0:00 | 5:04
സൈഡായി വന്ന് ഒന്നാം സ്ഥാനമടിച്ചവര്‍ | D Movies

കൊവിഡില്‍ നിന്നും കര കയറിയ തിയേറ്ററുകള്‍ പഴയ പ്രതാപത്തിലേക്ക് മടങ്ങി വന്ന വര്‍ഷമാണ് 2022. തല്ലുമാല, ഹൃദയം, ഭീഷ്മ പര്‍വ്വം, ജന ഗണ മന, റോഷാക്ക് തുടങ്ങി നിരവധി സിനിമകളേയും അതിലെ പല കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ആഘോഷമാക്കി. ലീഡ് റോളിലല്ലാതെ വന്ന സൈഡ് ക്യാരക്ടേഴ്‌സിലെത്തിയവരും അവസ്മരിണീയ പ്രകടനം നടത്തി ഈ വര്‍ഷം ശ്രദ്ധ നേടിയിരുന്നു. അങ്ങനെയുള്ള ചില കഥാപാത്രങ്ങള്‍ നോക്കാം.

സുരേഷ് ഗോപി നായകനായ പാപ്പന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ഷമ്മി തിലകന്‍ അവതരിപ്പിച്ച ചാക്കോ. ഒരു സീരിയല്‍ കില്ലറായാണ് ഷമ്മി തിലകന്‍ ചിത്രത്തിലെത്തിയത്. ആദ്യമൊക്കെ മലയാള സിനിമയിലെ കണ്ടുപഴകിയ വില്ലന്‍ എന്ന പ്രതീതി ജനിപ്പിക്കുന്നുണ്ടെങ്കിലും പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ അനുമാനങ്ങളെ തെറ്റിക്കുന്നതായിരുന്നു ഈ കഥാപാത്രത്തിന്റെ നിര്‍മിതി. പ്രതികാരങ്ങള്‍ക്ക് സ്വയം ന്യായീകരണങ്ങളുണ്ടായിരുന്നു അയാള്‍ക്ക്.

‘ഞാന്‍ കൊന്നവരൊക്കെ ചാകേണ്ടിയിരുന്നവരായിരുന്നു സാറേ, ഒന്നൊഴിച്ച്, അത് ഒരു അബദ്ധം പറ്റി പോയതാണ്,’ എന്ന് അയാള്‍ പറയുമ്പോള്‍ നായകനായ എബ്രഹാം മാത്തനൊപ്പം പ്രേക്ഷകര്‍ക്കും അയാളോട് സഹാനുഭൂതി തോന്നും. ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം മാത്തന്‍ വാങ്ങി നല്‍കിയ പൊറോട്ടയും ബീഫും കഴിച്ചുകൊണ്ട് ചാക്കോ താന്‍ ഇങ്ങനെ ആയതിന്റെ പിന്നിലെ കഥ പറയുന്നുണ്ട്. പാപ്പനിലെ ഏറ്റവും മനോഹരവും തീവ്രവുമായ രംഗമാണ് ഇത്.

ഈ വര്‍ഷം തന്നെ ഷമ്മി തിലകന്‍ സ്‌കോര്‍ ചെയ്തത് പാല്‍ തു ജാന്‍വറിലായിരുന്നു. ഷമ്മിയുടെ ഡോക്ടര്‍ കഥാപാത്രം കുറച്ച് സമയം മാത്രമേ വരുന്നുള്ളൂ. വേറൊരു ഗെറ്റപ്പിലാണ് ഷമ്മി ചിത്രത്തിലെത്തിയിരിക്കുന്നത്. മൊട്ടയടിച്ച് അദ്ദേഹത്തെ ഇതിന് മുമ്പ് മറ്റൊരു സിനിമയില്‍ കണ്ടിട്ടില്ല. ഡോക്ടര്‍ സുനിലിന്റെ മാനറിസങ്ങളും രസകരമായിരുന്നു. നമ്മള്‍ പുതുതായി ജോലി ചെയ്യാന്‍ പോകുന്ന സ്ഥലത്തെ ഒരു സീനിയറിന് ജൂനിയറായി വരുന്ന ആളോടുള്ള സ്നേഹവും ദേഷ്യവും ഈഗോയുമെല്ലാം ഈ കഥാപാത്രത്തിലൂടെ ഷമ്മി തിലകന്‍ രസകരമായി അവതരിപ്പിക്കുന്നുണ്ട്.

മലയന്‍കുഞ്ഞിലെ കേന്ദ്രകഥാപാത്രമായ അനിക്കുട്ടന്റെ അമ്മയെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ക്ക് അത്ര പരിചിതമായ മുഖമായിരുന്നില്ല. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ജയ കുറുപ്പിന് സിനിമയില്‍ ലഭിച്ച ആദ്യത്തെ മുഴുനീള കഥാപാത്രമായിരുന്നു മലയന്‍കുഞ്ഞിലെ ശാന്തമ്മ. സിനിമയിലെ ആദ്യത്തെ മുഴുനീള വേഷം അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പതര്‍ച്ചകളൊന്നുമില്ലാതെ ജയ ആ റോള്‍ ഗംഭീരമാക്കി. വെറും 44 വയസുള്ള ജയ അറുപതിനോടടുത്ത കഥാപാത്രത്തെ മികച്ചതാക്കി.

പട എന്ന ചിത്രം കണ്ടവരാരും അതിലെ കളക്‌റെ മറക്കാന്‍ സാധ്യതയില്ല. അജയ് ശ്രീപദ് ഡാങ്കേ എന്ന കളക്ടര്‍ കഥാപാത്രത്തെ മലയാളിയായ അര്‍ജുന്‍ രാധാകൃഷ്ണനാണ് അവതരിപ്പിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും കേരളത്തിലെത്തിയ ഒരാളുടെ സംസാര ശൈലിയും ഡയലോഗ് ഡെലിവെറിയും അര്‍ജുന്‍ സ്വാഭാവികമെന്ന് തോന്നുന്ന തരത്തില്‍ ചെയ്യുന്നുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ ശരീരഭാഷയും എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ്.

ഡിയര്‍ ഫ്രണ്ടിലെ ശ്യാമായി വന്ന് അര്‍ജുന്‍ വീണ്ടും പ്രേക്ഷക പ്രശംസ നേടിയിരുന്നു. കൂട്ടുകാരനാല്‍ വഞ്ചിക്കപ്പെടുന്ന, ഇഷ്ടപ്പെടാത്ത ജോലി ചെയ്യേണ്ടി വരുന്ന ഒരാളെ വളരെ കൃത്യമായി സ്‌ക്രീനിലെത്തിക്കാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അല്പം സൈലന്റ് ആയ, വീട്ടുകാരുടെ സമ്മര്‍ദം താങ്ങേണ്ടി വരുന്ന, അപമാനിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് ശ്യാം.

അര്‍ജുന്‍ ചെയ്ത ശ്യാമും ടൊവിനോ ചെയ്ത വിനോദും തമ്മിലുള്ള കണക്ഷനും സ്‌നേഹവും സിനിമയിലെ രസകരമായ ഒരു ട്രാക്ക് ആണ്. ഇഷ്ടപെട്ട ജോലി ചെയ്യാനായി സ്ട്രഗിള്‍ ചെയ്യേണ്ടി വരുന്ന ഒരാളുടെ വേദനയും നിസ്സഹായതയും അര്‍ജുന്റെ കയ്യില്‍ ഭദ്രമായിരുന്നു.

ഭൂതകാലം സിനിമയില്‍ ഏറ്റവും മികച്ച ഘടകമായി തോന്നിയത് കഥാപാത്രസൃഷ്ടിയും പെര്‍ഫോമന്‍സുകളുമായിരുന്നു. രേവതിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരുന്നു ചിത്രത്തിലെ ആശ. ക്ലിനിക്കല്‍ ഡിപ്രഷനിലൂടെ കടന്നുപോകുന്ന, ജീവിതത്തിലുടനീളം കടുത്ത ഒറ്റപ്പെടലും വേദനയും അനുഭവിച്ച, അതിനോടൊക്കെ പോരാടി നില്‍ക്കാന്‍ ശ്രമിക്കുന്ന ആ കഥാപാത്രത്തെ ഏറ്റവും ഭംഗിയായി രേവതി അവതരിപ്പിക്കുന്നുണ്ട്. അവരുടെ കരച്ചിലുകളും ദേഷ്യവും നിസഹായവസ്ഥയുമൊക്കെ രേവതി വ്യക്തമായി പ്രേക്ഷകരിലെത്തിച്ചു.

ദര്‍ശന രാജേന്ദ്രന്‍ നായികയായ ജയ ജയ ജയ ജയ ഹേയില്‍ ബേസിലിന്റെ അമ്മയായി അഭിനയിച്ച കുടശനാട് കനകത്തിന്റേയും പ്രകടനം ശ്രദ്ധ നേടിയിരുന്നു. മകന്റെ ഡൊമസ്റ്റിക് വയലന്‍സിനെ ന്യായീകരിക്കുന്ന അത് അവന്റെ അവകാശമായി കരുതി പോകുന്ന നമ്മുടെ സമൂഹത്തിലെ ഈ അമ്മ കഥാപാത്രത്തെ കനകം അവതരിപ്പിച്ചപ്പോഴുള്ള മാനറിസങ്ങളൊക്കെ ഗംഭീരമായിരുന്നു.

അപ്പന്‍ സിനിമയിലെ പൗളി വല്‍സന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ജീവിതകാലം മുഴുവന്‍ ദുരിതം തന്ന ഭര്‍ത്താവ് കിടപ്പിലായിട്ടും അവര്‍ക്ക് സ്വസ്ഥത ലഭിച്ചില്ല. സാധാരണ കോമഡി വേഷങ്ങളില്‍ കണ്ട് പൗളി ഈ ക്യാരക്ടര്‍ റോള്‍ ചെയ്ത് പ്രേക്ഷകമനസിലേക്കാണ് കയറിക്കൂടിയത്.

ഈക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പറയാനുള്ളത് സൗദി വെള്ളക്കയിലെ സത്താറിനെയാണ്. മഹേഷിന്റെ പ്രതികാരത്തിലൂടെയും മൂത്തോനിലൂടെയും ശ്രദ്ധേയനായ സുജിത്ത് ശങ്കറാണ് സത്താറിനെ അവതരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരത്തില്‍ ഒരു കലിപ്പനായിരുന്നെങ്കില്‍ മൂത്തോനില്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ശരീരപ്രകൃതിയാണ്. അതില്‍ നിന്നും സത്താറിലേക്ക് വരുമ്പോള്‍ കഥാപാത്രത്തിന്റെ ഉള്ളിലെ പേടിയും വിഷാദവും നിസഹായതയും കൃത്യമായി തന്നെ സുജിത്തില്‍ പ്രകടമായിട്ടുണ്ട്.

Content Highlight: best character roles of malayalam cinema in 2022