Entertainment
ഹോളിവുഡ് സ്റ്റൈലില്‍ ചിത്രീകരണം, ബറോസിന്റെ ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് തുറന്നു പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 10, 08:02 am
Thursday, 10th June 2021, 1:32 pm

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഷൂട്ടിംഗ് വിശേഷങ്ങളെക്കുറിച്ചും നിര്‍മ്മാണച്ചെലവിനെക്കുറിച്ചും തുറന്നു പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍.

ആധുനിക സാങ്കേതിക ഉപകരണങ്ങളും ലൈറ്റുകളും ഒക്കെയായി ഒരു ഹോളിവുഡ് നിലവാരത്തിലുള്ള സിനിമയായിട്ടാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നതെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവിനെക്കുറിച്ചും വെള്ളിത്തിരക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ഇരുപതു ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മാണച്ചെലവ്.

മാര്‍ച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ധാരാളം പ്രീ പ്ലാന്റ് ഒരുക്കങ്ങള്‍ ആവശ്യമായിരുന്നുവെന്നും പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ആന്റണി പറയുന്നു.

ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും ലാല്‍ സാറിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം മോഹന്‍ലാലിന്റെ മനസില്‍ മൊട്ടിട്ടിട്ട് കുറച്ചു നാളുകളായെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് സിനിമയെക്കുറിച്ച് കുറച്ചുകൂടി ഗൗരവമായി അദ്ദേഹം കണ്ടതെന്നും ആന്റണി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Baroz shooting expence for one day