന്തുടരുന്ന കാര്യങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ സ്വാഭാവികമായും പ്രതിഷേധം ഉണ്ടാകും.

ആ എതിര്‍പ്പിനെ തൃണവല്‍ക്കരിക്കുന്നത് ശരിയല്ല. അപ്പോള്‍ മറിച്ച് ഒരു വിധി വരും വരെ രാജ്യത്തിന്റെ നിയമം എന്നോണം ഈ വിധിയെ ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത്. അതിന് ആവശ്യമായ സമയം ഉള്‍ക്കൊണ്ട് വേണം വിധി നടപ്പിലാക്കാന്‍.

വിധി നടപ്പിലാക്കാനുള്ള സൗകര്യങ്ങളൊരുക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ നീക്കം എങ്ങനെ കാണുന്നു?

ഈ നിലപാടിനെ അനുകൂലിക്കാന്‍ കഴിയില്ല, കാരണം സ്വാഭാവികമായും ഭുരിപക്ഷ സമുഹത്തിന്റെ എതിര്‍പ്പ് മാറ്റാന്‍ ഉള്ള ഒരു സാവകാശം നല്‍കണമായിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഒരു സമവായത്തിന്റെ സ്വരം സര്‍ക്കാരിന് ഇല്ലായിരുന്നു.

കന്യാസ്ത്രീ വിഷയത്തില്‍ നിങ്ങള്‍ സ്വികരിച്ച നിലപാട് എന്തുകൊണ്ട് ഈ വിഷയത്തില്‍ സ്വികരിക്കാന്‍ കഴിയുന്നില്ല?

കന്യാത്രീ വിഷയത്തില്‍ പാര്‍ട്ടി ഒരു പരസ്യ നിലപാട് സ്വികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്റെ നിലപാട് പരസ്യമായി എവിടേയും പറയാന്‍ സാധിക്കും. പക്ഷെ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാടുള്ള സാഹചര്യത്തില്‍ എനിക്ക്് നിലപാടുകളില്‍ അയവ് വരുത്തേണ്ടി വരും. പക്ഷെ എന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ല.

അയിത്തോച്ഛാടനം, മാറുമറയ്ക്കല്‍ സമരം തുടങ്ങി നിരവധി സാമൂഹ്യ മുന്നേറ്റങഅങള്‍ നേത്യത്വം നല്‍കിയ രാഷ്ട്രിയ പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. അങ്ങനെയുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ മൂല്യച്യുതിയല്ലേ ഈ നിലപാട്?

കഴിഞ്ഞ ഒരാഴ്ച്ചയായി കേരളത്തിന്റെ തെരുവുകളില്‍ നടക്കുന്ന സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധം തന്നെയാണ് അതിന് കാരണം.

മുമ്പ് ശബരിമലയില്‍ ഉണ്ടായിരു പല ആചാരങ്ങള്‍ക്കും ഇന്ന് മാറ്റം വന്നിട്ടുണ്ട്. ഈഴവര്‍ ചെയ്ത് പോന്ന വെടി വഴിപാടും, പഞ്ചലോഹം കൊണ്ട പതിനെട്ടാം പടി നിര്‍മ്മിച്ചപ്പോള്‍ അപ്രത്യക്ഷമായ തേങ്ങ ഉടക്കലും അതില്‍ ചിലത് മാത്രം. അങ്ങനെ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് എന്നിരിക്കെ ഈ വിഷയത്തില്‍ മാത്രം ആചാരങ്ങളുടെ പേരുപറഞ്ഞ് പിന്തിയിരിയുന്നത് അംഗീകരിക്കാനാവുമോ?

തീര്‍ച്ചയായും ഒരുമാറ്റം ഉണ്ടാകും. ഉണ്ടാകണം. വിശ്വാസി സമൂഹത്തെ മാനിച്ചു കൊണ്ടുള്ള ഒരു പുരോഗമന നിലപാടാണ് ഇന്ന് സമൂഹത്തിന് ആവശ്യം. അതിനെ പറ്റി പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും.