ശ്രീനഗര്‍: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനെ വിമര്‍ശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി.
നാല് കര്‍ഷകരെ കൊന്ന മന്ത്രി പുത്രന് പിറകെ പോകാതെ കേന്ദ്ര ഏജന്‍സി 23 കാരന്റെ പിറകെ പോവുകയാണെന്ന് മെഹ്ബൂബ പറഞ്ഞു. പേരിന് പിറകില്‍ ഖാന്‍ എന്നുള്ളതുകൊണ്ട് മാത്രമാണ് ആര്യന്‍ ഖാന്‍ വേട്ടയാടപ്പെടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ മുസ്‌ലിങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും ഇത് നീതിയെ പരിഹസിക്കുന്നതാണെന്നും മെഹബുബ പറഞ്ഞു.
അതേസമയം, ഇന്ന് കോടതി വീണ്ടും ആര്യന് ജാമ്യം നിഷേധിച്ചിരുന്നു. ആര്യന്‍ ഖാന്റെ ഹരജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ വെള്ളിയാഴ്ച കോടതി ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.
അതേസമയം, ആഡംബര കപ്പലിലെ പാര്‍ട്ടിയ്ക്കിടെ പിടിയിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പക്കല്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.
ആഡംബര കപ്പലില്‍ ഉണ്ടായിരുന്ന മറ്റുചിലരില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 13 ഗ്രാം കൊക്കെയ്ന്‍, അഞ്ച് ഗ്രാം മെഫെഡ്രോന്‍,21 ഗ്രാം ചരസ്, 22 എം.ഡി.എം.എ ഗുളികകള്‍, 133000 രൂപ എന്നിവയാണ് എന്‍.സി.ബി കപ്പലില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.