national news
നിങ്ങള്‍ വമ്പന്മാരുടെ കടങ്ങള്‍ എഴുതിതള്ളുമ്പോള്‍ ഒരു കുഴപ്പവുമില്ല; ഞങ്ങള്‍ കാര്‍ഷികകടം എഴുതിതള്ളുന്നതാണ് പ്രശ്‌നമല്ലേ: മോദിക്കെതിരെ ഭൂപേഷ് ബാഗല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Sep 04, 07:50 am
Sunday, 4th September 2022, 1:20 pm

റാഞ്ചി: ബിസിനസ് ഭീമന്മാരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍.

ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ നടത്തുന്ന പല പദ്ധതികളെയും സൗജന്യവസ്തുക്കള്‍ നല്‍കി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന നിലയില്‍ മോദി നേരത്തെ വിമര്‍ശിച്ചിരുന്നു. ഈ പ്രസ്താവനക്ക് മറുപടിയായാണ് ഭൂപേഷ് ബാഗലിന്റെ പ്രതികരണം.

തങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടി നടത്തുന്ന വിവിധ പദ്ധതികളെയും വായ്പ എഴുതിതള്ളുന്നതിനെയുമാണ് മോദി ‘റേവ്ഡി'(freebies ) എന്ന് അപമാനിച്ച് സംസാരിച്ചതെന്നും ഭൂപേഷ് ബാഗല്‍ പറഞ്ഞു. (ഉത്തരേന്ത്യയില്‍ ആഘോഷങ്ങളില്‍ വിതരണം ചെയ്യുന്ന ഒരു മധുരപലഹാരമാണ് റേവ്ഡി. ഈ റേവ്ഡി പോലെയാണ് പല പാര്‍ട്ടികളുടെയും പദ്ധതികളെന്നായിരുന്നു മോദിയുടെ വിമര്‍ശനം)

‘ചത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2500 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നെല്ല് ശേഖരിക്കുമ്പോള്‍ അത് റേവ്ഡിയാണെ് പറയും. തൊഴിലാളികള്‍ക്ക് 7000 രൂപ വെച്ചും പാവപ്പെട്ടവര്‍ക്ക് 35 കിലോ അരി വെച്ചും നല്‍കുമ്പോള്‍ അതും റേവ്ഡിയാണെ് പറയും. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമ്പോള്‍ അതും റേവ്ഡിയാണെ് പറയും.

 

കര്‍ഷകരുടെ വായ്പ ഞങ്ങള്‍ എഴുതി തള്ളുന്നത് സൗജന്യങ്ങള്‍ നല്‍കി ആളുകളെ മയക്കുന്ന പരിപാടിയാണെങ്കില്‍ നിങ്ങള്‍ ബിസിനസ് ഭീമന്മാരുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ കടം എഴുതിതള്ളുന്നതിനെ എന്ത് പേരിട്ട് വിളിക്കണം. നിങ്ങള്‍ ചെയ്യുന്നതൊക്കെ റാബ്ഡി (മറ്റൊരു മധുരപലഹാരം) നമ്മള്‍ ചെയ്യുന്നതൊക്കെ റേവ്ഡി, അല്ലേ?’ ഭൂപേഷ് ബാഗല്‍ ചോദിച്ചു.

ഭൂപേഷ് ബാഗലിന്റെ പ്രസ്താവനയോട് ബി.ജെ.പിയോ മോദിയോ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ജൂലൈയില്‍ ഉത്തര്‍പ്രദേശില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ വെച്ചായിരുന്നു സൗജന്യമായി പലതും വിതരണം ചെയ്ത് ആളുകളുടെ വോട്ട് പിടിക്കുന്ന പരിപാടി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് മോദി പറഞ്ഞത്.

‘റേവ്ഡി സംസ്‌കാരം’ രാജ്യത്തിന്റെ വികസനത്തെ മോശമായി ബാധിക്കും. ഇതിന് പിന്നിലുള്ളവര്‍ക്ക് എക്‌സ്പ്രസ് ഹൈവേകളോ വിമാനത്താവളങ്ങളോ നിര്‍മ്മിക്കുന്നതില്‍ ഒരു താല്‍പര്യവും കാണില്ല. അവരുടെ ഈ കെണിയില്‍ യുവാക്കളെങ്കിലും വീണുപോകരുതെന്നും മോദി പറഞ്ഞിരുന്നു.

Content Highlight: Bhupesh Baghel’s jibe at PM Modi’s ‘revdi’ remark