രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കുന്നതോടെ ബി.സി.സി.ഐ ഇന്ത്യന്‍ പുരുഷ ടീമിന് പുതിയ പരിശീലകനെ തേടുകയാണ്. ഇതിന്റെ ഭാഗമായി യോഗ്യരായവരില്‍ നിന്ന് അപെക്‌സ് ബോര്‍ഡ് അപേക്ഷകളും ക്ഷണിച്ചിരുന്നു.
പരിശീലകനാകണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് അന്താരാഷ്ട്ര തലത്തില്‍ 30 ടെസ്റ്റ് മത്സരങ്ങളോ 50 ഏകദിനങ്ങളോ കളിച്ചവരാകണം. അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു ഫുള്‍ മെമ്പറായിട്ടുള്ള ടെസ്റ്റ് പ്ലെയിങ് ടീമിനെ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും പരിശീലിപ്പിച്ചവരുമായിരിക്കണം.
ഇത്തവണ ഗൂഗില്‍ ഫോം നല്‍കിയാണ് ബി.സി.സി.ഐ അപേക്ഷകള്‍ ക്ഷണിച്ചത്. ഇതോടെ ഇന്ത്യന്‍ പരിശീലകനാകാന്‍ ‘ഒരു പണിയുമില്ലാത്തവരും’ അപേക്ഷകളയച്ചു.
എന്നാല്‍ വ്യാജ പേരുകള്‍ ഇപയോഗിച്ചാണ് ഇവര്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷകളയച്ചത്. മുന്‍ നായകന്‍ എം.എസ്. ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ പേരിലടക്കം ബി.സി.സി.ഐക്ക് വ്യാജ അപേക്ഷകള്‍ ലഭിച്ചിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കണ്ടം ക്രിക്കറ്റ് കളിച്ച പരിചയത്തില്‍ ഒരു ഡോക്ടറും ഇന്ത്യയുടെ കോച്ചാകന്‍ അപേക്ഷ അയച്ചിരുന്നു.
‘എന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ ഗള്ളി ക്രിക്കറ്റ് കളിച്ചിരുന്നു. എന്റെ പന്ത് ബാറ്റര്‍മാര്‍ക്ക് ഒരിക്കല്‍പ്പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. കാരണം ഞാനെറിയുന്ന പന്ത് ഒരിക്കലും സ്റ്റമ്പിനടുത്ത് എത്തിയിരുന്നില്ല.
ഞാനുമൊരു സ്റ്റൈലിഷ് ബാറ്ററായിരുന്നു. വളരെയധികം സ്റ്റൈലിഷ് എന്ന് തന്നെ പറയാം. തൊപ്പി, ഷേഡ്‌സ്, ച്യൂയിങ് ഗം, സണ്‍സ്‌ക്രീന്‍, പോക്കറ്റില്‍ നിന്നും പുറത്തേക്ക് ചാടുന്ന ചുവന്ന തൂവാല കളിക്കുമ്പോള്‍ ഇതെല്ലാം ഞാന്‍ ഉപയോഗിച്ചിരുന്നു,’ അയാള്‍ തന്റെ യോഗ്യതയെ ന്യായീകരിക്കുകയും ചെയ്യുന്നു.
‘കഴിഞ്ഞ വര്‍ഷവവും ബി.സി.സി.ഐക്ക് ഇത്തരത്തില്‍ നിരവധി വ്യാജ അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇത്തവണയും സമാന അനുഭവമാണുള്ളത്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തവണ 5,000ലധികം വ്യാജ അപേക്ഷകളാണ് ഇത്തരത്തില്‍ ബി.സി.സി.ഐക്ക് ലഭിച്ചത്.