യെന്റമ്മോ...എറിഞ്ഞ ഒരു ബോളില്‍ സ്വന്തമാക്കിയത് മൂന്ന് റെക്കോഡ്; ഇംഗ്ലണ്ടിന്റെ ഇടിമിന്നല്‍!
Sports News
യെന്റമ്മോ...എറിഞ്ഞ ഒരു ബോളില്‍ സ്വന്തമാക്കിയത് മൂന്ന് റെക്കോഡ്; ഇംഗ്ലണ്ടിന്റെ ഇടിമിന്നല്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2024, 9:50 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചിരിക്കുകയാണ്. 371 റണ്‍സാണ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. ഇതോടെ 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് മുന്നില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയത്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് പുരോഗമിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് ആണ് ടീമിന് നേടാന്‍ സാധിച്ചത്. വിന്‍ഡീസ് ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത് വൈറ്റിനെയാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. 26 പന്തില്‍ നാല് റണ്‍സ് നേടിയ താരത്തെ ഇംഗ്ലണ്ടിന്റെ മാസ്റ്റര്‍ ബൗളര്‍ ആന്‍ഡേഴ്‌സണ്‍ ആണ് പുറത്താക്കിയത്. കിര്‍ക് മെക്കന്‍സിയെ പൂജ്യം റണ്‍സിന് ബെന്‍ സ്റ്റോക്‌സ് ഒരു എല്‍.ബി.ഡബ്ല്യുവില്‍ പറഞ്ഞയക്കുകയും ചെയ്തു. 14 റണ്‍സ് നേടിയ ഓപ്പണര്‍ മിക്കി ലൂയിസിനെയും സ്റ്റോക്‌സാണ് പറഞ്ഞയച്ചത്. എന്നാല്‍ ആദ്യ വിക്കറ്റില്‍ സ്റ്റോക്‌സ് മൂന്ന് തകര്‍പ്പന്‍ നേട്ടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ടെസ്റ്റില്‍ തന്റെ 100ാം വിക്കറ്റ് നേടാനും ടെസ്റ്റില്‍ 200 വിക്കറ്റ് നേടാനും ഇന്റര്‍നാഷണലില്‍ 300 വിക്കറ്റ് തികയ്ക്കാനുമാണ് സ്റ്റോക്‌സിന് സാധിച്ചത്.

ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ച വച്ചത് ജെയ്ഡന്‍ സീല്‍സാണ്. 20 ഓവര്‍ പൂര്‍ത്തിയാക്കി അഞ്ച് മെയ്ഡന്‍ അടക്കം 77 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. 3.85 എന്ന മികച്ച എക്കണോമിയും താരം നിലനിര്‍ത്തി. ജയ്‌സണ്‍ ഹോള്‍ഡര്‍, ഗുടകേഷ് മോട്ടി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ അല്‍സാരി ജോസഫ് ഒരു ഒരു വിക്കറ്റും സ്വന്തമാക്കി.

ഇംഗ്ലണ്ടിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ സാക്ക് ക്രോളിയാണ്. 89 പന്തില്‍ നിന്ന് 14 ബൗണ്ടറി അടക്കം 76 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. താരത്തിന് പുറമേ അരങ്ങേറ്റക്കാരന്‍ ജാമി സ്മിത്ത് 119 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടി ക്ലാസ് ക്രിക്കറ്റ് കളിച്ചു. ജോ റൂട്ട് 114 പന്തില്‍ 68 റണ്‍സ് നേടി തിളങ്ങിയപ്പോള്‍ ഒല്ലി പോപ് 74 പന്തില്‍ 57 റണ്‍സും നേടി. ഹരി ബ്രോക്ക് 64 പന്തില്‍ 50 റണ്‍സ് നേടിയാണ് പുറത്തായത്. തകര്‍പ്പന്‍ ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് താരങ്ങളാണ് അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയത്.

വിന്‍ഡീസിന് വേണ്ടി പന്തെറിഞ്ഞ് ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത താരവും അല്‍സാരിയായിരുന്നു. 18 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 106 റണ്‍സ് ആണ് താരം വിട്ടുകൊടുത്തത്.

 

Content highlight: Ben Stokes In Great Record Achievement In One Ball