ഓസീസിന്റെ രണ്ട് താരങ്ങളും നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു; ആ മോശം റെക്കോഡ് ഇനി ഇവന്
icc world cup
ഓസീസിന്റെ രണ്ട് താരങ്ങളും നാണക്കേടില്‍ നിന്നും രക്ഷപ്പെട്ടു; ആ മോശം റെക്കോഡ് ഇനി ഇവന്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th October 2023, 9:56 pm

ലോകകപ്പില്‍ 24ാം മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഓസ്ട്രേലിയ 309 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡസ് വെറും 21 ഓവറില്‍ 90 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഡച്ച് ആര്‍മിക്ക് വേണ്ടി വിക്രംജീത് സിങ് മാത്രമാണ് 25 പന്തില്‍ 25 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

ഓസീസിന്റെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് 15 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത് കാര്യമായി ഒന്നും ചെയ്യാതെ പുറത്തായി. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ 93 പന്തില്‍ 104 റണ്‍സും പുറകെ വന്ന ഗ്ലെന്‍ മാക്സ്വെല്‍ 44 പന്തില്‍ 106 റണ്‍സും എടുത്ത് അഴിഞ്ഞാടുകയായിരുന്നു.

 

മൂന്ന് സിക്സറുകളും 11 ബൗണ്ടറികളുമടക്കമാണ് വാര്‍ണര്‍ സെഞ്ച്വറിയടിച്ചതെങ്കില്‍ മാക്സി എട്ട് സിക്സറുകളും ഒമ്പത് ബൗണ്ടറികളും അടിച്ചാണ് സെഞ്ച്വറിയിലെത്തിയത്. ഓസീസിന് വേണ്ടി സ്റ്റീവ് സ്മിത് 68 പന്തില്‍ 71 റണ്‍സും മാര്‍നസ് ലബുഷാന്‍ 47 പന്തില്‍ 62 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി.

ഇപ്പോള്‍ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി മാക്സി സ്വന്തമാക്കിയപ്പോള്‍ വാര്‍ണര്‍ ഏകദിന ലോകകപ്പില്‍ ഓസീസിനു വേണ്ടി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമാകുകയാണ്. എന്നാല്‍ മറ്റൊരു നാണം കെട്ട റെക്കോര്‍ഡും മത്സരത്തില്‍ പിറന്നു.

ഒ.ഡി.ഐയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി മാറുകയാണ് നെതര്‍ലെന്‍ഡ്സ് ഫാസ്റ്റ് ബൗളര്‍ ബാസ് ഡി ലീഡ്. 10 ഓവറില്‍ 115 റണ്‍സ് വഴങ്ങി വെറും രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഓസീസ് താരങ്ങളായ മൈക് ലൂയിസ്, ആദം സാംപ എന്നിവരെ മറികടന്നാണ് ലീഡ് മോശം റെക്കോഡിലെത്തിയത്. ഇരുവരും 10 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 113 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

2006ലാണ് ലൂയീസ് ഈ മോശം റെക്കോഡിലെത്തിയത്. സൗത്ത് ആഫ്രിക്കയായിരുന്നു അന്ന് ഓസീസിന്റെ എതിരാളികള്‍. 2023ലും ആദം സാംപയെയും പ്രോട്ടീസ് തന്നെയാണ് തല്ലിയൊതുക്കിയത്.

അതേസമയം, സൗത്ത് ആഫ്രിക്കെതിരെ നെതര്‍ലന്‍ഡസ് നേടിയ വമ്പന്‍ വിജയത്തില്‍ ലീഡ് എട്ട് ഒവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഓസിസുമായി ഏറ്റുമുട്ടിയപ്പോള്‍ തലങ്ങും വിലങ്ങും ലീഡ് അടിവാങ്ങിക്കൂട്ടുകയായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാനമുള്ള നെതര്‍ലാന്‍ഡ്സിന്റെ അടുത്ത മത്സരം ഒക്ടോബര്‍ 28 ബംഗ്ലാദേശിനോടാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ഡച്ച് ആര്‍മിക്ക് നേടാന്‍ സാധിച്ചത്.

 

Content highlight: Bas de Leede concedes the most runs in ODIs