Cricket
അഞ്ചാം ടെസ്റ്റിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപ്പിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ബെൻ സ്‌റ്റോക്സ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 07, 03:14 am
Thursday, 7th March 2024, 8:44 am

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ.

ധര്‍മശാലയില്‍ നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്ക്സ്. അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ബെന്‍ സ്റ്റോക്‌സ് പറഞ്ഞത്.

‘ടെസ്റ്റ് പരമ്പരകളില്‍ നീണ്ട ദിവസങ്ങളില്‍ മത്സരങ്ങള്‍ കളിക്കാനാണ് ടീമുകള്‍ ഇന്ത്യയില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളിപ്പോള്‍ തിരിച്ചു ഇംഗ്ലണ്ടിലേക്ക് പോകുന്നതിനെക്കുറിച്ച് അല്ല ചിന്തിക്കുന്നത്. മത്സരം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ക്ക് തിരിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കാം.

എന്നാല്‍ അതല്ല ഞങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ. കളി കഴിഞ്ഞാല്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു പോവുകയുള്ളൂ. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട് അതുകൊണ്ടുതന്നെ കളി ജയിക്കാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്; ബെൻ സ്‌റ്റോക്സ് പറഞ്ഞു

ബാസ്‌ബോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീം പരാജയപ്പെടുന്നത് ഇത് ആദ്യമായാണ്. ബ്രണ്ടന്‍ മക്കല്ലത്തിന്റെയും ബെന്‍ സ്റ്റോക്‌സിന്റെയും കീഴില്‍ ആദ്യമായാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെടുന്നത്. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 3-1ന് രോഹിത്തും സംഘവും പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ ജയത്തോടെ തലയുയര്‍ത്തി മടങ്ങാനാവും സ്റ്റോക്‌സിന്റെ കീഴില്‍ ഇംഗ്ലീഷ് പട ലക്ഷ്യമിടുക.

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്ണ്‍, ഷോയ്ബ് ബഷീര്‍.

Content Highlight: Ben Stokes talks about India vs England 5th test match