ഇന്ത്യയിലുടെ ടി-20 ലോകകപ്പ് തോല്‍വി തന്നെ വളരെയധികം നിരാശപ്പെടുത്തിയെന്ന് ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം പ്രകടനമാണ് ടീം ഇന്ത്യ യു.എ.ഇയില്‍ നടത്തിയതെന്നും ഗാംഗുലി പറഞ്ഞു.
ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ തന്നെ പാകിസ്ഥാനോട് തോറ്റായിരുന്നു ഇന്ത്യയുടെ തുടക്കം. അടുത്ത മത്സരത്തില്‍ ടീം ന്യൂസിലാന്റിനോടും പരാജയപ്പെടുകയായിരുന്നു.
‘ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ 2017ഉം 2019ഉം ഇന്ത്യയെ സംബന്ധിച്ച് നല്ല കാലമായിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് തോല്‍ക്കുമ്പോള്‍ ഞാന്‍ കമന്റേറ്ററായിരുന്നു.
പിന്നീട് നടന്ന 2019 ലോകകപ്പിലും മികച്ച, സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു നമ്മള്‍ നടത്തിക്കൊണ്ടിരുന്നത്. നിര്‍ഭാഗ്യവശാല്‍ സെമി ഫൈനലില്‍ ന്യൂസിലാന്റിനോട് പരാജയപ്പെട്ടു. ആ ഒരു മോശം ദിവസം കാരണം രണ്ട് മാസത്തെ കഠിനാധ്വാനം വെറുതെയായി.
എന്നാല്‍ ഈ ലോകകപ്പിലെ പ്രകടനത്തില്‍ താന്‍ വളരെയധികം നിരാശനാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ നടത്തിയ ഏറ്റവും മോശം പ്രകടനമാണിത്,’ഗാംഗുലി പറഞ്ഞു.
എന്താണ് ടീമിന് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘വലിയ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. പാകിസ്ഥാനും ന്യൂസിലാന്റിനും എതിരെ കളിക്കുമ്പോള്‍ അവരുടെ കഴിവിന്റെ 15 ശതമാനം മാത്രമെടുത്ത് കളിക്കുന്നതായാണ് തോന്നിയത്,’ അദ്ദേഹം പറയുന്നു.
എല്ലാ വര്‍ഷവും ഓരോ മേജര്‍ ടൈറ്റില്‍ ടൂര്‍ണമെന്റ് നടക്കുന്നതിനാല്‍ അവര്‍ ഇതിന്‍ നിന്നും പാഠമുള്‍ക്കൊള്ളുമെന്ന് കരുതുന്നതായും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
ടി-20 ലോകകപ്പോടെ വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞെന്നും പകരം നായകസ്ഥാനത്തെത്തിയ രോഹിത് ശര്‍മയും ടീമും ഹോം മത്സരത്തില്‍ ന്യൂസിലാന്റിനെ നിലം പരിശാക്കിയെന്നും ഇതേ രീതിയില്‍ കളിക്കാന്‍ സാധിച്ചാല്‍ ടീം എന്ന നിലയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.