പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമ കഥ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്‌നും സംവിധായകരാകാന്‍ പോകുന്ന സിനിമയാണ് വെടിക്കെട്ട്.
സിനിമയുടെ ഷൂട്ട് എഴുപത്തിയഞ്ച് ദിവസങ്ങള്‍ ഉണ്ടായിരുന്നു എന്നും ആ ദിവസങ്ങള്‍ വലിയ ദുരിതമായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും പറയുകയാണ് ബിബിന്‍. എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നതെന്ന് സ്വയം ചിന്തിച്ച് പോയിരുന്നു എന്നും എന്നാല്‍ സിനിമയില്‍ നിന്നും നല്ല റിസള്‍ട്ട് കിട്ടിയെന്നും താരം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ബിബിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘പടം തുടങ്ങി ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് അങ്കം. ശരിക്കും പറഞ്ഞാല്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥായായിരുന്നു. സിനിമ ഷൂട്ട് ചെയ്ത 75 ദിവസങ്ങള്‍ എന്ന് പറയുന്നത് ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും നാളുകളായിരുന്നു. ഇത്രയും കുടുംബങ്ങളുടെ പ്രാര്‍ത്ഥനയുള്ള ഒരു സിനിമക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ ചിന്തിച്ചു. പക്ഷെ സിനിമയുടെ റിസള്‍ട്ട് കണ്ടപ്പോഴാണ് അതിന്റെ കാരണം ഞങ്ങള്‍ക്ക് മനസിലായത്.
കുറച്ച് കഷ്ടപ്പെടാതെ അത്രയും നല്ലൊരു റിസള്‍ട്ട് ഞങ്ങള്‍ക്ക് ദൈവം തരില്ലായിരുന്നു. ആ പരീക്ഷണങ്ങള്‍ പ്രകൃതിയുടെ ഭാഗത്ത് നിന്ന് മഴയായും വിഷ്ണുവിന്റെ കൈക്ക് പറ്റിയ അപകടമായിട്ടുമൊക്കെ വന്നു. സിനിമയിലെ ഗുണ്ടയാണല്ലോ രാജേഷ്. സോഡിയം കുറഞ്ഞ് പോയിട്ട്, വലിയ ഗുണ്ടയെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വരെ വന്നു.
സിനിമയില്‍ കുറച്ച് കഷ്ടപ്പാടുകളുള്ള ഫൈറ്റ് സീനുകളുണ്ടായിരുന്നു. അഭിനയിക്കുന്നവന്മാരില്‍ ഒരുത്തന്‍ പോലും മേലനങ്ങി പണിയെടുക്കുന്നവരായിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്ന് വിയര്‍ക്കുമ്പോള്‍ തന്നെ അയ്യോ എന്നും പറഞ്ഞ് തല കറങ്ങി വീഴും. സ്വന്തം വിയര്‍പ്പ് കണ്ടിട്ട് വീണവന്മാരാണ് അവര്‍. കാരണം ഇവരൊന്നും ഒട്ടും വ്യായാമം ചെയ്യാറില്ല,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.
ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍.എം. ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വെടിക്കെട്ട് നിര്‍മിക്കുന്നത്. ഫെബ്രുവരി മൂന്ന് മുതലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
content highlight: bibin george talks about vedikkettu movie