വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് കടന്നുവന്നയാളാണ് ബേസില്‍ ജോസഫ്. 2015ല്‍ റിലീസായ കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്രസംവിധായകനായത്. തുടര്‍ന്ന് ഗോദ എന്ന സ്‌പോര്‍ട്‌സ് കോമഡി ചിത്രം ഒരുക്കിയ ബേസില്‍ മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധേയനായി. സംവിധാനത്തിന് പുറമെ അഭിനയത്തിലും ബേസില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ബേസില്‍ അഭിനയിച്ച എല്ലാ സിനിമകളും ബോക്‌സ് ഓഫീസില്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്.
സംവിധായകന്റെ കുപ്പായം അണിയുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ബേസില്‍ ജോസഫ്. സംവിധായകന്‍ എന്നൊരു ടാഗ് താനും മിസ്സ് ചെയ്യുന്നുണ്ടെന്ന് ബേസില്‍ പറഞ്ഞു. ഇനി ചെയ്യുന്നത് ഉറപ്പായും വലിയൊരു സിനിമ തന്നെയാകുമെന്നും അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടക്കുകയാണെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
തുടക്കകാലത്ത് മമ്മൂട്ടിയെയും ടൊവിനോയെയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ് ചെയ്തിരുന്നു. ആ പ്രൊജക്ടിനെപ്പറ്റിയും ബേസില്‍ സംസാരിച്ചു. ആ പ്രൊജക്ട് ഇനി നടക്കാന്‍ സാധ്യതയില്ലെന്നും അന്ന് മനസില്‍ കണ്ടതുപോലെ ഇനി ആ ചിത്രം എടുക്കാന്‍ കഴിയില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയെ വെച്ചോ മോഹന്‍ലാലിനെ വെച്ചോ സിനിമ ചെയ്യുമ്പോള്‍ അതിന്റെ മുഴുവന്‍ പ്രഷറും തനിക്കാകുമെന്നും ആളുകളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് എല്ലാവരെയും നെഗറ്റീവായി ബാധിക്കുമെന്നും ബേസില്‍ പറഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ തന്റെ ചിന്തയിലില്ലെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ സുനോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇക്കാര്യം പറഞ്ഞത്.
‘സംവിധായകന്‍ എന്ന ടാഗ് ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്. മനഃപൂര്‍വം സംവിധാനത്തില്‍ നിന്ന് വിട്ടുനിന്നതല്ല. അതിനുള്ള സാഹചര്യം ഇതുവരെ കിട്ടിയിട്ടില്ല. ഡയറക്ടറായി ഒരു പ്രൊജക്ടിലേക്ക് അധികം വൈകാതെ കടക്കും അതിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കൊക്കെ നടക്കുകയാണ്. വീണ്ടും ഒരു പടം സംവിധാനം ചെയ്യുമ്പോള്‍ അതൊരു വലിയ സിനിമയാകുമെന്നാണ് ആളുകളുടെ പ്രതീക്ഷ. അതുപോലെ വലിയൊരു പ്രൊജക്ട് തന്നെയാകും.
പിന്നെ മമ്മൂക്കയെയും ടൊവിയെയും വെച്ച് അനൗണ്‍സ് ചെയ്ത പടം. അത് ഇപ്പോള്‍ എന്റെ പൈപ്പ്‌ലൈനിലില്ല. കാരണം, അന്ന് വിചാരിച്ചതു പോലൊരു കഥ ഇപ്പോള്‍ ചെയ്യാന്‍ പറ്റില്ല. അതിപ്പോള്‍ മമ്മൂക്കയെ വെച്ചായാലും ലാലേട്ടനെ വെച്ചായാലും ഒരു പടം ചെയ്യുമ്പോള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. അതിന്റെ എല്ലാ പ്രഷറും എന്റെ മേലെയായിരിക്കും. ആളുകളുടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ശരിയാവില്ല. അതുകൊണ്ട് ഇപ്പോള്‍ ആ പ്രൊജക്ട് മനസിലില്ല,’ ബേസില്‍ പറയുന്നു.
Content Highlight: Basil Joseph about his project with Mammootty