'വിത്തെറിഞ്ഞ് വിളവെടുത്തവന്റെയാണു ചോറ്'; കര്‍ഷകസമരത്തെ പിന്തുണച്ച് ഗാനം പുറത്തിറക്കി ബിജിപാലും ഹരിനാരായണനും
DMOVIES
'വിത്തെറിഞ്ഞ് വിളവെടുത്തവന്റെയാണു ചോറ്'; കര്‍ഷകസമരത്തെ പിന്തുണച്ച് ഗാനം പുറത്തിറക്കി ബിജിപാലും ഹരിനാരായണനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st January 2021, 10:48 pm

കൊച്ചി: കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാനം പുറത്തിറക്കി സംഗീതസംവിധായകന്‍ ബിജിപാല്‍.

‘വിത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബിജിപാലിനൊപ്പം ഗാനരചയിതാവ് ഹരിനാരായണന്‍ ബി.കെയും ഗാനരംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്.

‘വിത്തെറിഞ്ഞു വിളവെടുത്തവന്റെയാണു ചോറ് അധികാര ചുരികകൊണ്ട് ചോരുകില്ല വീറ്’ എന്ന ഗാനം നിരവധി പേരാണ് ഇതിനോടകം കണ്ടത്. പ്രയാഗ് മുകുന്ദന്റെതാണ് ക്യാമറ. ഹരിനാരായണന്‍ തന്നെയാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരുമാസമായി കര്‍ഷകര്‍ ദല്‍ഹിയില്‍ സമരത്തിലാണ്. നിയമം പിന്‍ലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

സമരത്തില്‍ നിന്ന് പിന്‍മാറുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും കര്‍ഷകനേതാക്കളും തമ്മില്‍ പത്ത് തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസമാണ് പത്താംഘട്ട ചര്‍ച്ച നടന്നത്. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നു തന്നെയാണ് ചര്‍ച്ചയില്‍ കര്‍ഷകര്‍ പറഞ്ഞത്. ഏകദേശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കര്‍ഷകരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.

നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.

നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന നിര്‍ദേശം രണ്ട് മാസത്തോളമായി സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ടായിരുന്നു.

എന്നാല്‍ ആ പഴുതും കര്‍ഷകര്‍ അടച്ചതോടെ കേന്ദ്രം ഇനിയെന്ത് തീരുമാനത്തിലെത്തുമെന്നത് ഉറ്റുനോക്കുകയാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍.

ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം ബുധനാഴ്ച പിന്‍വലിച്ചിരുന്നു.ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Bijibal Song In Solidarity With Farmers