ബംഗ്ലാദേശിനെതിരെയല്ല, ഓസ്‌ട്രേലിയക്കെതിരെ അവൻ മികച്ച പ്രകടനം നടത്തും: ബാസിത് അലി
Cricket
ബംഗ്ലാദേശിനെതിരെയല്ല, ഓസ്‌ട്രേലിയക്കെതിരെ അവൻ മികച്ച പ്രകടനം നടത്തും: ബാസിത് അലി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd September 2024, 2:56 pm

ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 280 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെ തകര്‍ത്തുവിട്ടത്. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ വിരാടിന്റെ ബംഗ്ലാദേശിനെതിരെയുള്ള കോഹ്‌ലിയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ബാസിത് അലി. വലിയ താരങ്ങള്‍ ചെറിയ ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തില്ലെന്നാണ് ബാസിത് പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ പാക് താരം.

‘ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയില്‍ വിരാട് ഫോമിലേക്ക് തിരിച്ചെത്തും. ഓസ്ട്രേലിയയിലെ പേസ് വിക്കറ്റുകള്‍ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെടും. വലിയ കളിക്കാര്‍ക്ക് പലപ്പോഴും ദുര്‍ബലരായ ടീമുകള്‍ക്കെതിരെ ശ്രദ്ധ നഷ്ടപ്പെടും. എന്നാല്‍ അവര്‍ കഠിനമായ ടീമുകള്‍ക്കെതിരെ നന്നായി കളിക്കും,’ ബാസിത് അലി പറഞ്ഞു.

ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആവേശകരമായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നവംബര്‍ 22 മുതല്‍ ജനുവരി ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ വെച്ച് കളിക്കുക.

ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് കോഹ്‌ലിക്കുള്ളത്. 25 റെഡ് ബോള്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയക്കെതിരെ ബാറ്റെടുത്ത വിരാട് 2042 റണ്‍സാണ് നേടിയിട്ടുള്ളത്. കങ്കാരുപ്പടക്കെതിരെ ടെസ്റ്റില്‍ 47.49 ആവറേജിലാണ് താരം ബാറ്റ് വീശിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ വിരാട് ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. താരത്തിന്റെ ഈ മിന്നും പ്രകടനം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം നിലവില്‍ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചു. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Basit Ali Talks About Virat Kohli