Entertainment news
'ഉഷയെ പോലല്ല, ബ്രൂസ്‌ലി ബിജിയെ പോലെയാവൂ'; വനിത ശിശുവികസന വകുപ്പിന്റെ വീഡിയോയില്‍ ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 28, 03:21 pm
Monday, 28th February 2022, 8:51 pm

വനിത ശിശുവികസന വകുപ്പിനായി പുതിയ വീഡിയോയില്‍ പങ്കാളിയായി ബേസില്‍ ജോസഫ്. ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ് ടാഗില്‍ വന്ന വീഡിയോയിലാണ് ബേസില്‍ എത്തിയത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലൂന്നിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

മിന്നല്‍ മുരളിയിലെ ഉഷയെ പോലെ ആരേയും ആശ്രയിക്കാതെ പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ബേസില്‍ വീഡിയോയില്‍ പറയുന്നു.

‘മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസായി ജീവിക്കാമായിരുന്നില്ലേ. മകളുടെ ചികിത്സ നടത്താമായിരുന്നില്ലേ.

സ്ത്രീകള്‍ക്ക് ഫ്രീഡം മാത്രമല്ല, ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടൂ. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച,’ ബേസില്‍ വീഡിയോയില്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗമായുള്ള വിവിധ പരിപാടികളില്‍ നേരത്തേയും മിന്നല്‍ മുരളി ടീം ഭാഗമായിരുന്നു. കേരള പൊലീസ് റോഡ് സുരേക്ഷയേയും ഹെല്‍മറ്റ് ധരിക്കുന്നതിനെ പറ്റിയും അവബോധം നല്‍കുന്ന വീഡിയോയില്‍ മിന്നല്‍ മുരളിയായി ടൊവിനോ തോമസും എത്തിയിരുന്നു.

നെറ്റ്ഫ്‌ളിക്‌സിന്റെ ക്രിസ്മസ് റിലീസായിട്ടാണ് മിന്നല്‍ മുരളി പ്രദര്‍ശനത്തിന് എത്തിയത്.

ചിത്രം കേരളത്തില്‍ മാത്രമല്ല രാജ്യത്തിന് പുറത്തും ആരാധകരെ സ്വന്തമാക്കിയിരുന്നു. മലയാള സിനിമയില്‍ ഒരു സൂപ്പര്‍ഹീറോ എന്ന വിശേഷണത്തോടെയായിരുന്നു ‘മിന്നല്‍ മുരളി’ എത്തിയത്.


Content Highlight: basil joseph became a part of a video by wcdkerala