മുംബൈ: ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ ഹിന്ദുത്വ നേതാവ് ശംബാജി ഭീദിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുംബൈ ആസാദ് മൈതാനില്‍ ഒത്തുകൂടി. 10,000ത്തിലധികം ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
ഭരിപ് ബഹുജന്‍ മഹാസങ്കിന്റെ പ്രസിഡന്റും അംബേദ്കറുടെ കൊച്ചുമകനുമായായ പ്രകാശ് അംബേദ്കറും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തിരുന്നു. 2018, ജനുവരി 1ന് നടന്ന ഭീമാ-കൊറേഗാവ് സംഘര്‍ഷത്തില്‍ പ്രതിയായ ഭീദിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആസാദ് മൈതാനില്‍ അംബേദ്കര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയായിരുന്നു.
അതേസമയം, ഭീമാ-കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷത്തില്‍ ദലിതര്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്ന വാദം ഹിന്ദുത്വ നേതാവ് ഭീദ് നിഷേധിച്ചു. പുനെ ജില്ലയിലെ യുദ്ധ സ്മാരകത്തിന് അടുത്തുവച്ച് ജനുവരിയില്‍ നടന്ന ആക്രമണത്തിന് ദലിത് സംഘടനകളില്‍ നിന്നും ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്.
എസ്.എസ്.സി പരീക്ഷയും ട്രാഫിക് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മുംബൈ പോലീസി പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4 മണിക്കു മാത്രമാണ് പ്രതിഷേധ റാലിക്കുള്ള അനുമതി നിഷേധിച്ച വിവരം പൊലീസ് അറിയിച്ചതെന്ന് അംബേദ്കര്‍ കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് അംബേദ്കര്‍ പറഞ്ഞു.