അവന്‍ അങ്ങനെ ഒന്നിട്ടപ്പോള്‍ ഞാനും തിരിച്ചൊന്നിട്ടതാണ്, പ്ലാന്‍ഡ് ഒന്നുമായിരുന്നില്ല, ഒക്കെ ഉഡായിപ്പായിരുന്നു; ടൊവിനോക്ക് മറുപടി നല്‍കിയതിനെ കുറിച്ച് ബേസില്‍
Entertainment news
അവന്‍ അങ്ങനെ ഒന്നിട്ടപ്പോള്‍ ഞാനും തിരിച്ചൊന്നിട്ടതാണ്, പ്ലാന്‍ഡ് ഒന്നുമായിരുന്നില്ല, ഒക്കെ ഉഡായിപ്പായിരുന്നു; ടൊവിനോക്ക് മറുപടി നല്‍കിയതിനെ കുറിച്ച് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st August 2022, 9:55 pm

മലയാളത്തില്‍ ഏറെ സക്‌സസായ കോംബോയാണ് ബേസില്‍ – ടൊവിനോ കൂട്ടുകെട്ട്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളില്‍ രണ്ടിലെയും നായകന്‍ ടൊവിനോയായിരുന്നു. ഗോദ, മിന്നല്‍ മുരളി എന്നിവയായിരുന്നു ബേസില്‍ – ടൊവിനോ കൂട്ടുകെട്ടിലിറങ്ങി മോളിവുഡില്‍ തരംഗമായ ചിത്രങ്ങള്‍.

ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് മാത്രമല്ല ഇരുവരുടെയും സൗഹൃദവും സോഷ്യല്‍ മീഡിയക്ക് എപ്പോഴും ആഘോഷിക്കാനുള്ള വക നല്‍കിയിരുന്നു. മിന്നല്‍ മുരളി ആന്തം പാടി ഡാന്‍സ് കളിക്കുന്ന ബേസിലിന്റെ വീഡിയോ ടൊവിനോ പങ്കുവെച്ചതടക്കമുള്ള സംഭവങ്ങള്‍ ഇതിന് ഉദാഹരണമാണ്.

ബേസിലന്റെ പുതിയ ചിത്രമായ പാല്‍തൂ ജാന്‍വറിനെ കുറിച്ച് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ടൊവിനോയുടെ പുതിയ ചിത്രം തല്ലുമാലയിലെ പാട്ടിന്റെ വരികളോട് സാദൃശ്യപ്പെടുത്തിയായിരുന്നു താരം ‘എന്തേ പാല്‍തൂ ചിരിക്കാത്തൂ’ എന്ന് കുറിച്ചത്.

ഇതിനെ കുറിച്ചും ടൊവിനോയുടെ പോസ്റ്റിന് മറുപടി നല്‍കിയതിനെയും കുറിച്ച് സംസാരിക്കുകയാണ് ബേസില്‍. ഡൂള്‍ന്യൂസിലെ അമൃത ടി. സുരേഷിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘അവന്‍ അങ്ങനെ ഒരു കമന്റ് ഇട്ടപ്പോള്‍ എന്നാല്‍ പിന്നെ ഇരിക്കട്ടെ എന്ന് ഞാനും വിചാരിച്ചു. പ്ലാന്‍ഡ് ഒന്നുമായിരുന്നില്ല. കമന്റ് കണ്ടപ്പോള്‍ നിനക്കും ഇരിക്കട്ടെ എന്ന് കരുതി തുപാത്തു പാട്ടിന്റെ പാറ്റേണില്‍ തന്നെ അന്നേരം കൂത്തിയിരുന്ന് ടൈപ്പ് ചെയ്ത് തിരിച്ചുകൊടുത്തതാണ്. അത് അത്ര ഭയങ്കര വരികളൊന്നുമല്ല, ഉഡായിപ്പ് വരിയാണ് അതൊക്കെ,’ ബേസില്‍ പറയുന്നു.

(അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

തല്ലുമാലയാണ് ടൊവിനോ തോമസിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലോകമെമ്പാടുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോക്ക് പുറമെ ലുക്മാന്‍, കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

പാല്‍തൂ ജാന്‍വറാണ് ബേസിലിന്റെ പുതിയ ചിത്രം. ജാന്‍ എ മന്നിന് ശേഷം ബേസില്‍ ലീഡ് റോളിലെത്തുന്ന ചിത്രം കൂടിയാണ് പാല്‍തൂ ജാന്‍വര്‍

നവാഗതനായ സംഗീത് പി. രാജനാണ് പാല്‍തു ജാന്‍വര്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ഓണത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. കലാസംവിധാനം അജയന്‍ ചാലിശ്ശേരി, കോസ്റ്റ്യൂം മഷര്‍ ഹംസ, മെയ്ക്ക് അപ്പ് റോണക്‌സ് സേവ്യര്‍, എഡിറ്റര്‍ ചമന്‍ ചാക്കോ, സൗണ്ട് നിതിന്‍ ലൂക്കോസ്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ സംഗീത് പി. രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

 

Content Highlight: Basil Joseph about Tovino Tomas’ comment