'ബിഗ്‌ബോസ് എന്ന ഫ്രാങ്കന്‍സ്റ്റയിന്‍ വളര്‍ത്തിയെടുത്തു പിടിവിട്ടുപോയ ഭൂതമാണ് രജിത്, മലയാളികളുടെ വൃത്തികേടുകളും കൂടിയാണ് തുറന്നു വിടപ്പെട്ടത്'; രൂക്ഷ വിമര്‍ശനവുമായി ആര്‍.ജെ സലിം
മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ പുറത്തായതോടെ ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് വീണ്ടും ചര്‍ച്ചയാവുകയാണ്. ബിഗ് ബോസ് മലയാളിയുടെ മലയാളിയുടെ സാമൂഹിക സാംസ്‌കാരിക നിലവാരത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്നും അതിന്റെ ആഫ്റ്റര്‍ എഫെക്ട്‌സ് അറിയാന്‍ കിടക്കുന്നതേയുള്ളൂ എന്നുമാണ് ആര്‍.ജെ സലിം അഭിപ്രായപ്പെടുന്നത്. ബിഗ് ബോസ് ആദ്യമായും അവസാനമായും മലയാളിയുടെ വൈകാരിക ബലഹീനതകളെ ചൂഷണം ചെയ്യാന്‍ നിര്‍മിച്ച പരിപാടിയാണെന്നും സലിം വിമര്‍ശിച്ചു.
‘എല്ലാവരും കറപ്റ്റഡാണ്. അതിന്റെ അളവില്‍ മാത്രമാണ് വ്യത്യാസം. അതില്‍ നിന്ന് ഈ രജിത്തിനെ വകഞ്ഞുമാറ്റി വിമര്‍ശിക്കേണ്ടി വരുന്നത് അയാള്‍ പരിപാടിയെക്കാളും വളര്‍ന്നതുകൊണ്ടും, അയാള്‍ക്ക് പരിപാടിക്ക് മുന്‍പൊരു ചരിത്രം ഉള്ളതുകൊണ്ടും അത് ഒരു ആധുനിക ജനതയ്ക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതായതുകൊണ്ടുമാണ്. ഇനി ഈ ആഭാസത്തിലെ കളി മികവ് ആണ് നോക്കുന്നതെങ്കില്‍പ്പോലും അയാള്‍ ഒരു വെറും മോശം കളിക്കാരനാണ്. തൊലിഞ്ഞ സെന്റിയും ഉഡായിപ്പുമാണ് ആകെയുള്ള സ്ട്രാറ്റജി’, ആര്‍.ജെ സലിം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രജിത് കുമാര്‍ ബിഗ് ബോസില്‍നിന്നും പുറത്തായതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. ഇതിനെയും സലിം പരിഹസിക്കുന്നു. ‘മോഹന്‍ലാലിന് അയാളുടേതായി ഒരു അജണ്ടയുമില്ലെന്നും ഏഷ്യാനെറ്റിന്റേയും ബിഗ് ബോസിന്റേയും വാടക ദേഹമാണ് അയാളെന്നും ഇരുകൂട്ടര്‍ക്കും തിരിഞ്ഞിട്ടില്ല. പക്ഷെ ഇത് കേള്‍ക്കേണ്ട തെറി തന്നെയാണ്. ബിഗ് ബോസ് എന്ന ദുരന്തത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തത് മോഹന്‍ലാലിന്റെ സ്റ്റാര്‍ഡമാണ്. അതിനുള്ള കൂലി വാങ്ങിക്കാതെ പറ്റില്ലല്ലോ. ഇമോഷണലി നമ്മളെയൊക്കെ എത്ര പെട്ടെന്ന് മണ്ടന്മാരാക്കാം എന്നതിന്റെ തെളിവാണ് ഈ വെളിവില്ലാത്ത കൂട്ടം’, അദ്ദേഹം പറഞ്ഞു.
ബിഗ് ബോസിനെപ്പറ്റി ഇനിയൊരു വാക്കുപോലും പറയരുത് എന്ന് വിചാരിച്ചതാണ്. ഒരാള്‍ കൂടി അധികമായി ആ പരിപാടി കാണാന്‍ നമ്മളായിട്ടൊരു കാരണമാകരുത് എന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എത്ര കണ്ടില്ലെന്ന് നടിച്ചാലും റിയാലിറ്റി വന്നു മൂക്കിലിടിച്ചാല്‍ പിന്നെ അതിനെ നിഷേധിച്ചിട്ട് കാര്യമില്ലല്ലോ.
ബിഗ് ബോസ് ശരിക്കും മലയാളിയുടെ സാമൂഹിക സാംസ്‌കാരിക നിലവാരത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണ്. അതിന്റെ ആഫ്റ്റര്‍ എഫെക്ട്‌സ് അറിയാന്‍ കിടക്കുന്നതേയുള്ളൂ. ബിഗ് ബോസ്സ് ആദ്യമായും അവസാനമായും മനുഷ്യന്റെ വൈകാരിക ബലഹീനതകളെ ചൂഷണം ചെയ്യാന്‍ നിര്‍മ്മിച്ച ഏറ്റവും അശ്ലീലമായ പരിപാടിയാണ്. ഒളിഞ്ഞു നോട്ടത്തിന്റെ സുഖത്തിനു വേണ്ടി മാത്രമല്ല മനുഷ്യര്‍ അത് കാണുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. വണ്ടുകളെപ്പിടിച്ചു കണ്ണാടിക്കുപ്പിയിലിട്ടടച്ചു തട്ടി നോക്കുന്ന സേഡിസ്റ്റിക് ഏര്‍പ്പാടുമായി ഒരു വിദൂര സാമ്യമുണ്ട് ഇതിന്.
നമുക്കറിയാവുന്ന ആള്‍ക്കാരുടെ തനിസ്വരൂപം എന്തായിരിക്കും എന്നറിയാനുള്ള ക്യൂരിയോസിറ്റി, ആളുകളുടെ പ്രൈവസിയിലേക്ക് അധികാരത്തോടെ എത്തി നോക്കാന്‍ കിട്ടുന്ന അവസരം, വളരെ ഫെയ്ക്കും ഫാബ്രിക്കേറ്റഡും ആയൊരു ലോകത്തു, എന്തെങ്കിലും റിയലായി കാണാനുള്ള ആഗ്രഹം അങ്ങനെ മനുഷ്യന്റെ അധമ വികാരങ്ങളെ മുഴുവന്‍ ഊറ്റിയെടുക്കുന്ന പരിപാടിയാണിത്. അത്തരക്കാര്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തതാണ് ബിഗ് ബോസ് ഉണ്ടാക്കിയ സോഷ്യല്‍ ഡാമേജ്.
ആ പരിപാടിയിലേക്ക് കാശിനും പ്രശസ്തിക്കും വേണ്ടി സ്വന്തം സമ്മതപ്രകാരം വന്നവരാണ് ഈ ഓരോരുത്തരും. അതുകൊണ്ടു തന്നെ ഒരൊറ്റ ആളോടും സിംപതിയുമില്ല ഒരു തേങ്ങയുമില്ല. പ്രായം കൊണ്ടും ഇതുവരെ നിന്ന രീതികൊണ്ടും കുറച്ചെങ്കിലും ഡിസ്‌കൗണ്ട് കൊടുക്കാന്‍ തോന്നുന്നത് ഫുക്രുവിനാണ്. പക്ഷെ അതിന്റെപോലും ആവശ്യമില്ലെന്ന് രണ്ടാം ചിന്തയില്‍ തോന്നും.
എല്ലാവരും കറപ്റ്റഡാണ്. അതിന്റെ അളവില്‍ മാത്രമാണ് വ്യത്യാസം. അതില്‍ നിന്ന് ഈ രജിത്തിനെ വകഞ്ഞുമാറ്റി വിമര്‍ശിക്കേണ്ടി വരുന്നത് അയാള്‍ പരിപാടിയെക്കാളും വളര്‍ന്നതുകൊണ്ടും, അയാള്‍ക്ക് പരിപാടിക്ക് മുന്‍പൊരു ചരിത്രം ഉള്ളതുകൊണ്ടും അത് ഒരു ആധുനിക ജനതയ്ക്ക് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്തതായതുകൊണ്ടുമാണ്. ഇനി ഈ ആഭാസത്തിലെ കളി മികവ് ആണ് നോക്കുന്നതെങ്കില്‍പ്പോലും അയാള്‍ ഒരു വെറും മോശം കളിക്കാരനാണ്. തൊലിഞ്ഞ സെന്റിയും ഉഡായിപ്പുമാണ് ആകെയുള്ള സ്ട്രാറ്റജി.
അയാള്‍ക്ക് ഫാന്‍ ഫോള്ളോയിങ് ഉണ്ടാവുന്നത് അയാള്‍ സ്വയം ഗ്രൂപ്പില്‍ റിബല്‍ കളിക്കുകയും എന്നാല്‍ അതേ സമയം താനാണ് ഇരയെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തതുവഴിയാണ്. സ്വയം മാറി നിന്നിട്ട് തന്നെ ബാക്കിയുള്ളവര്‍ അവഗണിച്ചു എന്നും ഒഴിവാക്കിയെന്നും അയാള്‍ തന്നെ ക്യാമറയുടെ മുന്‍പില്‍ വന്നു സെന്റിയടിച്ചു ഈ ഊളകളേ പറഞ്ഞു പറ്റിച്ചു.
നാച്ചുറലി സിമ്പതി വര്‍ക്ക്ഔട്ടായി. ഇരയാക്കപ്പെടുന്നവനോടുള്ള സ്വാഭാവിക ദയ. ഒരേ സമയം അയാളോട് ഐക്യപ്പെടുകയും അയാളെ ഒറ്റപ്പെടുത്തുന്നവരോട് ദേഷ്യവും. പിന്നെ അതിന്റെ കൂടെ അയാളുടെ സ്ത്രീ വിരുദ്ധത, അമ്മാവന്‍ സദാചാരം ഒക്കെ പുറത്തെ അത്തരക്കാര്‍ ഐഡന്റിഫൈ ചെയ്തു. അങ്ങനെ ആ വിഭാഗം മുഴുവന്‍ അയാളുടെ കൂടെപ്പോയി. അതില്‍ ആണും പെണ്ണുമുണ്ട്.
അവരിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ആള്‍ദൈവമായ മോഹന്‍ലാലിനെ വരെ പൊങ്കാലയിടാന്‍ പാകത്തില്‍ വളര്‍ന്നിരിക്കുന്നു. മോഹന്‍ലാലിന് രണ്ടു വശത്തുനിന്നും തെറി കേള്‍ക്കുന്നുണ്ട് എന്നതാണ് പൊയെറ്റിക് ജസ്റ്റിസ് എന്നൊക്കെ പറയുന്നത്. രേഷ്മയോട് ശരിയായി പെരുമാറിയില്ല എന്ന് രേഷ്മ വിഭാഗവും രജിത്തിനോട് നീതി കാണിച്ചില്ല എന്ന് അവരും പറയുന്നു.
മോഹന്‍ലാലിന് അയാളുടേതായി ഒരു അജണ്ടയുമില്ലെന്നും ഏഷ്യാനെറ്റിന്റേയും ബിഗ് ബോസിന്റേയും വാടക ദേഹമാണ് അയാളെന്നും ഇരുകൂട്ടര്‍ക്കും തിരിഞ്ഞിട്ടില്ല. പക്ഷെ ഇത് കേള്‍ക്കേണ്ട തെറി തന്നെയാണ്. ബിഗ് ബോസ് എന്ന ദുരന്തത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കിക്കൊടുത്തത് മോഹന്‍ലാലിന്റെ സ്റ്റാര്‍ഡമാണ്. അതിനുള്ള കൂലി വാങ്ങിക്കാതെ പറ്റില്ലല്ലോ. ഇമോഷണലി നമ്മളെയൊക്കെ എത്ര പെട്ടെന്ന് മണ്ടന്മാരാക്കാം എന്നതിന്റെ തെളിവാണ് ഈ വെളിവില്ലാത്ത കൂട്ടം.
ഇപ്പോള്‍ രജിത് പുറത്തിറങ്ങിയിരിക്കുന്നു; അയാളുടെ എല്ലാ ഒറ്റപ്പെടല്‍ നാടകങ്ങളുടെയും ശരിയായ അന്ത്യമെന്ന നിലയില്‍. അയാള്‍ അള്‍ട്ടിമേറ്റ് വിക്ടിം കാര്‍ഡും പിടിച്ചാണ് ഇപ്പൊ നില്‍ക്കുന്നത്. ഒരുപക്ഷെ അയാള്‍ വിജയി ആകുന്നതിലും അപകടകരമായ അവസ്ഥ. അയാള്‍ വിജയി ആകുന്നതിലും കൂടുതല്‍ മൈലേജ് ഇത് രജിത്തിന് കൊടുക്കും. പ്രവോക് ചെയ്യപ്പെട്ട വിഭ്രാന്തി പിടിച്ച ഒരുകൂട്ടത്തിനെ ഇപ്പൊ തന്നെ രേഷ്മയുടെ പേജിലും മോഹന്‍ലാലിന്റെ പേജിലും ഏഷ്യാനെറ്റിന്റെ പേജിലും കാണാം.
ബിഗ് ബോസ് എന്ന ഫ്രാങ്കന്‍സ്റ്റയിന്‍ വളര്‍ത്തിയെടുത്തു പിടി വിട്ടുപോയ ഭൂതമാണ് ഇന്ന് രജിത്. മലയാളി അടക്കിപ്പിടിച്ച എല്ലാ വൃത്തികേടുകളും കൂടിയാണ് അതിന്റെ കൂടെ തുറന്നു വിടപ്പെട്ടത്. എന്തായാലും ബെസ്റ്റ് ടൈമാണ്.