സ്വത്ത് സംഭാവന ചെയ്യും; ലോക സമ്പന്നരുടെ പട്ടികയില്‍ അധിക കാലമുണ്ടാകില്ലെന്ന് ബില്‍ ഗേറ്റ്സ്
World News
സ്വത്ത് സംഭാവന ചെയ്യും; ലോക സമ്പന്നരുടെ പട്ടികയില്‍ അധിക കാലമുണ്ടാകില്ലെന്ന് ബില്‍ ഗേറ്റ്സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 7:30 pm

വാഷിങ്ടണ്‍: ലോകസമ്പന്നരുടെ പട്ടികയില്‍ അധികം കാലം താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. തന്റെ സമ്പത്ത് ജീവകാരുണ്യ- ആരോഗ്യരംഗ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ അദ്ദേഹം സംഭാവന ചെയ്തു. ഫൗണ്ടേഷന് നല്‍കി വരുന്ന പ്രതിവര്‍ഷ സംഭാവന ഉയര്‍ത്തുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു. ബുധനാഴ്ച പുറത്തുവിട്ട തന്‍ എഴുതിയ ബ്ലോഗിലാണ് ബില്‍ഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. തന്റെയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ ഡോളറാക്കി സംഭാവന ഉയര്‍ത്തുമെന്നാണ് ബില്‍ഗേറ്റ്‌സിന്റെ പ്രഖ്യാപനം. കൊവിഡ്, കാലാവസ്ഥ വ്യതിയാനം, ഉക്രൈന്‍ യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബില്‍ഗേറ്റ്‌സ് ആവശ്യപ്പെട്ടു.

‘അള്‍ഷിമേഴ്സ് അടക്കമുള്ള അമേരിക്കയിലെ ആരോഗ്യ പരിചരണ രംഗങ്ങളില്‍ കുറച്ചു പണം നിക്ഷേപിക്കും. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനായും പണം നല്‍കും. പതുക്കെ ലോകസമ്പന്നരുടെ പട്ടികയില്‍നിന്നും ഞാന്‍ താഴേക്കു പോകും,’ ബ്ലോഗില്‍ ബില്‍ ഗേറ്റ്സ് എഴുതി. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് ബ്ലുംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പല തവണ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.