ആടുജീവിതം സിനിമയാക്കാന്‍ മറ്റൊരു സംവിധായകന്‍ കൂടി എന്നെ സമീപിച്ചിരുന്നു; ബെന്യാമിന്‍
Entertainment
ആടുജീവിതം സിനിമയാക്കാന്‍ മറ്റൊരു സംവിധായകന്‍ കൂടി എന്നെ സമീപിച്ചിരുന്നു; ബെന്യാമിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st April 2024, 3:09 pm

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളിത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണങ്ങളാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പൃഥ്വിരാജ് എന്ന നടനില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ചിത്രം.

തന്റെ നോവലിനെ ഇതിലും മികച്ചതായി സ്‌ക്രീനില്‍ എത്തിക്കാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു. നോവലിറങ്ങിയ സമയത്ത് ബ്ലെസിയെക്കാള്‍ മുന്നേ മറ്റൊരു സംവിധായകന്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ബെന്യാമിന്‍ ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ബ്ലെസിയുമായി സംസാരിച്ച ശേഷം അയാളുടെ വിഷന്‍ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ബ്ലെസിയെക്കൊണ്ട് ഈ ചിത്രം ചെയ്യിച്ചതെന്നും ബെന്യാമിന്‍ പറഞ്ഞു.

‘ബ്ലെസി സാറിന് മുമ്പ് ലാല്‍ ജോസ് എന്നെ സമീപിച്ചിരുന്നു, ഈ നോവല്‍ സിനിമയാക്കാം എന്നു പറഞ്ഞിരുന്നു. ഞങ്ങള്‍ തമ്മില്‍ ഏകദേശം ധാരണയുമായതായിരുന്നു. ലാല്‍ ജോസ് ആ സമയത്ത് അറബിക്കഥയൊക്കെ എടുത്ത സമയമായിരുന്നു. സാധാരണ പോലെ ചെറിയൊരു സിനിമ എന്ന നിലയില്‍ അന്ന് തീരുമാനിച്ചിരുതാണ്. അതിന് ശേഷമാണ് ബ്ലെസി സാര്‍ എന്റെയടുത്തേക്ക് വരുന്നത്.

അദ്ദേഹവുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് അദ്ദേഹം ഈ കഥയെ കണ്‍സീവ് ചെയ്തിരിക്കുന്നതെന്ന് മനസിലായി. അദ്ദേഹം നോവല്‍ മാത്രമേ വായിച്ചിരുന്നുള്ളൂ, എങ്കില്‍ പോലും ഈ കഥ എത്ര വലുതാക്കി എടുക്കാന്‍ പറ്റുമെന്നും, ഇതിന്റെ ദൃശ്യഭാഷ എങ്ങനെയാകണെന്നും എന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ‘ആടുജീവിതം പോലെയൊരു സിനിമയെടുത്ത ശേഷം സിനിമാ കരിയര്‍ അവസാനിപ്പിച്ചാലും സന്തോഷമേയുള്ളൂ’ എന്നാണദ്ദേഹം പറഞ്ഞത്. അദ്ദേഹം ഈ കഥയെ കണ്‍വിന്‍സ് ചെയ്ത രീതിയും അതുവരെ ഇറങ്ങിയ ബ്ലെസി സാറിന്റെ സിനിമകളുടെ ക്വാളിറ്റിയുമെല്ലാം കാരണമാണ് അദ്ദേഹത്തിന് ഈ സിനിമ കൊടുത്തത്,’ ബെന്യാമിന്‍ പറഞ്ഞു.

Content Highlight: Benyamin saying that another director approached him to direct Aadujeevitham