ഇന്ന് ഓര്‍ക്കുമ്പോള്‍ രസമാണ്; എന്നാല്‍ അന്ന് ആ മോഹന്‍ലാല്‍ ചിത്രത്തിനായി ഒരുപാട് ബുദ്ധിമുട്ടി: ഭാവന
Entertainment
ഇന്ന് ഓര്‍ക്കുമ്പോള്‍ രസമാണ്; എന്നാല്‍ അന്ന് ആ മോഹന്‍ലാല്‍ ചിത്രത്തിനായി ഒരുപാട് ബുദ്ധിമുട്ടി: ഭാവന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2024, 4:58 pm

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നരന്‍. 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മുള്ളന്‍കൊല്ലി വേലായുധന്‍ എന്ന നായക കഥാപാത്രമായി എത്തിയത് മോഹന്‍ലാല്‍ ആയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു നരന്‍.

മോഹന്‍ലാലിന് പുറമെ മധു, ദേവയാനി, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ, മണിയന്‍പിള്ള രാജു എന്നിവരും ഒന്നിച്ച സിനിമയില്‍ ഭാവനയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ലീല എന്ന കഥാപാത്രമായിട്ടായിരുന്നു ഭാവന നരനില്‍ എത്തിയത്.

താന്‍ ഏറ്റവും ബുദ്ധിമുട്ടി ചെയ്ത സീന്‍ ഏതാണെന്ന ചോദ്യത്തിന് നരന്‍ സിനിമയെ കുറിച്ച് പറയുകയാണ് ഭാവന. തന്റെ കഥാപാത്രത്തിന് ഇടക്കിടെ വീഴണമായിരുന്നെന്നും അതില്‍ ഇടക്കൊക്കെ മുറിവുകള്‍ പറ്റാറുണ്ടായിരുന്നുവെന്നും നടി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന.

‘ബുദ്ധിമുട്ടി ചെയ്ത സീന്‍ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയാം, നരന്‍ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ കഥാപാത്രം ഇടക്കിടെ താഴെ വീഴണമായിരുന്നു. നടന്നു വരുമ്പോഴും എവിടേക്കെങ്കിലും ചാടാന്‍ നോക്കുമ്പോഴുമെല്ലാം താഴെ വീഴേണ്ടി വരും. അത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.

ഓരോ സീനിലും അങ്ങ് വെറുതെ വീഴുകയാണ്. വീണ് കഴിഞ്ഞ് എല്ലാ ദിവസവും കുളിക്കുമ്പോള്‍ നമുക്ക് ശരിക്കും വേദന മനസിലാകും. ശരീരത്തില്‍ എല്ലായിടത്തും ഉരഞ്ഞിട്ട് നീറുന്നുണ്ടാകും. സെറ്റില്‍ എല്ലാവരും ഇങ്ങനെ വീഴുന്നതിനെ കുറിച്ച് പറയാറുണ്ട്.

ഷാജിയേട്ടനായിരുന്നു ക്യാമറ, ജോഷി സാറായിരുന്നു സംവിധായകന്‍. ഓരോ സീന് കഴിയുമ്പോഴും കാല് പൊട്ടിയല്ലേയെന്ന് അവര് ചോദിക്കുമായിരുന്നു. മിക്ക ദിവസവും വീഴുന്നത് തന്നെയായിരുന്നു എന്റെ പണി. പക്ഷെ ആ കഥാപാത്രം അങ്ങനെയാണ്.

നടന്ന് വരുമ്പോള്‍ അവിടെ ഒന്ന് വീണേക്ക് എന്നാണ് ജോഷി സാറ് പറയാറുള്ളത്. ഇപ്പോള്‍ ആ കഥാപാത്രത്തെയും ആ സിനിമയെയും കുറിച്ച് ആലോചിക്കുമ്പോള്‍ രസമാണ്. പക്ഷെ അന്ന് വീണ് വീണ് ഒരുപാട് ബുദ്ധിമുട്ടായിരുന്നു,’ ഭാവന പറഞ്ഞു.

Content Highlight: Bhavana Talks About Naran Movie