Entertainment news
ബറോസിന്റെ ഫസ്റ്റ് ഷോട്ട്, ആഹ്ലാദത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു 'കട്ട് ഇറ്റ്'; ചിത്രത്തിന്റെ അണിയറക്കാര്യങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 May 29, 09:55 am
Saturday, 29th May 2021, 3:25 pm

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ചിത്രീകരണ വിശേഷങ്ങളും അഭിനേതാക്കളുടെ വിശേഷങ്ങളുമെല്ലാം നേരത്തേ തന്നെ പുറത്തു വന്നിരുന്നു.

ത്രിമാന ചിത്രമായ ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത് കൊച്ചിയില്‍ നിന്നാണ്. ചിത്രത്തിന്റെ ആദ്യ ഷോട്ട് എടുത്തു കഴിഞ്ഞപ്പോളുള്ള മോഹന്‍ലാലിന്റെ പ്രതികരണത്തെക്കുറിച്ചാണ് ഫ്‌ളാസ് മൂവീസ് എന്ന മാഗസിനില്‍ ലേഖകന്‍ എസ്. അനില്‍കുമാര്‍ പറയുന്നത്.

സ്‌കൂള്‍ യൂണിഫോമിട്ട നൂറ് കണക്കിന് കുട്ടികളാണ് ബറോസിന്റെ ആദ്യ ഷോട്ടില്‍ അഭിനയിച്ചത്. പൂജ കഴിഞ്ഞ് നാളികേരമുടച്ച് പ്രാര്‍ത്ഥിച്ച് മോഹന്‍ലാല്‍ ക്യാമറാമാന്‍ സന്തോഷ് ശിവനും തിരക്കഥാകൃത്ത് ജിജോയ്ക്കും കൈകൊടുത്തു.

മോഹന്‍ലാല്‍ സംവിധായകനായി മാറുന്ന കാഴ്ച കാണാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എത്തിയിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ സ്റ്റോറി ബോര്‍ഡിനനുസരിച്ച് തന്നെ സന്തോഷ് ശിവന്‍ ഫ്രെയിം സെറ്റ് ചെയ്തു. മോഹന്‍ലാല്‍ മോണിറ്ററില്‍ ഫ്രെയിം നോക്കി. സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ മൈക്കിലൂടെ പറഞ്ഞു.

ആദ്യ ഷോട്ട് മനസ്സില്‍ കണ്ടപോലെ തന്നെ ചിത്രീകരിക്കാനായതിന്റെ ആഹ്ലാദത്തില്‍ മോഹല്‍ലാല്‍ മൈക്കിലൂടെ പറഞ്ഞു. കട്ട് ഇറ്റ്, കുറിപ്പില്‍ പറയുന്നു.

ആദ്യ ഷോട്ട് അവസാനിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നുവെന്നും അതിന്റെ സന്തോഷം മോഹന്‍ലാലിന്റെ മുഖത്തും കാണാമായിരുന്നുവെന്നും ലേഖകന്‍ പറയുന്നു.

ബറോസിന്റെ വിശേഷങ്ങളില്‍ ചിലത് മോഹന്‍ലാലും കുറിപ്പില്‍ പങ്കുവെച്ചിരുന്നു.
ഒരു കാര്യവും ഒരുപാടൊന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നയാളല്ല താനെന്നും സംവിധായകനാകാനുള്ള തീരുമാനവും അങ്ങനെ ഒരുപാട് ആലോചിച്ച് ഒരുപാട് കാലംകൊണ്ട് എടുത്ത തീരുമാനമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അറിയാത്ത, മുന്‍പരിചയമില്ലാത്ത വേഷങ്ങള്‍ കെട്ടേണ്ടി വരുന്നതും ജോലികള്‍ ചെയ്യേണ്ടി വരുന്നതും തന്നെ സംബന്ധിച്ചിടത്തോളം വിസ്മയം പോലെ വീണ് കിട്ടുന്ന ഒരു ഭാഗ്യമാണെന്നും സംവിധായകനാകുന്നതും അത്തരമൊന്നാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Baroz Mohanlal inhouse shooting and first shot