കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി പഠിക്കാന്‍ പൊയ്‌ക്കോട്ടെ എന്ന് ചെറുക്കനോടും വീട്ടുകാരോടും പെര്‍മിഷന്‍ ചോദിക്കുന്നതേ തെറ്റാണ്: ബേസില്‍ ജോസഫ്
Entertainment news
കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി പഠിക്കാന്‍ പൊയ്‌ക്കോട്ടെ എന്ന് ചെറുക്കനോടും വീട്ടുകാരോടും പെര്‍മിഷന്‍ ചോദിക്കുന്നതേ തെറ്റാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st October 2022, 1:00 pm

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജയ ജയ ജയ ജയഹേ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ജയഭാരതി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം കഥ പറഞ്ഞ് പോകുന്നത്. ദര്‍ശനയാണ് ടൈറ്റില്‍ റോളിലെത്തുന്നത്.

ചിത്രത്തില്‍ ജയയുടെ കഥാപാത്രത്തെ തന്റെ കഥാപാത്രമായ രാജേഷ് പെണ്ണുകാണാന്‍ വരുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍. പെണ്ണുകാണാന്‍ വരുന്ന ചെറുക്കനോടും വീട്ടുാകരോടും കല്യാണശേഷം പെണ്‍കുട്ടിക്ക് പഠിക്കാന്‍ പോകാന്‍ പെര്‍മിഷന്‍ ചോദിക്കുന്നതിനെ കുറിച്ചാണ് ബേസില്‍ പറയുന്നത്.

”ടീസറില്‍ കാണുന്നത് പോലെ ദര്‍ശനയുടെ ക്യാരക്ടറായ ജയ അല്ല പഠിക്കാന്‍ പൊയ്‌ക്കോട്ടെ എന്ന് ചോദിക്കുന്നത്. പെണ്ണുകാണാന്‍ വന്നിരിക്കുമ്പോള്‍ ജയയുടെ വീട്ടുകാര്‍ക്കൊക്കെ ഇത് ചോദിക്കാന്‍ മടി. ഒടുവില്‍ ‘കല്യാണം കഴിഞ്ഞാല്‍ ജയക്ക് പഠിക്കാന്‍ പോണം എന്നാണ് പറയുന്നത്’ എന്ന് ജയയുടെ ആങ്ങളയാണ് ചോദിക്കുന്നത്.

അത്രയും ബില്‍ഡപ്പാണ് ഈയൊരു ചോദ്യം ചോദിക്കാന്‍. ജയയ്ക്ക് ഇത് ചോദിക്കാന്‍ പറ്റുന്നില്ല.

ശരിക്ക് ഇത് ചോദിക്കുന്നത് തന്നെ തെറ്റാണ്. കെട്ടാന്‍ വന്നിരിക്കുന്നവന്റെ അടുത്ത് പഠിക്കാന്‍ പോകാന്‍ പെര്‍മിഷന്‍ ചോദിക്കേണ്ട കാര്യമേയില്ല. പഠിക്കാന്‍ പോണമെങ്കില്‍ പോണം, അത്രേയുള്ളൂ.

പക്ഷെ ജയയുടെ കാര്യത്തില്‍ ഈ പെര്‍മിഷന്‍ ചോദിക്കുന്നു. അത് കേട്ടപ്പോള്‍ തന്നെ ചെറുക്കന്റെ വീട്ടുകാര്‍ ഞെട്ടിയ ഒരു റിയാക്ഷന്‍ കൊടുക്കുന്നു. ചെറുക്കനും ദേഷ്യത്തില്‍ റിയാക്ട് ചെയ്യുന്നു.

എന്നിട്ട്, കുറച്ച് ആലോചിച്ച ശേഷം ‘പി.എസ്.സി വല്ലതും എഴുതിക്കിട്ടുവാണെങ്കില്‍ പൊയ്‌ക്കോട്ടെ’ എന്ന് അയാള്‍ പറയുന്നു. അപ്പൊഴാണ് ജയയുടെ വീട്ടുകാര്‍ക്ക് സമാധാനമാകുന്നത്.

ഇത് വളരെ സീരിയസായുള്ള കാര്യമാണ്. ഒന്നാമത് ഇയാളുടെ അടുത്ത് പെര്‍മിഷന്‍ ചോദിക്കേണ്ട കാര്യമില്ല. കല്യാണം കഴിഞ്ഞ് മ്യൂച്വലി സംസാരങ്ങളുണ്ടാകണം എന്നതിനപ്പുറം ഇതില്‍ പെര്‍മിഷന്‍ ചോദിക്കേണ്ടതില്ല.

പക്ഷെ സിനിമയില്‍ ഇത് ഹ്യൂമറിലൂടെയാണ് ട്രീറ്റ് ചെയ്യുന്നത്.

കാണുന്നവര്‍ക്ക് ചിരി വരും. പക്ഷെ ‘ഓ ഞാനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ’ എന്ന് എല്ലാവര്‍ക്കും തോന്നും. അങ്ങനെയാണ് ഈ സിനിമയുടെ ട്രീറ്റ്‌മെന്റ്,” ബേസില്‍ പറഞ്ഞു.

Content Highlight: Basil Joseph talks about the system of girls and her family ask permission of the husband to study further