Entertainment
ഒരൊറ്റ പാട്ടിലൂടെ തന്നെ യുവാക്കളുടെ ഹാര്‍ട്ട്‌ത്രോബായ നടി; ഞാന്‍ അവളുടെ ഫാനാണ്: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 06:03 am
Sunday, 24th November 2024, 11:33 am

‘ഓം ശാന്തി ഓശാന’യിലെ നസ്രിയയെ കണ്ട് ഈ കുട്ടി കൊള്ളാമല്ലോയെന്ന് തോന്നിയിരുന്നെന്നും സിനിമ കണ്ട് താന്‍ നടിയുടെ ആരാധകനായെന്നും പറയുകയാണ് ബേസില്‍ ജോസഫ്.

ആ സിനിമയുടെ മുമ്പ് ‘നേരം’ എന്ന സിനിമയിലൂടെ നസ്രിയ സെന്‍സേഷന്‍ ആയിരുന്നെന്നും ‘വാതില്‍ മെല്ലെ’ എന്ന പാട്ടിലൂടെ നടി യുവാക്കളുടെ ഹാര്‍ട്ട്‌ത്രോബായെന്നും ബേസില്‍ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘പണ്ട് പടം കണ്ടിട്ട് നസ്രിയയുടെ ഫാനായ ആളാണ് ഞാന്‍. ‘ഓം ശാന്തി ഓശാന’ കണ്ടിട്ട് ഈ കുട്ടി കൊള്ളാമെന്ന് തോന്നിയിരുന്നു. ആരാണ് ഈ ന്യൂസ് സെന്‍സേഷന്‍ എന്നോര്‍ത്തു.

പിന്നെ അതിന് മുമ്പേ തന്നെ നസ്രിയ ഒരു സെന്‍സേഷന്‍ ആയിരുന്നല്ലോ. ‘ഓം ശാന്തി ഓശാന’ക്ക് മുമ്പ് ‘നേരം’ സിനിമ ഇറങ്ങിയിരുന്നല്ലോ. അതിനും മുമ്പേ ആയിരുന്നു ‘വാതില്‍ മെല്ലെ തുറന്നൊരു നാളില്‍’ എന്ന പാട്ട് പുറത്തിറങ്ങിയത്.

അന്നത്തെ യുവാക്കളുടെ ഹാര്‍ട്ട്‌ത്രോബ് അല്ലായിരുന്നോ നസ്രിയ (ചിരി). ഞാന്‍ അന്ന് അവളുടെ ഫാനായിരുന്നു. എനിക്ക് അത് അംഗീകരിച്ചു കൊടുക്കുന്നതില്‍ ബുദ്ധിമുട്ടൊന്നുമില്ല,’ ബേസില്‍ ജോസഫ് പറയുന്നു.

നസ്രിയയോടൊപ്പം ആദ്യമായി ഒന്നിച്ചെത്തിയ ബേസിലിന്റെ ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ചിത്രം സംവിധാനം ചെയ്തത് എം.സി. ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തിയത്. നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും സൂക്ഷ്മദര്‍ശിനിക്കുണ്ട്.

Content Highlight: Basil Joseph Talks About Nazriya