ഇ.പി പറയുന്നത് വിശ്വസിക്കുന്നു, വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചമച്ചുണ്ടാക്കിയത്: എം.വി ഗോവിന്ദന്‍
Kerala News
ഇ.പി പറയുന്നത് വിശ്വസിക്കുന്നു, വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ചമച്ചുണ്ടാക്കിയത്: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 11:54 am

തിരുവനന്തപുരം: ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന പുസ്തകത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇ.പി ജയരാജന്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ജയരാജനെ വിശ്വസിക്കുന്നുവെന്നുമാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.

ഇടതുപക്ഷത്തിന് അനുകൂലമായി രാഷ്ട്രീയ സാഹചര്യങ്ങളും തെരഞ്ഞെടുപ്പും ഉണ്ടാവുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളിലൂടെ ചമച്ച് വിടുന്ന വാര്‍ത്തകളായി ഇക്കാര്യങ്ങളെ കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞിട്ടുണ്ടെന്നും വരുന്നത് വ്യാജവാര്‍ത്തകളാണെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്താ മാധ്യമങ്ങള്‍ പലതും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും അതില്‍ ഇടതുപക്ഷത്തിന് പുതിയതായൊന്നുമില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഡി.സി. ബുക്സ് ഇ.പി ജയരാജന്റെ ആത്മകഥയെന്ന് അവകാശപ്പെട്ട് കൊണ്ട് പുസ്തകത്തിന്റെ കവര്‍ ഉള്‍പ്പടെ പുറത്തുവിട്ടത്. കട്ടന്‍ ചായയും പരിപ്പുവടയും എന്നാണ് പുസ്തകത്തിന്റെ പേര് എന്നാണ് ഡി.സി. അവകാശപ്പെട്ടത്. ഇ.എം.എസും ഇ.പി ജയരാജനും ഒരുമിച്ചിരിക്കുന്ന ചിത്രമായിരുന്നു പുസ്തകത്തിന്റെ കവര്‍. പിന്നാലെ പുസ്തകത്തിലെ ഉള്ളടക്കങ്ങള്‍ എന്ന പേരില്‍ 24 ന്യൂസ് ചില പേജുകള്‍ ഇന്ന് രാവിലെ പുറത്തുവിടുകയും ചെയ്തു.

പുസ്തകത്തിലുള്ളത് എന്ന് അവകാശപ്പെട്ട് കൊണ്ട് 24 ന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി പി.സരിനെ കുറിച്ചും ഇ.പിയും പ്രകാശ് ജാവദേകറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ളതുമായിരുന്നു. രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങളും പുസ്തകത്തിലുള്ളതായി മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ഈ വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇ.പി താന്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തില്‍ ഈ കാര്യങ്ങളൊന്നുമില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും വ്യക്തമാക്കി രംഗത്തെത്തിയത്. ഏതെങ്കിലും പ്രസാധകരുമായി താന്‍ കരാറിലെത്തിയിട്ടില്ലെന്നും മാതൃഭൂമിയും പുസ്തകത്തിന് വേണ്ടി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മാത്രവുമല്ല പുസ്തകത്തിന് താന്‍ പേരിടുകയോ, പുസ്തകത്തിന്റെ എഴുത്ത് പൂര്‍ത്തിയാകയോ ചെയ്തിട്ടില്ലെന്നും ഇ.പി. ജയരാജന്‍ പറയുന്നു. താന്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും താന്‍ അറിയാതെ എങ്ങിനെയാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നും ഇ.പി. ചോദിക്കുന്നു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകത്തിലെ ഉള്ളടക്കം എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തു വന്നതില്‍ ഗൂഢാലോചനയുണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഇ.പി. ജയരാജന്റെ പ്രതികരണത്തിന് പിന്നാലെ പുസ്തകത്തിന്റെ പ്രകാശനം നീട്ടിവെക്കുന്നതായി ഡി.സി. ബുക്സ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്നം കാരണം പ്രകാശനം കുറച്ചു ദിവസത്തേക്ക് നീട്ടി വെച്ചിരിക്കുന്നു എന്നാണ് ഡി.സി. ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി.സി. പറയുന്നു.

Content Highlight: Believe what EP says, news fabricated by media: MV Govindan