കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു. രണ്ടാമത്തെ ചിത്രമായ ഗോദയും വലിയ വിജയമായതോടെ മലയാളത്തിലെ പ്രോമിസിങ് ഡയറക്ടർമാരുടെ ലിസ്റ്റിൽ പേരുനേടാൻ ബേസിലിന് കഴിഞ്ഞു.
സംവിധാനം ചെയ്ത മൂന്ന് സിനിമകളിലും ചെറിയ കഥാപാത്രങ്ങളായി ബേസിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അഭിനയത്തേക്കാൾ തനിക്കിഷ്ടം സംവിധാനമാണെന്നും അഭിനയമാണ് ഇഷ്ടമെങ്കിൽ മിന്നൽ മുരളിയിൽ ടൊവിനോക്ക് പകരം താൻ അഭിനയിച്ചേനെയെന്നും ബേസിൽ പറഞ്ഞു. കുഞ്ഞിരാമായണം എന്ന ചിത്രത്തിൽ തന്റെ റോളിലേക്ക് അഭിനയിക്കാൻ മറ്റൊരാൾ വന്നിരിന്നുവെന്നും ബേസിൽ പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ബേസിൽ.
‘അഭിനയത്തെക്കാൾ എനിക്കിഷ്ടം സംവിധാനം തന്നെയാണ്. അങ്ങനെയായിരുന്നുവെങ്കിൽ എന്റെ പടത്തിലൊക്കെ ഞാൻ നായകനായി അഭിനയിക്കില്ലേ, എന്തിനാണ് ടൊവിനോയെ ഒക്കെ വിളിക്കുന്നത്.
ഗോദയിൽ ഒരു ഫുട്ബോളുമായി ഓടി പോകുന്നതൊന്നും ഒരു വേഷമല്ലല്ലോ. അതുപോലെ മിന്നൽ മുരളിയിൽ കവലയിൽ പ്രസംഗം പറയുന്ന ഒരു സീൻ. അതൊക്കെ ഒരു സീനാണോ.
കുഞ്ഞിരാമായണത്തിലെ ആ സീൻ ചെയ്യാൻ ഒരാൾ വന്നിരുന്നു. പക്ഷെ ആ പ്രസംഗത്തിൽ ഒരുപാട് വാക്കുകളുണ്ട്. അതിങ്ങനെ നിന്ന് പറയണം. പക്ഷേ ആ ചേട്ടന് പെട്ടെന്ന് അതങ്ങനെ പറയാൻ പറ്റിയില്ല. എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാം, ഞാൻ തന്നെ അഭിനയിക്കാം എന്നുകരുതിയാണ് ആ വേഷം ഞാൻ ചെയ്തത്.