ഇന്ത്യന്‍ ക്രിക്കറ്റിന് ലോകക്രിക്കറ്റ് ഭൂപടത്തിലെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഐ.പി.എല്‍ വഹിച്ച പങ്ക് ചെറുതല്ല. 2008ല്‍ ആരംഭിക്കുമ്പോള്‍ ഒരു സാധാരണ ഫ്രാഞ്ചൈസി ലീഗ് മാത്രമായിരുന്ന ഐ.പി.എല്‍, ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് വളര്‍ച്ച പ്രാപിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വമായിരുന്നു ഐ.പി.എല്‍ സമ്മാനിച്ചത്. പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനും ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുക്കാനും ഐ.പി.എല്‍ എന്നും മുമ്പില്‍ തന്നെയായിരുന്നു.
പുരുഷ ക്രിക്കറ്റില്‍ സംഭവിച്ച അതേ മാറ്റം വനിതാ ക്രിക്കറ്റിലും നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് ബി.സി.സി.ഐ. അടുത്ത വര്‍ഷം ആദ്യം മുതല്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.സി.സി.ഐ രാജ്യത്തെ എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും അയച്ച കത്തില്‍ വനിതാ ഐ.പി.എല്ലിനെ കുറിച്ച് വിശദമായി പരാമര്‍ശിക്കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തില്‍ വനിതാ ഐ.പി.എല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നതാണ് കത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ വിശദീകരിക്കുന്നത്.
‘നമ്മള്‍ ഏറ്റവുമധികം കാത്തിരുന്ന വനിതാ ഐ.പി.എല്ലിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് ബി.സി.സി.ഐ ഇപ്പോള്‍ നടത്തുന്നത്. അടുത്ത വര്‍ഷം ആദ്യം വനിതാ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ തുടങ്ങാനാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്,’ സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്തില്‍ ബി.സി.സി.ഐ പറയുന്നു.
വനിതാ ഐ.പി.എല്ലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും കത്തില്‍ പറയുന്നു.
ഇതിന് പുറമെ പുരുഷ ഐ.പി.എല്‍ ഹോം – എവേ ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തുമെന്നും കത്തില്‍ പറയുന്നു.
‘പുരുഷ ഐപി.എല്ലിന്റെ അടുത്ത സീസണ്‍ ഹോം അന്‍ഡ് എവേ ഫോര്‍മാറ്റിലേക്ക് മാറും. പത്ത് ടീമുകളും അവരുടെ ഹോം മത്സരങ്ങള്‍ നിശ്ചയിക്കപ്പെട്ട വേദികളില്‍ കളിക്കും,’ കത്തില്‍ പറയുന്നു.
കൊവിഡ് കാരണം മഹാരാഷ്ട്രയായിരുന്നു ഐ.പി.എല്‍ 2022ന്റെ വേദി. മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഐ.പി.എല്‍ 2022ന്റെ 90 ശതമാനവും മത്സരങ്ങള്‍ നടന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മാത്രമായിരുന്നു മഹാരാഷ്ട്രക്ക് പുറത്ത് വെച്ച് നടന്നത്.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ഐ.പി.ല്‍ 2022ന്റെ ഫൈനല്‍ മത്സരം നടന്നത്. തങ്ങളുടെ രണ്ടാം കിരീടം മോഹിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പിച്ച് ആദ്യ സീസണ്‍ കളിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ചാമ്പ്യന്‍മാരായത്.
അതേസമയം, വനിതാ ഐ.പി.എല്ലിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഐപി.എല്ലില്‍ ഇപ്പോഴുള്ള ടീമുകള്‍ തന്നെയാണോ വനിതാ ഐ.പി.എല്ലിനുണ്ടാവുക അതോ പുതിയ ഫ്രാഞ്ചൈസികളാകുമോ എന്നതാണ് പ്രധാന ചോദ്യം.
ഓസ്‌ട്രേലിയയുടെ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ (ബി.ബി.എല്‍) ഒരു ഫ്രാഞ്ചൈസിക്ക് പുരുഷ ടീമും വനിതാ ടീമുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണോ വനിതാ ഐ.പി.എല്ലിന് ചട്ടക്കൂടൊരുങ്ങുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.
അങ്ങനെ ആണെങ്കിലും അല്ലെങ്കിലും വനിതാ ഐ.പി.എല്‍ ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന് ഉണ്ടാക്കുന്ന മുന്നേറ്റം ചില്ലറയായിരിക്കിക്കില്ല എന്നുറപ്പാണ്.