സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അങ്ങേര് ഭയങ്കര തിരക്കായിരുന്നു, പിന്നെ വിളിച്ചിട്ട് കാര്യമില്ലല്ലോ: ഭീമന്‍ രഘു
Film News
സുരേഷ് ഗോപിയെ വിളിച്ചിരുന്നു, അങ്ങേര് ഭയങ്കര തിരക്കായിരുന്നു, പിന്നെ വിളിച്ചിട്ട് കാര്യമില്ലല്ലോ: ഭീമന്‍ രഘു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th June 2022, 11:40 am

പത്തനാപുരത്ത് തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് താന്‍ മത്സരത്തിനിറങ്ങിയതെന്ന് ഭീമന്‍ രഘു. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും അവരുടെ നയം കണ്ടപ്പോള്‍ അത് മനസിലായെന്നും കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘പത്തനാപുരത്ത് എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഈ ബി.ജെ.പിയിലുള്ള ആള്‍ക്കാര്‍ തന്നെ ഗണേഷ് കുമാറുമായി വര്‍ഷങ്ങളായി ബന്ധമുള്ളവരായിരുന്നു. അവിടെ ചെന്ന് അവരുമായി ഇടപെട്ടപ്പോള്‍ തന്നെ അത് എനിക്ക് മനസിലായി. ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി. അവരുടെ ഒരു നയം കണ്ടപ്പോള്‍ അതെനിക്ക് മനസിലായിരുന്നു.

ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല,’ ഭീമന്‍ രഘു പറഞ്ഞു.

‘പിന്നെ അമിതാഭ് ബച്ചനെ ട്രൈ ചെയ്യാന്‍ പോവാന്ന് സുരേഷ് ഗോപി പറഞ്ഞു. അമിതാഭ് ബച്ചന്‍ വന്നാല്‍ ഞാന്‍ ജയിക്കുമോ എന്നൊരു ചര്‍ച്ച വന്നു. വിളിച്ചു നോക്കാം വന്നാല്‍ ഞാന്‍ ജയിച്ചാലോ. വന്നാല്‍ അദ്ദേഹം മലയാളം പറയുമോ… അതിനെന്താ നമുക്ക് ഹിന്ദി അറിയാല്ലോ. അദ്ദേഹം പറയുന്ന വാക്കുകള്‍ വെച്ച് മനസിലാവുമല്ലോ. ഇനി ബച്ചന്‍ വന്നാലും ജയിക്കാന്‍ പോകുന്നത് ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. അതെന്താ അങ്ങനെ പറയാന്‍ കാരണമെന്ന് അവര്‍ ചോദിച്ചു. ബി.ജെ.പി എന്ന് വെച്ചാലെന്താ? ഭീമന്‍ ജയിച്ചു പത്തനാപുരത്ത്. വലിയ സദസിന്റെ മുമ്പില്‍ വെച്ചാണ് ഞാന്‍ ഇത് പറഞ്ഞത്. അത് രസമായിരുന്നു. ആന കരിമ്പിന്‍കാട്ടില്‍ കയറിയത് പോലെ പത്തനാപുരം മുഴുവന്‍ ഞാന്‍ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.

ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല. ആ പാര്‍ട്ടിയില്‍ നരേന്ദ്ര മോദിയില്‍ മാത്രമേ വിശ്വാസമുള്ളൂ. അദ്ദേഹത്തിന്റെ രീതി, അദ്ദേഹത്തിന്റെ പോക്ക്, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇന്ത്യ നന്നാവുമെന്ന് പറഞ്ഞാല്‍ അങ്ങേര് നന്നാക്കിയെടുക്കും. ആ മനുഷ്യന്റെ ബയോഗ്രഫി മുഴുവന്‍ പഠിച്ച ആളാണ് ഞാന്‍. ചെറുപ്പത്തില്‍ ചായക്കടയില്‍ നിന്ന് വളര്‍ന്ന ഒരാള് ഇന്ന് ഈ നിലയിലെത്തിയതിനെ പറ്റിയൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അതൊക്കെ വായിച്ചപ്പോള്‍ അദ്ദേഹത്തോട് കൂടുതല്‍ അടുക്കണമെന്ന് ആഗ്രഹമുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Bheeman Raghu says he is 100% sure not to win in pathanapuram