സ്വകാര്യ കമ്പനി 120 കോടി ടെൻഡർ ചോദിച്ച വന്ദേഭാരത് പകുതി വിലക്ക് നിർമിച്ച് പൊതുമേഖലാ സ്ഥാപനം ബെമൽ
national news
സ്വകാര്യ കമ്പനി 120 കോടി ടെൻഡർ ചോദിച്ച വന്ദേഭാരത് പകുതി വിലക്ക് നിർമിച്ച് പൊതുമേഖലാ സ്ഥാപനം ബെമൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2024, 2:18 pm

പാലക്കാട്: കേന്ദ്ര സർക്കാർ തുച്ഛ വിലക്ക് വിൽക്കാൻ ശ്രമിച്ച പൊതുമേഖലാ സ്ഥാപനമായ ഭാരത്‌ എർത്ത്‌ മൂവേഴ്‌സ്‌ ലിമിറ്റഡ്‌ (ബെമൽ ) ചുരുങ്ങിയ ചെലവിൽ വന്ദേഭാരത് നിർമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ട്രെയിനിന്റെ എഞ്ചിൻ ഉൾപ്പടെ പതിനാറ് കോച്ചുകളാണ് 67 .5 കോടി രൂപക്ക് ബെമൽ നിർമിച്ചിരിക്കുന്നത്.

ചെന്നൈ കോച്ച് ഫാക്ടറിയുടെ സ്ഥലം, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എല്ലാം ഉൾപ്പടെ 120 കോടിക്കാണ് ഒരു സ്വകാര്യ കമ്പനി വന്ദേഭാരതിന്റെ ടെൻഡർ എടുത്തിരിക്കുന്നത്. ഈ അവസരത്തിലാണ് ചുരുങ്ങിയ തുകയ്ക്ക് കോച്ചുകൾ നിർമിച്ച് ബെമൽ മുന്നോട്ടെത്തിയിരിക്കുന്നത്.

16 കോച്ചുകളുള്ള 80 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയിട്ടുമുണ്ട്. സ്വകാര്യ കമ്പനിയുടെ ടെൻഡർ തുക മൊത്തം 9600 കോടിയാണ്. എന്നാൽ ബെമലിന് ഇത് 5400 കോടി രൂപക്ക് നിർമിക്കാനാകും. നിലവിൽ 675 കോടിക്ക്‌ പത്ത്‌ ട്രെയിൻ സെറ്റ്‌ നിർമിക്കാനുള്ള ടെൻഡറാണ്‌ ബെമലിനുള്ളത്‌. കഞ്ചിക്കോട്‌ ഉൾപ്പെടെ നാല്‌ നിർമാണ യൂണിറ്റാണ് ബെമലിനുള്ളത്. ബംഗളൂരു യൂണിറ്റിൽ വെച്ചാണ് വന്ദേഭാരത്‌ സ്ലീപ്പർ കോച്ച്‌ നിർമിക്കുന്നത്.

 

1964 ലാണ് ബെമൽ സ്ഥാപിതമായത്. ബെംഗളുരുവിൽ റെയിൽ കോച്ചുകളുടെയും സ്പെയർ പാർട്സുകളുടെയും നിർമാണ കമ്പനിയാണിത്. 56,000 കോടി ആസ്‌തിയുള്ള കമ്പനിയെ 1800 കോടി രൂപക്കാണ് കേന്ദ്രം വിൽക്കാൻ തീരുമാനിച്ചത്‌. വിൽപ്പനയ്‌ക്കെതിരെ 1327 ദിവസമായി ജീവനക്കാർ സമരത്തിലായിരുന്നു. വന്ദേഭാരത്‌ ട്രെയിൻ കൂടി നിർമിച്ചതോടെ ബെമലിന്റെ ഓഹരിവില 3600ൽ നിന്ന്‌ 5000 രൂപയായി ഉയർന്നിട്ടും ഉണ്ട്.

വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തത്.
വന്ദേ ഭാരത് സ്ലീപ്പറിൻ്റെ പ്രോട്ടോടൈപ്പ് രാജധാനി എക്സ്പ്രസിനേക്കാളും മറ്റ് മോഡലുകളേക്കാളും മികച്ചതാണ്. വന്ദേ ഭാരതിൻ്റെ സ്ലീപ്പർ പതിപ്പിൻ്റെ ശരാശരി വേഗത രാജധാനി എക്സ്പ്രസിനേക്കാൾ മികച്ചതായിരിക്കും.

പ്രവർത്തനം ആരംഭിച്ചാൽ, ട്രെയിൻ ശരാശരി 160 കിലോമീറ്റർ വേഗതയിൽ ഓടാൻ സാധ്യതയുണ്ട്, അതേസമയം ട്രയൽ വേഗത 180 കിലോമീറ്ററായിരിക്കും.

Content Highlight: bermal built  Vande Bharat for half price , which asked for a tender of 120 crores by a private company,