മിശിഹാ, അന്ത്യഅത്താഴം, ഉയിര്‍ത്തെഴുന്നേല്‍പ്പ്; പന്ത്രണ്ടിലെ ബൈബിള്‍ റഫറന്‍സുകള്‍
Film News
മിശിഹാ, അന്ത്യഅത്താഴം, ഉയിര്‍ത്തെഴുന്നേല്‍പ്പ്; പന്ത്രണ്ടിലെ ബൈബിള്‍ റഫറന്‍സുകള്‍
അമൃത ടി. സുരേഷ്
Friday, 1st July 2022, 2:08 pm

ബൈബിളിന്റെ പല പുനരാഖ്യാനങ്ങള്‍ മലയാളത്തില്‍ പലപ്പോഴായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് ലിയോ തദേവൂസിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന പന്ത്രണ്ട്. ബൈബിളിലെ പല ഇമേജുകളും അതേപടി തന്നെ പന്ത്രണ്ടില്‍ ലിയോ തദേവൂസ് പുനരാവിഷ്‌കരിക്കുന്നുണ്ട്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ പന്ത്രണ്ടിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും ലിയോ തദേവൂസ് തന്നെയാണ്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റേയും സന്ദേശം നല്‍കാനെത്തുന്ന മിശിഹായുടെ കഥ കേരളത്തിലെ ഒരു തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് പറയുന്നത്.

12 അംഗ ഗുണ്ടാ സംഘത്തിന്റെ കേന്ദ്രമായ ഈ പ്രദേശത്തേക്ക് ഒരു അപരിചിതന്‍ കടന്നു വരുമ്പോഴുണ്ടാവുന്ന മാറ്റങ്ങളാണ് കഥയുടെ ഇതിവൃത്തം. ഇമ്മാനുവല്‍ എന്ന നായകകഥാപാത്രത്തെ ദേവ് മോഹനാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവന്‍ ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും,’ യേശുവിന്റെ ജനനത്തെ പറ്റിയുള്ള ബൈബിള്‍ വാക്യമാണിത്. ദേവ് മോഹന്റെ കഥാപാത്രത്തിന്റെ പേര് തന്നെ മിശിഹായിലേക്കുള്ള റഫറന്‍സ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

പന്ത്രണ്ട് അംഗ ഗുണ്ടാ സംഘത്തിന്റെ നേതാവാണ് വിനായകന്‍ അവതരിപ്പിച്ച അന്ത്രോ. ഈ കഥാപാത്രം യേശുവിന്റെ ശിഷ്യനായ അന്ത്രയോസാവാനാണ് സാധ്യത. അന്ത്രോയുടെ അനിയനായ പത്രോ പത്രോസ് തന്നെയാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷൈന്‍ ടോം ചാക്കോയാണ്. സ്ഥലത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ പീലുവാണ്(ലാല്‍) ഇവരെ നിയന്ത്രിക്കുന്നത്.

അന്ത്രോയും സംഘവും ക്വട്ടേഷന്റെ ഭാഗമായി കൊലപ്പെടുത്തിയ ലാസര്‍ പിറ്റേദിവസം ചായക്കടയിലിരുന്നു ചായ കുടിക്കുന്നത് കണ്ട് അവര്‍ അത്ഭുതപ്പെടുന്നുണ്ട്. ഇതിനു പിന്നിലെ രഹസ്യം തേടിപ്പോകുന്നതാണ് അന്ത്രോയെ ഇമ്മാനുവേലിലേക്ക് അടുപ്പിക്കുന്നത്.

എതിര്‍ഭാഗവുമായുള്ള സംഘര്‍ഷത്തിന് ശേഷം പത്രോ വഴിയരികില്‍ രക്തത്തില്‍ കുളിച്ചുകിടക്കുമ്പോള്‍ ആശുപത്രിയിലേക്ക് എടുത്തുകൊണ്ട് പോകുന്ന ഇമ്മാനുവേല്‍, ബൈബിളിലെ നല്ല ശമരിയക്കാരന്റെ കഥയാണ് ഓര്‍മിപ്പിക്കുന്നത്.

കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന അന്ത്രോയും സംഘവും കൊടുങ്കാറ്റും മഴയും നേരിടുമ്പോള്‍ ബോട്ടിന്റെ അമരത്തില്‍ കയറിനിന്ന് ഇമ്മാനുവേല്‍ അന്തരീക്ഷം ശാന്തമാക്കുന്നുണ്ട്. അതുപോലെ അന്ത്രോയും പത്രോയും രാത്രി വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുന്നതും നേരിട്ടുള്ള ബൈബിള്‍ റഫറന്‍സാണ് കാണിക്കുന്നത്. ഏറെ നേരം കാത്തിരുന്നിട്ടും മീന്‍ കിട്ടുന്നില്ല. ഇരുവരും നിരാശരായി നില്‍ക്കുന്ന സമയത്ത് ചാകര വരികയാണ്. ഈ രംഗത്തോടൊപ്പം ഇമ്മാനുവേല്‍ തീരത്ത് നിന്ന് പ്രാര്‍ത്ഥിക്കുന്നതും കാണാം.

12 അംഗ സംഘത്തോടൊപ്പം ഇമ്മാനുവേല്‍ എത്തിയതിന് ശേഷം അന്ത്യഅത്താഴത്തിന്റെ ഇമേജും നേരിട്ട് സിനിമയില്‍ പുനരാവിഷ്‌കരിക്കുന്നുണ്ട്. ഇമ്മാനുവലിനെ പീലുവിന് ഒറ്റികൊടുക്കുന്നത് പന്ത്രണ്ടംഗ സംഘത്തിലെ ജൂഡാണ്. ജൂഡ് എന്ന ഇംഗ്ലീഷ് പേരിന് മലയാളത്തില്‍ പറയുന്നത് യൂദാസെന്നാണ്.

ഇമ്മാനുവേലിന്റെ മരണം യേശുവിന്റെ ക്രൂശീകരണത്തെ അനുസ്മരിപ്പിക്കും വിധമാണ്. ചിത്രത്തിന്റെ ഒടുക്കം അന്ത്രോയും സംഘവും അവരുടെ വാനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇമ്മാനുവേല്‍ അവരുടെ അടുത്തേക്ക് വീണ്ടും വരുന്നത് പരോക്ഷമായി കാണിക്കുന്നുണ്ട്. യേശു കുരിശുമരണത്തിന് ശേഷം ശിഷ്യന്മാരുടെ അടുത്തേക്ക് വരുന്ന ഇമേജാണ് ഇവിടെ സൂചിപ്പിക്കുന്നത്.

എന്നാല്‍ നേരിട്ടും പരോക്ഷമായും സിനിമയിലേക്ക് എടുത്തുവെച്ചിരിക്കുന്ന ഇമേജുകളൊന്നും പാളിപോവാതെ കയ്യടക്കത്തോടെ ചെയ്യാന്‍ ലിയോ തദേവൂസിനായിട്ടുണ്ട്.

Content Highlight: bible references of panthrand movie starring shine tom chacko and vinayakan

അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.