യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചരിത്ര നേട്ടവുമായി ബാഴ്‌സലോണ. ഒരു സീസണിലെ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ മൂന്ന് ഗോളിന്റെ വ്യത്യാസത്തില്‍ വിജയിക്കുന്ന ടീമായാണ് ബാഴ്‌സ ചരിത്രമെഴുതിയത്. റയല്‍ മാഡ്രിഡിന് ചരിത്രത്തിലിതുവരെ നേടാന്‍ സാധിക്കാത്ത നേട്ടമാണ് ബ്രസ്റ്റിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയതിന് പിന്നാലെ ബാഴ്‌സ സ്വന്തമാക്കിയത്.
സീസണിലെ ആദ്യ മത്സരത്തില്‍ മൊണാക്കോയോട് 2-1ന് പരാജയപ്പെട്ടാണ് ബാഴ്‌സ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. തൊട്ടടുത്ത മത്സരത്തില്‍ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ ബാഴ്‌സ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളിനും തകര്‍ത്തുവിട്ടു.
സെര്‍ബിയന്‍ സൂപ്പര്‍ ടീമായ സെര്‍വേന സ്വെസ്‌ദെയോട് രണ്ടിനെതിരെ അഞ്ച് ഗോളിന് വിജയിച്ച ബാഴ്‌സ കഴിഞ്ഞ ദിവസം ബ്രസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.
ബാഴ്‌സലോണയുടെ അവസാന അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍
ബാഴ്‌സലോണ 3 – 0 ബ്രസ്റ്റ്
ബാഴ്‌സലോണ 5 – 2 സെര്‍വേന സ്വെസ്‌ദെ
ബാഴ്‌സലോണ 4 – 1 ബയേണ്‍ മ്യൂണിക്
ബാഴ്‌സലോണ 5 – 0 യങ് ബോയ്‌സ്
ബാഴ്‌സലോണ 1 – 2 മൊണാക്കോ
തങ്ങളുടെ ചരിത്രത്തില്‍ ബാഴ്‌സ ഇതാദ്യമായാണ് ഈ നേട്ടം കുറിക്കുന്നത്. 1959-60 സീസണില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ 3+ ഗോളിന്റെ മാര്‍ജിനില്‍ വിജയിച്ചതാണ് ബാഴ്‌സയുടെ ഏറ്റവും മികച്ച സ്ട്രീക്ക്.
എന്നാല്‍ ഒരു സീസണിലെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ 3+ ഗോള്‍ എന്ന നേട്ടം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. ഒന്നല്ല രണ്ട് തവണ. 1964-65, 1990-91 സീസണിലായിരുന്നു റയല്‍ ഈ നേട്ടം കൈവരിച്ചത്. എന്നാല്‍ ഒരിക്കല്‍പ്പോലും തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ഈ നേട്ടത്തിലെത്താന്‍ ലോസ് ബ്ലാങ്കോസിന് സാധിച്ചിട്ടില്ല.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളിന്റെയും ഡാനി ഓല്‍മോയുടെ ഗോളിന്റെയും കരുത്തിലാണ് കറ്റാലന്‍മാര്‍ ഫ്രഞ്ച് വമ്പന്‍മാരെ മുട്ടുകുത്തിച്ചത്.
മത്സരത്തിന്റെ പത്താം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെയാണ് ബാഴ്‌സ സ്‌കോറിങ്ങിന് തുടക്കമിട്ടത്. 66ാം മിനിട്ടില്‍ ഓല്‍മോയിലൂടെ ലീഡ് ഇരട്ടിയാക്കിയ കറ്റാലന്‍മാര്‍ക്കായി ആഡ് ഓണ്‍ ടൈമില്‍ പോളിഷ് ഗോളടിയന്ത്രം വീണ്ടും വലകുലുക്കി.
💯 LEGENDARY LEWANDOWSKI: CENTURY OF CHAMPIONS LEAGUE GOALS ACHIEVED
Polish superstar joins Messi and Ronaldo in the elite 100-goal club.
ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ നൂറ് ഗോള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത് താരമെന്ന നേട്ടവും ലെവ സ്വന്തമാക്കി. ഇതിന് മുമ്പ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
ബ്രസ്റ്റിനെതിരായ വിജയത്തിന് പിന്നാലെ അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ബാഴ്‌സ. 12 പോയിന്റാണ് നിലവില്‍ ബാഴ്‌സക്കുള്ളത്.
കളിച്ച എല്ലാ മത്സരവും വിജയിച്ച ലിവര്‍പൂള്‍ 15 പോയിന്റുമായി ഒന്നാമത് തുടരുമ്പോള്‍ നാല് ജയവും ഒരു സമനിലുമായി ഇന്റര്‍ മിലാനാണ് രണ്ടാമത്.
ഡിസംബര്‍ 12നാണ് ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സയുടെ അടുത്ത മത്സരം. സിഗ്നല്‍ ഇഡ്യൂന പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍.
Content highlight: Barcelona set the record of winning four straight European Cup matches by 3+ goals in a single season